ഡോക്ടർ ദമ്പതിമാരെ പൊതുസ്ഥലത്ത് അപമാനിച്ചു: ആർപ്പൂക്കര സ്വദേശിയ്ക്ക് കോടതിപിരിയും വരെ തടവും പിഴയും
സ്വന്തം ലേഖകൻ
കോട്ടയം: പൊതുസ്ഥലത്ത് ഡോക്ടർ ദമ്പതിമാരെ അപമാനിച്ച കേസിൽ ആർപ്പൂക്കര സ്വദേശിയ്ക്ക് കോടതി പിരിയും വരെ തടവും പിഴയും. ആർപ്പൂക്കര പുലയാപറമ്പിൽ കൃപാ സുബ്രഹ്മണ്യനെ(32)യാണ് കോടതി ശിക്ഷിച്ചത്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് സന്തോഷ് ദാസാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
2012 നായിരുന്നു കേസിനാസ്പദമായ സംഭവം. ഡോക്ടർ ദമ്പതിമാരും, സുഹൃത്തുക്കുളം ബാബു ചാഴിക്കാടൻ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ പ്രതി കൃപാ സുബ്രഹ്മണ്യൻ തടഞ്ഞു നിർത്തി അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. കേസ് അന്വേഷിച്ച പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354 വകുപ്പ് ചുമത്തി കൃപയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വിചാരണ നടത്തിയ കോടതി, 354 -ാം വകുപ്പ് നിലനിൽക്കില്ലെന്നും, ഐപിസി 509 -ാം വകുപ്പ് മാത്രമേ നില നിൽക്കൂ എന്നും കണ്ടെത്തി. സ്ത്രീത്വത്തെ അപമാനിച്ചതിനു ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെങ്കിലും സ്ത്രീകളെ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ ആംഗ്യം കാണിക്കുകയും, അശ്ലീല പരാമർശം നടത്തുകയും ചെയ്യുന്ന വകുപ്പുകൾ ഇതിന്റെ പരിധിയിൽ വരുമെന്നും കോടതി കണ്ടെത്തി. തുടർന്ന് കോടതി പിരിയും വരെ തടവും, 7500 രൂപ പിഴയും അടയ്ക്കാൻ കോടതി ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ പി.അനുപമ ഹാജരായി.