play-sharp-fill
കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി പി.ശ്രീഹരിക്കും പായിപ്പാട് സ്വദേശി ഷിബു വർഗീസിനും വിടചൊല്ലി നാട് ; ഹൃദയം നുറുങ്ങുന്ന വേദനയിൽ ഉറ്റവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും ; അവസാനമായി ഒരുനോക്കു കാണാന്‍ പോലുമാകാതെ അവർ യാത്രയായി

കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി പി.ശ്രീഹരിക്കും പായിപ്പാട് സ്വദേശി ഷിബു വർഗീസിനും വിടചൊല്ലി നാട് ; ഹൃദയം നുറുങ്ങുന്ന വേദനയിൽ ഉറ്റവരെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും ; അവസാനമായി ഒരുനോക്കു കാണാന്‍ പോലുമാകാതെ അവർ യാത്രയായി

സ്വന്തം ലേഖകൻ

കോട്ടയം: കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി പി.ശ്രീഹരിക്കും പായിപ്പാട് സ്വദേശി ഷിബു വർഗീസിനും വിടചൊല്ലി നാട്.

ഇരുവരുടെയും വീട്ടിലും സംസ്‌കാരം നടന്ന പായിപ്പാട്ടെ പള്ളിയിലും കണ്ണീര്‍ വാര്‍ത്തു നില്‍ക്കുന്ന ജനങ്ങളെയാണു കാണാനായത്. ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനാവാത്ത അവസ്ഥ. മൃതദേഹം മോര്‍ച്ചറിയില്‍ നിന്നു എത്തിക്കുന്നതിനു മുന്‍പു തന്നെ ഇത്തിത്താനത്തെ ശ്രീഹരിയുടെ വീട്ടിലും ഷിബുവിന്റെ മൃതദേഹം പൊതു ദര്‍ശനത്തിനു വെച്ച പായിപ്പാട്ടെ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിലും വന്‍ ജനാവലിയാണ് ആദരഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുരുത്തി യൂദാപുരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശ്രീഹരിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴരയോടുകൂടി വീട്ടിലെത്തിച്ചു. സന്തോഷത്തോടെ യാത്ര പറഞ്ഞ് ജോലിക്കായി പോയി ഒരാഴ്ച പിന്നിടും മുൻപേ വിട പറഞ്ഞ മകന്റെ ചേതനയറ്റ ശരീരം വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ഹൃദയം തകര്‍ന്ന കരഞ്ഞ അമ്മയുടെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാന്‍ പോലുമാകാതെ പ്രദീപും തളര്‍ന്നിരുന്നു.

ദീര്‍ഘകാലമായി കുവൈത്തില്‍ ജോലി ചെയ്തിരുന്ന പ്രദീപ് താന്‍ ജോലി ചെയ്യുന്ന കമ്ബനിയില്‍ മകനു കൂടി ജോലി തരപ്പെടുത്തിയപ്പോള്‍ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. കുവൈത്തിലെത്തി ഒരാഴ്ചതികയും മുന്‍പാണു മരണം ശ്രീഹരിയെ കവര്‍ന്നെടുത്തത്.

സഹോദരന്മാര്‍ ശ്രീഹരിക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. രണ്ടു മണിയോടെ വീടിനു പിന്നാമ്ബുറത്ത് ഒരുക്കിയ ചിതയിലേക്ക് അന്ത്യനിദ്രയ്ക്കായ് ശ്രീഹരി മടങ്ങി. നാടിന്റെ നാനാഭാഗത്തു നിന്നും നൂറുകണക്കിനു ജനങ്ങളാണു ശ്രീഹരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇത്തിത്താനത്തേക്കെത്തിയത്.

പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പായിപ്പാട് പാലത്തിങ്കല്‍ ഷിബു വര്‍ഗീസിന്റെ മൃതദേഹം രാവിലെ പത്തുമണിയോടെ പായിപ്പാട്ട് മച്ചിപള്ളി പാലത്തിങ്കല്‍ വീട്ടിലെത്തിച്ചതോടെ കൂട്ട നിലവിളി ഉയര്‍ന്നു. തങ്ങളുടെ പ്രീയപ്പെട്ടവന്റെ മുഖം ഒരുനോക്കു കാണാന്‍ പോലുമാകാതെ മൃതശരീരം അടങ്ങിയ പെട്ടി ചേര്‍ത്തു പിടിച്ചു കരഞ്ഞ ഭാര്യ റോസിയുടെയും മകന്‍ ഐഡന്റെയും സങ്കടം ഹൃദയം തകര്‍ക്കുന്ന കാഴ്ചയായി മാറി.

സഹോദരന്‍ ഷിനു, ഷിജു ബന്ധുമിത്രാദികള്‍ എന്നിവര്‍ക്കു കണ്ണുനീരടക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കത്തിക്കരിഞ്ഞിരുന്നതിനാല്‍ ആരെയും കാണിക്കാന്‍ സാധിക്കുമായിരുന്നില്ല. രാവിലെ 11 മണിയോടെ പാലത്തിങ്കല്‍ വീട്ടില്‍ നിന്നും മൃതദേഹം വിലാപയാത്രയായി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിലേക്കു പൊതുദര്‍ശനത്തിനായി കൊണ്ടുപോയി.

ഇവിടെ പൊതുദര്‍ശനത്തിനുശേഷം രണ്ടു മണിയോടെ അന്ത്യകര്‍മ്മങ്ങള്‍ ആരംഭിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ക്കു തിരുവല്ല മലങ്കര കത്തോലിക്കര രൂപത അധ്യക്ഷന്‍ തോമസ് മാര്‍ കൂറിലോസ് കാര്‍മികത്വം വഹിച്ചു. പള്ളി വികാരി ഫാ. വിജിന്‍ കുരിശുംമൂട്ടില്‍ സഹകാര്‍മികത്വം വഹിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ഇരുവര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിച്ചു.