
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കമെന്ന് സൂചന. ഹൈക്കോടതി വിധി മറികടന്ന് മൂന്ന് പേരെ വിട്ടയക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷാ ഇളവിന് മുന്നോടിയായി പ്രതികളുടെ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പോലീസിന് കത്ത് കൈമാറിയത്. ഈ കത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി വിധി മറികടന്നാണ് സർക്കാർ നീക്കം. അന്ന് പ്രതികളുടെ അപ്പീൽ നൽകിക്കൊണ്ടായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം പുറത്തുവന്നത്.
അതേസമയം, ഈ മാസം പ്രതികൾക്ക് പരോൾ അനുവദിച്ചിരുന്നു. ലോകസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് ജയിൽ വകുപ്പിന്റെ നടപടി.
കൊടി സുനിയും അനൂപും ഒഴികെയുള്ള പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോൾ അനുവദിച്ചത്.
തെരഞ്ഞെടുപ്പിന് മുമ്പ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്ന് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അന്ന് വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ ഇവരുടെ അപേക്ഷ ജയിൽ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് വെള്ളിയാഴ്ച ഇവർ പുറത്തിറങ്ങിയത്.
സ്വാഭാവിക നടപടി മാത്രമാണെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. പ്രതികൾക്ക് പരോളിന് അർഹതയുണ്ട്. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവർക്ക് അർഹതയുണ്ട്. ഇത് അനുസരിച്ചുള്ള അപേക്ഷയിലാണ് ജയിൽ ഉപദേശക സമിതിയുടെ തീരുമാനമെന്നും അധികൃതർ അറിയിച്ചിരുന്നു.