
സ്വന്തം ലേഖകൻ
തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഏറെ ആരാധകരുണ്ട് നയൻതാരയ്ക്ക്. അഭിനയത്തിന് പുറമേ ബിസിനസ് രംഗത്തേക്കും അടുത്തിടെ ചുവടുവച്ചിരുന്നു നയൻ. ഏതൊരു സ്ത്രീക്കും പ്രചോദനമാകും വിധമാണ് ഇന്ന് താരത്തിന്റെ ജീവിതം. നയൻതാരയെക്കുറിച്ച് നടൻ ദുൽഖർ സൽമാൻ മുൻപ് പറഞ്ഞ വിഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. 2018 ൽ ഒരു അവാർഡ് ചടങ്ങിൽ വച്ചായിരുന്നു നയൻതാരയോടുള്ള തന്റെ ആരാധന ദുൽഖർ തുറന്നു പറഞ്ഞത്.
‘ഐ ലവ് യു നയൻതാര. നിങ്ങളുടെ സിനിമകൾ എനിക്കെപ്പോഴും ഇഷ്ടമാണ്. ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. എല്ലാവരുടേയും പ്രിയപ്പെട്ട നായികയാണ് നയൻതാര, എന്റെയും. കാലം നിങ്ങളുടെ മുന്നേ സഞ്ചരിക്കുകയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഓരോ തവണയും നിങ്ങൾക്ക് പ്രായം കുറഞ്ഞു വരുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്’ – ദുൽഖർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുൽഖറിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന നയൻതാരയേയും വിഡിയോയിൽ കാണാം. അതേസമയം മമ്മൂട്ടിയ്ക്കൊപ്പം നിരവധി സിനിമകളിൽ നയൻതാര നായികയായെത്തിയിട്ടുണ്ട്. രാപ്പകൽ, തസ്കരവീരൻ, ഭാസ്കർ ദ് റാസ്കൽ, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായി നയൻതാര എത്തിയിരുന്നു. ജവാനും അന്നപൂർണിയുമാണ് നയൻതാരയുടേതായി ഒടുവിൽ തിയറ്ററിലെത്തിയ ചിത്രങ്ങൾ. ടെസ്റ്റ് ആണ് നയൻതാരയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.