
കോട്ടയം : സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നില്ലെന്ന് പരാതി. കോട്ടയം -കുമരകം- ചേർത്തല റൂട്ടിലോടുന്ന ചില സ്വകാര്യ ബസ് ജീവനക്കാരാണ് വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കാത്തത്.
ഇതോടെ ഈ റൂട്ടിലുള്ള വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ പെടാപ്പാട് പെടുന്നത്.
രാവിലെ സ്കൂൾ യൂണിഫോമിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും ചില ബസ് ജീവനക്കാരുടെ ധിക്കാരപരമായ പെരുമാറ്റം മൂലം മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കാതെയും വരുന്ന അവസ്ഥയാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തിന്റെ പടിഞ്ഞാറ് മേഖലകളായ അയ്മനം കുമരകം തിരുവാർപ്പ് ആർപ്പുക്കര വെച്ചൂർ പ്രദേശത്തിൽ നിന്നും വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ബസ് ജീവനക്കാരുടെ ഇത്തരത്തിലുള്ള മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത്.
വിദ്യാർത്ഥികളോട് ചെയ്യുന്ന ഇത്തരം ഹീനമായ പ്രവർത്തികളോട് അധികാരികൾ നിസ്സംഗത പാലിക്കുന്നതാണ് ഇത്തരക്കാർക്ക് നിയമലംഘനം നടത്തുന്നതിന് പ്രചോദനം.
വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് എല്ലാ വിഭാഗം കുട്ടികൾക്കും കൺസഷൻ അനുവദിക്കേണ്ടതാണെന്നും, വിദ്യാർത്ഥികളുടെ അവകാശം ലംഘനം നടത്തുന്ന ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതാണെന്നും അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് കരീമഠം പറഞ്ഞു.