
തിരുവനന്തപുരം: തന്റെ സർവീസ് സംബന്ധിച്ച് എഴുതിയ പുസ്തകത്തിൽ പീഡനത്തിന് ഇരയായ പെൺക്കുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുൻ ഡിജിബി സിബി മാത്യൂസിനെതിരെ പോലീസ് കേസെടുത്തു.
മുൻ എസ് പി ജോഷ്വോ നല്‍കിയ പരാതിയിൽ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജോഷ്വോ നല്‍കിയ പരാതി ആദ്യം മണ്ണന്തല പോലീസ് അന്വേഷിച്ച് തള്ളിയിരുന്നു. പിന്നീട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്നാണ് ഹൈക്കോടതി കേസെടുക്കാൻ നിർദ്ദേശം നല്‍കിയത്. സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണം. സിബി മാത്യൂസിന്റെ നിർഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു പരാതിക്കാരനായ കെകെ ജോഷ്വ. പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട് അസാധുവാക്കിക്കൊണ്ടാണ് ഹൈക്കോടതി കേസെടുക്കാൻ നിർദേശിച്ചത്.
കെ കെ ജോഷ്വയുടെ പരാതി വീണ്ടും പരിശോധിച്ച് നടപടിയെടുക്കാനാണ് മണ്ണന്തല പോലീസിന് കോടതി നിർദ്ദേശം നല്‍കിയത്. തുടർന്നാണിപ്പോള്‍ പോലീസ് സിബി മാത്യൂസിനെതിരെ കേസെടുത്തത്. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം നടന്നത്.
അതേസമയം, കേസെടുക്കണമെന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിബി മാത്യൂസ് പറഞ്ഞു. ഒരിക്കല്‍ ഹൈക്കോടതി പരിഗണിച്ച കേസാണിത്. ഇപ്പോള്‍ മറ്റൊരു ബെഞ്ചാണ് കേസെടുക്കണം എന്ന് വിധിച്ചിരിക്കുന്നതെന്നും സിബി മാത്യൂസ് പറഞ്ഞു. ഇതോടെ കേസില്‍ നിയമ പോരാട്ടം തുടരുമെന്ന് ഉറപ്പായി.
പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍നിന്ന് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് എ.ബദറുദീൻ ഐപിസി 228എ പ്രകാരം സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
”അതിജീവിതയുടെ പേര് നേരിട്ടു പറഞ്ഞിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേരും അവർ താമസിക്കുന്ന സ്ഥലവും അതിജീവിത പഠിച്ച സ്‌കൂളിന്റെ പേരുമെല്ലാം വിശദമായി പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 228എ വകുപ്പിന്റെ ലംഘനമാണെന്ന് പ്രാഥമികമായി വെളിപ്പെടുന്നു”കോടതി ചൂണ്ടിക്കാട്ടി.
സിബി മാത്യൂസിന്റെ പുസ്തകത്തിലെ വിവരങ്ങള്‍ വച്ച് അതിജീവിതയെ തിരിച്ചറിയാൻ പറ്റുമെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ കേസെടുക്കണമെന്നു സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.