
തൃശ്ശൂർ: ഉറക്കമൊളിച്ച് വർഷങ്ങളോളം പഠിച്ച് നേടിയ കാക്കി കുപ്പായം ഉപേക്ഷിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ. അധികാരം കുറയുകയും ജോലിസമ്മർദം കൂടുകയും ചെയ്തതോടെയാണ് എസ്.ഐ. തസ്തികയില്‍നിന്ന് കൊഴിഞ്ഞുപോക്കിന്റെ എണ്ണം കൂടിയത്.
പി.എസ്.സി. വഴി കിട്ടുന്ന മറ്റെന്തു ജോലിക്കും പോകാമെന്ന തീരുമാനത്തിലാണ് പലരും. ജോലി സമ്മർദ്ദം മൂലം പോലീസിലെത്തന്നെ താഴ്ന്ന തസ്തികകളിലേക്ക് മടങ്ങിപ്പോകുന്നവരും ഉണ്ട്. പരിശീലനത്തിനിടെ എസ്.ഐ. തസ്തിക ഒഴിവാക്കി എക്സൈസ് ഇൻസ്പെക്ടറായി 20 പേരാണ് അടുത്തിടെ പോയത്. പരിശീലനം തുടങ്ങി ആറുമാസത്തിനുശേഷമായിരുന്നു കൊഴിഞ്ഞുപോക്ക്.
മറ്റു വകുപ്പുകളിലെ ക്ലാർക്ക് ഉള്‍പ്പെടെയുള്ളവയിലേക്കും ഇവർ മാറിപോകുന്നുണ്ട്. പോക്സോ കേസ് പോലുള്ളവയില്‍ ഇൻസ്പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥനെങ്കിലും എസ്.ഐയെ അസിസ്റ്റന്റ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായി ചുമതലപ്പെടുത്തും. ഇതോടെ പണി മുഴുവൻ എസ്.ഐ.യുടെ ചുമലിലാകും. രാഷ്ട്രീയമായും മറ്റുമുള്ള സമ്മർദങ്ങളുമുണ്ടാകും. കൂടാതെ പെറ്റികേസിന്റെയും പട്രോളിങ്ങിന്റെയും പിറകെവരെ ഇവർക്ക് പോകേണ്ടിവരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസം 25 പെറ്റി കേസെങ്കിലും കുറഞ്ഞത് വേണം. രാവിലെ എട്ടിനോ ഒമ്പതിനോ തുടങ്ങുന്ന ജോലി രാത്രി ഒമ്പതായാലും തീരാത്ത സ്ഥിതിയാണ്. അതേസമയം, സ്റ്റേഷന്റെ പൂർണ ചുമതല ഇല്ലാത്തതിനാല്‍ ജോലിയുടെ തിളക്കം കുറയുകയും ചെയ്തു. പോലീസിലെ എസ്.ഐ. തസ്തികയ്ക്കു തുല്യമാണ് എക്സൈസ് ഇൻസ്പെക്ടറെന്നതിനാലാണ് ഇവിടേക്ക് നിരവധിപേരെത്തുന്നത്.
ശമ്പളത്തില്‍ വലിയ വ്യത്യാസവുമില്ല. പുതിയ എക്സൈസ് ഇൻസ്പെക്ടർ പരിശീലനത്തിന് 50 പേരെയാണ് തെരഞ്ഞെടുത്തത്. ഇതിലാണ് 20 എസ്.ഐ.മാർ ഉള്‍പ്പെട്ടിട്ടുള്ളത്. മുന്നൂറിലേറെ പേരുള്ള എസ്.ഐ. ബാച്ചില്‍നിന്നാണ് ഇവർ പടിയിറങ്ങിയത്. പഴയ എസ്.ഐ. തസ്തികപോലെ വിപുലമായ അധികാരങ്ങളുള്ളതാണ് എക്സൈസ് ഇൻസ്പെക്ടർ തസ്തിക. റേഞ്ചിന്റെ ചുമതലയിലാണ് നിയമനം. നാല് പോലീസ് സ്റ്റേഷൻ പരിധി ചേർന്നതാണ് ഒരു റേഞ്ച്.
എസ്.ഐ. തസ്തികയില്‍നിന്ന് പോലീസിലെത്തന്നെ താഴ്ന്ന തസ്തികയിലേക്ക് പോകുന്ന പ്രവണതയും വർധിക്കുന്നുണ്ട്. കോഴിക്കോട്ട് ജോലിചെയ്തിരുന്ന എസ്.ഐ. തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനിലെ ഹവില്‍ദാർ തസ്തികയിലേക്ക് സ്വമേധയാ പോയത് ആഴ്ചകള്‍ക്കു മുമ്പാണ്.
സീനിയർ സി.പി.ഒ.ക്ക് തുല്യമായ തസ്തികയാണ് ഹവില്‍ദാർ. സ്ഥാനക്കയറ്റങ്ങള്‍ ത്യജിച്ചാണ് പഴയ ജോലിയിലേക്ക് ജീവനക്കാരൻ തിരിച്ചുപോയത്. തൃശ്ശൂർ ജില്ലയിലെ മറ്റൊരു എസ്.ഐ. വിജിലൻസിലെ സീനിയർ ക്ലാർക്കായ സംഭവവും ഉണ്ടായി. പി.എസ്.സി. പരീക്ഷയില്‍ ക്ലാർക്ക് നിയമനം ലഭിച്ചാലും എസ്.ഐ. തസ്തിക ഒഴിവാക്കിപ്പോകുന്നവർ നിരവധിയാണ്.