
കോഴിക്കോട്: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും പ്ലസ്‌വണില്‍ മൂന്നാം അലോട്മെന്റിലും സീറ്റ് ലഭിക്കാതെ വിദ്യാർത്ഥിനി.
സങ്കടാവസ്ഥ കത്തിലൂടെ വിദ്യാഭ്യാസ മന്ത്രിയെ കോഴിക്കോടുകാരിയായ വിദ്യാർത്ഥിനി അറിയിച്ചു. വടകരയില്‍ തിരുവള്ളൂർ സ്വദേശിനിയായ റയാ സമീറാണ് പ്ലസ് വണ്‍ പ്രവേശനം കിട്ടാത്ത മറ്റ് വിദ്യാർഥികളുടെ കൂടി ശബ്ദമായത്.
പ്ലസ് വണില്‍ സയൻസ് എടുത്ത് പഠിച്ചു എം.ബി.ബി.എസിന് ചേരണമെന്ന ആഗ്രഹത്തോടെയാണ് റയ കഷ്ടപ്പെട്ട് പഠിച്ച് എല്ലാ വിഷയത്തിലും എപ്ലസ് വാങ്ങിയത്. മാർക്കുള്ളതുകൊണ്ട് തന്നെ ഇഷ്ട്ടപ്പെട്ട സ്കൂളില്‍ സീറ്റ് കിട്ടുമെന്നായിരുന്നു പ്രതീക്ഷ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫസ്റ്റ് അലോട്ട്മെന്‍റിലും സെക്കന്‍റ് അലോട്ട്മെന്‍റിലും കിട്ടാതെ വന്നപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. എന്നാല്‍ മൂന്നാം അലോട്ട്മെന്റിലും കൊടുത്ത 13 സ്‌കൂളിലും കിട്ടിയില്ല.
എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ്, ഉള്ളിലെ സങ്കടവും നിരാശയും കത്തില്‍ പകർത്തി വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചത്. ഷാഫി പറമ്പില്‍ എംപിക്കും കെ. കെ.രമ എംഎല്‍എയ്ക്കും ഇ.മെയില്‍ അയച്ചിട്ടുണ്ട്. തന്നെപോലെ സീറ്റ് കിട്ടാത്ത മറ്റു കുട്ടികള്‍ക്ക് വേണ്ടി കൂടിയാണ് താൻ ശബ്ദമുയർത്തുന്നതെന്നാണ് റയ പറയുന്നത്.
അവസാന പ്രതീക്ഷയും കൈവിട്ടതോടെ വീട്ടുകാരും ആശങ്കയിലാണ്. എത്രയും വേഗം പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് റയ അടക്കമുള്ള വിദ്യാർഥികളുടെ ആവശ്യം.