സ്തനാര്‍ബുദ കാൻസർ നിർണ്ണയ ബ്രാ; അരമണിക്കൂര്‍ ഉപയോഗിച്ചാല്‍ രോഗം തിരിച്ചറിയാം; മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ പരീക്ഷണം വിജയം
സ്വന്തംലേഖകൻ
കോട്ടയം : സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്.എന്നാല്‍ സ്തനാര്‍ബുദരോഗനിര്‍ണയത്തിനായി രൂപകല്പന ചെയ്ത വെയറബിള്‍ സ്ക്രീനിങ് ഉപകരണം (ബ്രാ) ഉടന്‍ വിപണിയിലെത്തും. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്തനാര്‍ബുദരോഗനിര്‍ണയത്തിന് രോഗികളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണം വിജയകരമായി.
117 രോഗികളുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. മൊറോട്ട ബിസിനസ് എന്‍ജിനീയറിങ് ഇന്ത്യ ലിമിറ്റഡ് ഇവ വിപണിയിലെത്തിക്കാന്‍ നടപടി തുടങ്ങി. സിമേറ്റിലെ ശാസ്ത്രജ്ഞയായ ഡോ. എ.സീമയാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്.
രോഗമുള്ളവര്‍ ബ്രാ ധരിച്ചാല്‍ സ്തനത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ തിരിച്ചറിയാന്‍ കഴിയും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ സിമേറ്റ്, സിഡാക്ക്, കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. ഇതുപയോഗിച്ചാല്‍ വേദനയോ ബുദ്ധിമുട്ടോ ഇല്ലെന്ന് ധരിച്ചവര്‍ പറഞ്ഞു.
പൊതുവെ സ്തനാര്‍ബുദരോഗനിര്‍ണയത്തിന് മാമോഗ്രാഫി പരിശോധനയാണ് നടത്തുന്നത്. ബ്രാ വരുന്നതോടെ ഇതുപയോഗിച്ച് സംശയമുള്ളവര്‍ രോഗസ്ഥിരീകരണത്തിന് മാമോഗ്രാഫി പരിശോധന നടത്തിയാല്‍ മതി. രോഗികളോടൊപ്പം 200 വൊളന്റിയര്‍മാരും ഗവേഷണത്തിന് സഹായികളായി.
അരമണിക്കൂര്‍ ബ്രാ ഉപയോഗിച്ചാല്‍ രോഗസാധ്യത തിരിച്ചറിയാം. ബ്രാ വിപണിയിലെത്തിയാല്‍ ഒരാള്‍ക്ക് പരിശോധന നടത്താന്‍ 50 രൂപയില്‍ താഴെയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. സീമ പറഞ്ഞു. വസ്ത്രം കഴുകി വീണ്ടും ഉപയോഗിക്കാം. 2014 മുതല്‍ 2018 വരെയായിരുന്നു ഗവേഷണകാലാവധി. മൂന്നരക്കോടി രൂപയാണ് ചെലവായത്. രോഗം പ്രാരംഭദശയില്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ക്യാന്‍സര്‍ സെല്ലുകളുടെ ടെമ്പറേച്ചര്‍ മനസിലാക്കി സ്തനാര്‍ബുദം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ബ്രാ. സ്ത്രീകള്‍ക്ക് സാധാരണപോലെ ധരിക്കാവുന്ന രീതിയില്‍ തയ്യാറാക്കിരിക്കുന്ന ബ്രായില്‍ സെന്‍സറുകള്‍ കൂടി ഘടിപ്പിച്ചിട്ടുണ്ട്. ഈ സെന്‍സറുകളാണ് സ്തനാര്‍ബുദ പരിശോധനയ്ക്ക് സഹായിക്കുക.
ഒരു മില്ലിമീറ്റര്‍ നീളവും ഒരു മില്ലിമീറ്റര്‍ വീതിയും 1.5 മില്ലിമീറ്റര്‍ ആഴവുമുള്ള രീതിയിലാണ് സെന്‍സറുകള്‍. കോട്ടണ്‍ ബ്രായുടെ രണ്ടു കപ്പിലും ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. സെന്‍സറുമായി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കണം. കമ്പ്യൂട്ടറിലേക്ക് 2D ചിത്രങ്ങളായാണ് റിപ്പോര്‍ട്ട് എത്തുക.
ബ്രാ ധരിച്ച് 15 മിനിറ്റു മുതല്‍ 30 മിനിറ്റു വരെയുള്ള സമയം കൊണ്ട് പരിശോധന പൂര്‍ത്തിയാകും. റേഡിയേഷന് ഇല്ല, സ്വകാര്യത, വേദനയില്ല, പോക്കറ്റിന് ഇണങ്ങുന്നത് എന്നിവയാണ് സെന്‍സര്‍ ഘടിപ്പിച്ച ബ്രായുടെ ഗുണങ്ങള്‍.