
ന്യൂഡൽഹി: വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഇമെയിൽ സന്ദേശമയച്ച 13കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 18ന് ദുബൈയിലേക്കുള്ള വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് കുട്ടി ഭീഷണിപ്പെടുത്തിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിൽ ഇമെയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഉത്തരാഖണ്ഡിലെ പിത്തോരമഢിൽ നിന്നാണ് ഇമെയിൽ അയച്ചതെന്ന് കണ്ടെത്തി. തുടർന്നാണ് 13കാരനിലേക്ക് അന്വേഷണമെത്തിയത്. മറ്റൊരു കുട്ടിയുടെ വ്യാജ ഭീഷണിയുടെ സോഷ്യൽ മീഡിയ റിപ്പോർട്ടുകളിൽ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി പോലീസിനോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂൾ ആവശ്യത്തിനായി നൽകിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ഇമെയിൽ അയക്കുകയും തുടർന്ന് പിന്നീട് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ ഭയമുണ്ടെന്ന് കുട്ടി പറഞ്ഞു. ഇമെയിലുമായി ബന്ധിപ്പിച്ച ഫോൺ പോലീസ് പിടിച്ചെടുത്തു. കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ കസ്റ്റഡിയിൽ വിട്ടു.
ഈ മാസം ആദ്യം ഡൽഹിയിൽ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് പോവുകയായിരുന്ന എയർ കാനഡ വിമാനത്തിന് ഇമെയിൽ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. പിന്നീട്, ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് 13 വയസ്സുള്ള ആൺകുട്ടിയാണ് മെയിൽ അയച്ചതെന്ന് പോലീസ് കണ്ടെത്തി.