പാർട്ടി ഗ്രാമങ്ങളില്‍പ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്ത് ?; ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മണ്ഡല അടിസ്ഥാനത്തില്‍ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങി സിപിഎം; പാർട്ടി വോട്ട് ചോർന്ന മേഖലകളില്‍ പ്രത്യേക പരിശോധന ; പെരുമാറ്റശൈലിയിൽ കൂടുതൽ വിമർശനം നേരിടുന്നത് പ്രധാനമായും മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വൻ തോല്‍വിയില്‍ മണ്ഡല അടിസ്ഥാനത്തില്‍ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം. പാർട്ടിയെ ഞെട്ടിച്ച തോല്‍വിയിലേക്ക് നയിച്ചത് മുഖ്യമന്ത്രിയുടെ ശൈലിയാണെന്ന വിമർശനം ഉയർന്നു തുടങ്ങിയിട്ടുണ്ടെങ്കിലും പാർട്ടി ഫോറങ്ങളില്‍ അത് ഉയരാതിരിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്.

പാർട്ടി വോട്ടുകളിലെ ചോർച്ച തോല്‍വിക്ക് ആക്കം കൂട്ടിയെന്നാണ് ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റില്‍ ചർച്ച. പാർട്ടി വോട്ട് ചോർന്ന മേഖലകളില്‍ പ്രത്യേക പരിശോധന നടത്തും. വൻതോതില്‍ വോട്ട് ചോർന്ന ഇടങ്ങളില്‍ അന്വേഷണ കമ്മീഷൻ വന്നേക്കും. സംസ്ഥന സമിതിക്കുള്ള റിപ്പോർട്ടില്‍ നടപടി ശുപാർശയ്ക്കും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളില്‍പ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. സിപിഎം പിബിയില്‍ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിമർശനം ഉയർന്നു.

കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളില്‍ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തില്‍ പഠിക്കണമെന്നും നിർദേശിച്ചിരുന്നു. അതസമയം തോല്‍വിയുടെ ചൂട് സർക്കാരിലേക്കും മുഖ്യമന്ത്രിയിലേക്കും എത്താതിരിക്കാനുള്ള കരുതല്‍ തുടരവേ മുഖ്യമന്ത്രിയെ ഉന്നമിട്ട ഐസക്കിനെ പോലുള്ള നേതാക്കള്‍ രംഗത്തെത്തിയത് തിരുത്തല്‍ ആഗ്രഹിക്കുന്ന നേതാക്കള്‍ക്ക് ആശ്വാസം പകരന്നതാണ്. ഇതോടെ പാർട്ടിക്കുള്ളിലും ചിലത് ഉരുണ്ടു കൂടുന്നുണ്ട്.

തിരുത്തുമെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയതിനു പിന്നാലെ, തിരുത്തേണ്ടത് ജനങ്ങളെ കേട്ടുകൊണ്ടാകണമെന്ന മുന്നറിയിപ്പ് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പരസ്യമായി പ്രകടിപ്പിച്ചു. ഇത് ജനവികാരം അറിഞ്ഞു കൊണ്ടുള്ള നീക്കമായിരുന്നു. തോല്‍വിയുടെ കാരണംതേടി പാർട്ടി നേതൃയോഗങ്ങള്‍ ചേരുന്നതിനിടെയാണ് ഐസക്കിന്റെ പ്രതികരണം പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ നോക്കി മറുവാക്ക് പറയാൻ കഴിയാത്ത ആള്‍ക്കൂട്ടമായി പാർട്ടി നേതൃഘടകം മാറുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഐസക്കിന്റെ നിലപാട് എന്നതും പ്രധാനമാണ്.

ഇടതുവോട്ടുകള്‍ കൂട്ടത്തോടെ ചോർന്നതിന്റെ അസ്വാരസ്യങ്ങള്‍ ആലപ്പുഴയില്‍ പുകയുന്നുണ്ട്. ഭരണവിരുദ്ധവികാരമില്ലെന്ന നിലപാട് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റിയില്‍ ഉയർത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പനെതിരേ അവിടെ കടുത്ത വിമർശനമാണുണ്ടായത്. എന്തുകൊണ്ട് തോറ്റുവെന്നതിന്, കേന്ദ്രഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹം കോണ്‍ഗ്രസിന് അനുകൂലമായി മാറിയെന്ന മുഖ്യമന്ത്രിയുടെ തിയറി ഭൂരിപക്ഷം നേതാക്കള്‍ക്കും അത്രയ്ക്ക് ദഹിക്കുന്നില്ല. മുഖ്യമന്ത്രിയുടെ സമീപനവും സർക്കാരിന്റെ പ്രവർത്തനവും ഇടതുവിരുദ്ധ വോട്ടായി മാറിയിട്ടുണ്ടെന്നകാര്യം പലരും സമ്മതിക്കുന്നുണ്ട്. പക്ഷേ, അത് പാർട്ടിയോഗത്തില്‍ ഉയരാനിടയില്ലെന്ന കാര്യം അവർതന്നെ സൂചിപ്പിക്കുമ്ബോഴാണ് ഐസക്കിന്റെ പ്രതികരണം. ഇനി സംസ്ഥാന കമ്മിറ്റി ഇതിനെ എങ്ങനെ പരിശോധിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇടതുവോട്ടുകള്‍ ചോർന്നുപോയതിന്, പ്രവർത്തകരുടെ പെരുമാറ്റശൈലി തൃപ്തികരമല്ലാത്തതാണോ, അഴിമതി സംബന്ധിച്ചുള്ള പല ആക്ഷേപങ്ങളും വന്നതിലുള്ള ദേഷ്യമാണോ, സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ, കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെവന്നപ്പോഴുള്ള ദേഷ്യമാണോ എന്നെല്ലാം പരിശോധിക്കണമെന്നാണ് ഐസക് പറഞ്ഞത്. ഇതിലേറെയും മുഖ്യമന്ത്രിക്ക് കൊള്ളുന്നതുമാണ്.

തിരഞ്ഞെടുപ്പിനുമുമ്ബ് ഉയർന്ന അഴിമതി ആരോപണത്തില്‍ പ്രധാനം മാസപ്പടിയാണ്. ഇത് മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേയുള്ളതാണ്. പെരുമാറ്റശൈലിയിലും വിമർശനം നേരിടുന്നതും പ്രധാനമായും മുഖ്യമന്ത്രിയാണ്.