
തിരുവനന്തപുരം: രണ്ടു വർഷത്തിലേറെയായി ആദിവാസി-ദളിത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ഗ്രാൻ്റുകൾ (ഇ-ഗ്രാൻ്റ്) നൽകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ 20-ന് തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ ആദിവാസി സംഘടനകൾ. ആദിവാസി ശക്തി സമ്മർ സ്കൂൾ, ആദിവാസി ഗോത്ര മഹാസഭ തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ നിന്നും രാജ്ഭവനിലേക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷാ കർത്താക്കളും ആദിവാസി ദലിത് സംഘടനാ പ്രവർത്തകരും പങ്കെടുക്കും.
വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഗ്രാൻ്റുകൾ രണ്ടു വർഷത്തിലധികമായി മുടങ്ങിയതിനാൽ നിരവധി വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ആദിവാസി സംഘടനകൾ പറയുന്നത്. കോഴ്സുകൾ കഴിഞ്ഞിട്ടും സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ട്യൂഷൻ ഫീസും മറ്റ് ഫീസുകളും ലഭിക്കാത്തതിനാൽ കോളജ് അധികൃതർ വിദ്യാർത്ഥികൾക്ക് ടിസി നൽകുന്നില്ല. പഠനകാലയളവിൽ കൃത്യസമയത്തു ഫീസ് നൽകാത്തതിനാൽ പരീക്ഷാ ഫീസുകൾ വിദ്യാർത്ഥി സ്വന്തം കൈയിൽ നിന്നും കൊടുക്കേണ്ടിവരുന്നു. ഹാൾ ടിക്കറ്റുകളും റിസൾട്ടും തടഞ്ഞു വെക്കുന്നതും സാധാരണമാണ്.
പഠനകാലത്ത് ഉപജീവനത്തിന് ലഭിക്കേണ്ട ഹോസ്റ്റൽ അലവൻസുകൾ ലഭിക്കാത്തതിനാൽ പഠനം ഉപേക്ഷിക്കേണ്ടി വരുന്നവർ നിരവധിയാണ്. സർക്കാർ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിമാസം 3500 രൂപ, സ്വകാര്യഹോസ്റ്റലിൽ താമസിക്കുകയാണെങ്കിൽ പട്ടിക വർഗ്ഗക്കാർക്ക് 3000 രൂപയും പട്ടികജാതി വിദ്യാർത്ഥികൾക്ക് 1500 രൂപയും മാത്രമാണ് സർക്കാർ വാഗ്ദാനം. പോക്കറ്റ് മണി പ്രതിമാസം 200 രൂപയും, ലംപ്സം ഗ്രാന്റ്റ് (ഡിഗ്രി/പ്ലസ് ടു കാർക്ക്) 1400 രൂപയുമാണ്. പരിമിതമായ ഈ തുകയും നൽകുന്നില്ല എന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത് എന്നും വിദ്യാർത്ഥികൾ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വിദ്യാർത്ഥി കോളേജിൽ പ്രവേശിച്ചാൽ ഉടൻ ഫ്രീഷിപ്പ് കാർഡ് നൽകും എന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഇത് നൽകാത്തതിനാൽ നിരവധി സ്ഥാപനങ്ങൾ പ്രവേശന സമയത്ത് ഭീമമായ തുക വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയാണ്. വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് വൈകിമാത്രമാണ് ഗ്രാൻ്റുകൾ എത്തുന്നത് എന്നതിനാലാണ് മാനേജ്മെന്റുകൾ കർശന തീരുമാനമെടുക്കുന്നത്.
വിദ്യാഭ്യാസ ഗ്രാൻ്റുകൾ നൽകുന്നതിന് ഒരു ഏകീകൃത പോർട്ടൽ നടപ്പാക്കി 2021 ൽ ഒരു ഗൈഡ്ലൈൻ കൊണ്ടുവന്നിരുന്നു. എന്നാൽ വാർഷിക വരുമാനം 2.5 ലക്ഷം കൂടിയാൽ ഗ്രാൻ്റുകൾ നൽകേണ്ടെന്നും, വർഷത്തിൽ 3 തവണ (ആഗസ്റ്റ്, ഡിസംബർ, മാർച്ച്) യായി ഗ്രാൻ്റുകൾ നൽകിയാൽ മതിയെന്ന് ഗൈഡ്ലൈനിൽ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗവകുപ്പാകട്ടെ ഇതിനെ മറികടന്ന് വർഷത്തിൽ ഒരു തവണമാത്രം നൽകിയാൽ മതി എന്ന് ഉത്തരവിറക്കുകയും ചെയ്തു. സംസ്ഥാനം നൽകേണ്ട വിഹിതം കൃത്യസമയത്ത് നൽകാതിരിക്കുകയും വർഷത്തിൽ ഒരു തവണ നൽകുമെന്ന വാഗ്ദാനം പോലും പാലിക്കാത്ത സാഹചര്യത്തിലാണ് ഭീമമായ തുക കുടിശ്ശികയായി മാറിയത്. ബഡ്ജറ്റിൽ കൃത്യമായി തുക വകയിരുത്താറുണ്ടെങ്കിലും ചെലവഴിക്കുന്നില്ല ആദിവാസി സംഘടനകൾ പറയുന്നു.
പ്രധാനമായും അഞ്ചു ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വെക്കുന്നത്. ഈ ഗ്രാൻഡ് വരുമാനപരിധി രണ്ടര ലക്ഷം എന്നത് എടുത്തു കളയുക, വിദ്യാർത്ഥിക്ക് ലഭിക്കേണ്ട എല്ലാ ഗ്രാൻഡുകളും പ്രതിമാസം നൽകുക, ഇ ഗ്രാൻഡ് കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുക, ഹോസ്റ്റൽ അലവൻസുകൾ അനുയോജ്യമായ നിലയിൽ വർദ്ധിപ്പിക്കുക,വർഷത്തിൽ ഒറ്റ തവണയായി വിദ്യാഭ്യാസ അലവൻസുകൾ കൊടുത്താൽ മതിയെന്ന കേരള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.