play-sharp-fill
സിനിമയിലെ ക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ മലയാള ഭാഷയ്ക്ക് കാഴ്ചവെച്ച സംവിധായകൻ വിൻസെന്റിന്റെ ജന്മദിനമാണിന്ന്:ഛായാഗ്രാഹകനായി രംഗത്തെത്തി സംവിധാന രംഗത്തെ കുലപതിയായിതീർന്ന വലിയ കലാകാരൻ.

സിനിമയിലെ ക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ മലയാള ഭാഷയ്ക്ക് കാഴ്ചവെച്ച സംവിധായകൻ വിൻസെന്റിന്റെ ജന്മദിനമാണിന്ന്:ഛായാഗ്രാഹകനായി രംഗത്തെത്തി സംവിധാന രംഗത്തെ കുലപതിയായിതീർന്ന വലിയ കലാകാരൻ.

 

കോട്ടയം: അഭിനേത്രി , എഴുത്തുകാരി, സംവിധായിക, നിർമ്മാതാവ്, ഗായിക, സംഗീതസംവിധായക, എഡിറ്റർ, സ്റ്റുഡിയോ ഉടമ എന്നീ നിലകളിൽ ദക്ഷിണേന്ത്യയിൽ നിറഞ്ഞുനിന്ന
പി ഭാനുമതിയെ
” അഷ്ടാവധാനി ” എന്നായിരുന്നു തെലുഗുദേശക്കാർ ആദരപൂർവ്വം വിളിച്ചിരുന്നത്.
ദക്ഷിണേന്ത്യയിലെ ആദ്യ
ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെട്ടിരുന്ന
ഇവർ ഒരേ സമയം തെലുഗു ,തമിഴ് ,ഹിന്ദി എന്നീ മൂന്നു ഭാഷകളിൽ സംവിധാനം ചെയ്ത സിനിമയായിരുന്നു
“ചന്ദിരാനി ” .
ഈ ചിത്രത്തിൽ അസിസ്റ്റൻ്റ് ക്യാമറമാനായി പ്രവർത്തിച്ചത് മലയാളിയായ ഒരു ചെറുപ്പക്കാരനായിരുന്നു.
പേര് അലോഷ്യസ് വിൻസെൻറ്.
അതെ, മലയാളികൾ ആദരപൂർവ്വം ഓർക്കുന്ന ക്യാമറാമാനും സംവിധായകനുമായ
എ വിൻസെന്റ് തന്നെ.

ഇരുപതാം വയസ്സിൽ പഴയ മദ്രാസ് നഗരത്തിലെത്തി ഏതാനും തമിഴ്, തെലുഗു ചിത്രങ്ങൾക്ക് ക്യാമറാമാനായി പ്രവർത്തിച്ചതിന് ശേഷമാണ് 1954 -ൽ രാമു കാര്യാട്ടും
പി ഭാസ്കരനും സംവിധാനം ചെയ്ത “നീലക്കുയിലി ” ന്റെ ക്യാമറമാനായി വിൻസെൻറ് മലയാളത്തിലെത്തുന്നത്.


മലയാളത്തിൽ ആദ്യമായി ദേശീയ ബഹുമതി കരസ്ഥമാക്കിയ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതിലൂടെ വിൻസെൻ്റ് മലയാള ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് മുടിയനായ പുത്രൻ, മൂടുപടം ,തച്ചോളി ഒതേനൻ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച ഇദ്ദേഹം 1964-ൽ ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി കെ പരീക്കുട്ടി നിർമ്മിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ “ഭാർഗ്ഗവീനിലയ” ത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ഭാർഗ്ഗവീനിലയത്തിലൂടെ ഛായാഗ്രഹണ കലയുടെ അനന്തസാധ്യതകൾ അദ്ദേഹം കേരളീയർക്ക് കാണിച്ചുകൊടുത്തു.

ചിത്രത്തിൻ്റെ വൻ വിജയത്തിലൂടെ സംവിധാന രംഗത്തെ നിറസാന്നിധ്യമായി മാറുകയായിരുന്നു ഈ പ്രശസ്ത ക്യാമറാമാൻ .

മുറപ്പെണ്ണിലൂടെ
എം ടി വാസുദേവൻ നായർ
എന്ന മഹാപ്രതിഭയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത് വിൻസെൻറ് ആയിരുന്നു.

മലയാള സിനിമയിലെ ക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ മലയാള ഭാഷയ്ക്ക് കാഴ്ചവെച്ച ഈ സംവിധായകൻ്റെ പേരിൽ പുറത്ത് വന്ന ഒട്ടുമിക്ക ചിത്രങ്ങളും വലിയ സാമ്പത്തിക വിജയവും നേടിയെടുക്കുകയുണ്ടായി .

നഗരമേ നന്ദി , മുറപ്പെണ്ണ്, തുലാഭാരം ,അച്ചാണി, അശ്വമേധം , ഗന്ധർവ്വക്ഷേത്രം ,ചെണ്ട ,
നദി , തീർത്ഥയാത്ര, ത്രിവേണി , ശ്രീകൃഷ്ണപ്പരുന്ത്, നഖങ്ങൾ ,ആഭിജാത്യം തുടങ്ങിയ ചിത്രങ്ങളെ മലയാളികൾക്ക് എങ്ങിനെയാണ് മറക്കാൻ കഴിയുക..?

1968-ൽ വിൻസെന്റ് സംവിധാനം ചെയ്ത “തുലാഭാരം ” എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ആദ്യമായി മികച്ച നടിക്കുള്ള “ഉർവ്വശി ” ദേശീയ പുരസ്ക്കാരം ശാരദയ്ക്ക് ലഭിക്കുന്നത്.
ഈ ചിത്രത്തിന് കേരള സംസ്ഥാന പുരസ്ക്കാരവും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരവും ലഭിക്കുകയുണ്ടായി.

1969-ൽ “നദി” എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയതോടുകൂടി മലയാള ചലച്ചിത്രരംഗത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി മാറിയത് ഇന്നലെകളുടെ ചരിത്രം.

മധു നായകനായി അഭിനയിച്ച “ചെണ്ട ” എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് കൂടിയായിരുന്നു വിൻസെൻറ്.

പ്രശസ്ത ക്യാമറാമാൻമാരായ ജയാനൻ വിൻസെൻ്റ് , അജയൻ വിൻസെൻ്റ് എന്നിവർ ഇദ്ദേഹത്തിൻ്റെ മക്കളാണ്.

തലമുറകൾ നെഞ്ചിലേറ്റി ലാളിക്കുന്ന എത്രയോ മനോഹര ഗാനങ്ങളാണ് വിൻസെൻ്റിന്റെ ചിത്രങ്ങളിലൂടെ മലയാളക്കരയ്ക്ക്
സ്വന്തമായത് .

മലയാളത്തിലെ ആദ്യത്തെ ഗസൽ എന്ന് വിശേഷിപ്പിക്കാവുന്ന ഭാർഗ്ഗവീനിലയത്തിലെ “താമസമെന്തേ വരുവാൻ…..” (യേശുദാസ് –
പി ഭാസ്കരൻ – ബാബുരാജ് )എന്ന ഗാനത്തിന്റെ ചിത്രീകരണം ഈ ചിത്രം കണ്ടവരുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോയിട്ടുണ്ടാവില്ല.

“സംഗമം സംഗമം
ത്രിവേണി സംഗമം ….”
(വയലാർ -ദേവരാജൻ – യേശുദാസ്, ചിത്രം ത്രിവേണി )

“സ്വർഗ്ഗപുത്രി നവരാത്രി
(നിഴലാട്ടം -വയലാർ -ദേവരാജൻ യേശുദാസ്.)

“കൃഷ്ണപക്ഷക്കിളി ചിലച്ചു…..”
( നഖങ്ങൾ -വയലാർ – ദേവരാജൻ – യേശുദാസ് , മാധുരി )

“മല്ലികാബാണൻ തൻ്റെ വില്ലെടുത്തു
(അച്ചാണി – പി ഭാസ്കരൻ – ദേവരാജൻ – ജയചന്ദ്രൻ മാധുരി.)

“വൃശ്ചികരാത്രിതൻ
അരമന മുറ്റത്തൊരു
പിച്ചക പൂപ്പന്തലൊരുക്കി…. ”
(പി ഭാസ്കരൻ -എ ടി ഉമ്മർ – യേശുദാസ് ,പി സുശീല – ചിത്രം ആഭിജാത്യം)

“മാരിവില്ലു പന്തലിട്ട ദൂരചക്രവാളം ..”
(ചിത്രം തീർത്ഥയാത്ര – രചന
പി ഭാസ്കരൻ -സംഗീതം എ ടി ഉമ്മർ – ആലാപനം യേശുദാസ്. )

“താളത്തിൽ താളത്തിൽ താരമ്പൻ കൊട്ടുന്ന
മേളത്തിൽ ചിലങ്കകൾ കിലുങ്ങി …..”
(രചന പി ഭാസ്കരൻ -സംഗീതം ദേവരാജൻ -ആലാപനം മാധുരി, ചിത്രം ചെണ്ട)

“ഓമനത്തിങ്കളിന്നോണം പിറക്കുമ്പോൾ…. ”
( ചിത്രം തുലാഭാരം – രചന വയലാർ -സംഗീതം ദേവരാജൻ ആലാപനം യേശുദാസ് ,
പി സുശീല )

“കറുത്ത ചക്രവാള മതിലുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി….”
(രചന വയലാർ –
സംഗീതം ദേവരാജൻ – ആലാപനം പി സുശീല -ചിത്രം അശ്വമേധം)

“സരസ്വതിയാമം കഴിഞ്ഞു
ഉഷസ്സിൻ സഹസ്രദളങ്ങൾ വിരിഞ്ഞു …”
(ചിത്രം അനാവരണം – രചന വയലാർ -സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്. )

“കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും..”
( ചിത്രം നദി -രചന വയലാർ – സംഗീതം ദേവരാജൻ -ആലാപനം യേശുദാസ്. )

“സങ്കൽപ്പമണ്ഡപത്തിൽ
രംഗപൂജാ നൃത്തമാടാൻ …”
(ചിത്രം ധർമ്മയുദ്ധം – രചന
പി ഭാസ്കരൻ – സംഗീതം ദേവരാജൻ – ആലാപനം ജയചന്ദ്രൻ )

“മഞ്ഞണി പൂനിലാവ്
പേരാറിൻ കടവിങ്കൽ …..”
(ചിത്രം നഗരമേ നന്ദി -രചന
പി ഭാസ്കരൻ -സംഗീതം കെ രാഘവൻ – ആലാപനം
എസ് ജാനകി. )

“പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ …”
(ചിത്രം ആൽമരം -രചന പി ഭാസ്കരൻ -സംഗീതം എ ടി ഉമ്മർ ആലാപനം ജയചന്ദ്രൻ ,
എസ് ജാനകി )

“നീലമലപ്പൂങ്കുയിലേ
നീ കൂടെ പോരുന്നോ..”
( ചിത്രം പൊന്നും പൂവും -രചന
പി ഭാസ്കരൻ – സംഗീതം കെ രാഘവൻ – ആലാപനം ജയചന്ദ്രൻ)
തുടങ്ങിയ കാവ്യസുരഭിലമായ ഗാനങ്ങളെല്ലാം വിൻസിന്റെ ചിത്രങ്ങളിലൂടെയാണ് വെള്ളിത്തിരയിൽ പൂത്തുലഞ്ഞത്.
27 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 200ൽ പരം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിക്കുകയും ചെയ്ത വിൻസെന്റിന് 1994 ൽ
ജെ സി ഡാനിയൽ പുരസ്ക്കാരം നൽകി കേരള ഗവൺമെൻറ് ആദരിക്കുകയുണ്ടായി.

1928 ജൂൺ 14ന് കോഴിക്കോട് ജനിച്ച എ വിൻസെൻ്റിന്റെ
ജന്മവാർഷികദിനമാണിന്ന്.
2015 ഫെബ്രുവരി 25ന് സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണു.

ഛായാഗ്രാഹകനായി രംഗത്തെത്തി ,സംവിധാന രംഗത്തെ കുലപതിയായി തീർന്ന ഈ വലിയ കലാകാരൻ്റെ ഓർമ്മകൾക്ക് പ്രണാമം ..