
കോഴിക്കോട്: കളഞ്ഞു കിട്ടിയ പേഴ്സിൽ നിന്ന് ‘പിഴത്തുകയും’ തപാൽചാർജും ഈടാക്കിയ ശേഷം വിലപ്പെട്ട രേഖകളും ബാക്കി പണവും ഉടമസ്ഥന് അയച്ചുകൊടുത്ത് അജ്ഞാതൻ. കോഴിക്കോട് കീഴരിയൂരിലാണ് സംഭവം. ഒന്നര ആഴ്ച മുമ്പാണ് കീഴരിയൂർ മണ്ണാടിമേൽ സ്വദേശിയായ വിപിൻ രാജിൻ്റെ പേഴ്സ് കളഞ്ഞു പോയത്.
ഓട്ടോ ഡ്രൈവറായ വിപിൻ, മേപ്പയൂർ ഭാഗത്ത് ഓട്ടോയുമായി പോയപ്പോഴാണ് പോക്കറ്റിൽ നിന്നും പേഴ്സ് എവിടെയോ വീണുപോയത്. 530 രൂപയും ആധാർ കാർഡും എടിഎം കാർഡും ഉൾപ്പെടെയുള്ള രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു. ഇതൊന്നും ഇനി തിരിച്ചു കിട്ടില്ലെന്ന് കരുതി ഇരിക്കുന്നതിനിടെയാണ് രണ്ടുദിവസം മുൻപ് ഒരു തപാൽ വന്നത്. ഒരു കവറിൽ പേഴ്സിൽ ഉണ്ടായിരുന്ന സാധനങ്ങളും ഒപ്പം ഒരു കത്തുമാണ് കിട്ടിയത്.
*കത്തിൽ എഴിതിയത് ഇങ്ങനെ,*

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മൊത്തം തുക 530. 500 രൂപ പേഴ്സ് കളഞ്ഞതിനുള്ള ഫൈനായി ഈടാക്കുന്നു. 20 രൂപ തപാൽചാർജ് ആയി. ബാക്കി 10 രൂപ ഇതിനോടൊപ്പം വെച്ചിട്ടുണ്ട്. ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാലും സീറ്റ് ബെൽറ്റ് ഇടാതെ കാർ ഓടിച്ചാലും ഫൈൻ ഈടാക്കും. അവനവൻ്റെ സാധനം സൂക്ഷിക്കാത്തതിനാണ് ഈ ഫൈൻ ഈടാക്കുന്നത്. ഇത് ഒരു പാഠം ആക്കണം. ഇത് ചെയ്തില്ലെങ്കിൽ താങ്കൾ ഇനിയും സൂക്ഷിക്കില്ല’.
അതേസമയം, ഇങ്ങനെയൊരു കത്ത് കിട്ടിയതിൻ്റെ കൗതുകത്തിലും എടിഎം കാർഡ് ഉൾപ്പടെയുള്ള രേഖകൾ തിരിച്ചു കിട്ടിയതിൻ്റെ സന്തോഷത്തിലുമാണ് വിപിൻ.