play-sharp-fill
വിവാഹിതരായ മുസ്‌ലിം സ്ത്രീകളെയും ഇസ്‌ലാമിക വിശ്വാസത്തെയും ആക്ഷേപിച്ചു,  ടീസര്‍ ഇങ്ങനെയെങ്കിൽ സിനിമയുടെ അവസ്ഥയെന്താവും,  ‘ഹമാരേ ഭാരാ’ സിനിമയുടെ റിലീസ് സുപ്രിംകോടതി തടഞ്ഞു

വിവാഹിതരായ മുസ്‌ലിം സ്ത്രീകളെയും ഇസ്‌ലാമിക വിശ്വാസത്തെയും ആക്ഷേപിച്ചു, ടീസര്‍ ഇങ്ങനെയെങ്കിൽ സിനിമയുടെ അവസ്ഥയെന്താവും, ‘ഹമാരേ ഭാരാ’ സിനിമയുടെ റിലീസ് സുപ്രിംകോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഹമാരേ ഭാരാ സിനിമയുടെ റിലീസ് സുപ്രിംകോടതി തടഞ്ഞു. സിനിമയ്‌ക്കെതിരായ കേസില്‍ ബോംബെ ഹൈക്കോടതി വിധി പറയുന്നത് വരെയാണ് റിലീസ് തടഞ്ഞിരിക്കുന്നത്. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് കോടതി നടപടി.

വിവാഹിതരായ മുസ്‌ലിം സ്ത്രീകളെയും ഇസ്‌ലാമിക വിശ്വാസത്തെയും ആക്ഷേപിക്കുന്നതാണ് സിനിമയെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. സിനിമയുടെ ടീസര്‍ തങ്ങള്‍ കണ്ടെന്നും സിനിമ ആക്ഷേപകരമാണെന്നും ജസ്റ്റിസുമാരായ വിക്രംനാഥ് സന്ദീപ് മേത്ത എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ചൂണ്ടിക്കാട്ടി.

ടീസര്‍ യുട്യൂബിലുണ്ട്. ടീസര്‍ തന്നെ ഇങ്ങനെയാണെങ്കില്‍ എന്തായിരിക്കും സിനിമയുടെ അവസ്ഥയെന്നും കോടതി ചോദിച്ചു. സിനിമയ്ക്കുള്ള പ്രദര്‍ശനാനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണനയിലുണ്ടെങ്കിലും സിനിമ റിലീസ് ചെയ്യാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഹർജിക്കാരന്‍ അസര്‍ ബാഷ തംബോലി സുപ്രിംകോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിലെ ആക്ഷേപകരമായ ഭാഗങ്ങള്‍ തങ്ങള്‍ ടീസറില്‍ നിന്ന് നീക്കം ചെയ്‌തെന്നായിരുന്നു സിനിമാ നിര്‍മാതാക്കളുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. റിലീസ് സ്റ്റേ ചെയ്താല്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടാകുമെന്നും സിനിമാ നിര്‍മാതാക്കള്‍ വാദിച്ചു.

ടീസര്‍ തന്നെ കുറ്റകരമായതാണെങ്കില്‍, സിനിമയുടെ മൊത്തത്തിലുള്ള കാര്യമെന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ടീസറിലെ രംഗങ്ങള്‍ നിങ്ങള്‍ സ്വമേധയാ നീക്കം ചെയ്തതില്‍നിന്ന് അതില്‍ കുറ്റകരമായ ഭാഗങ്ങളുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.

ഖുര്‍ആനിലെ ഒരു വാക്യം കാരണം വിവാഹിതരായ മുസ്ലിം സ്ത്രീകള്‍ക്ക് സമൂഹത്തില്‍ വ്യക്തിയെന്ന നിലയിലുള്ള അവകാശമോ സ്വാതന്ത്ര്യമോ ഇല്ലെന്ന് സിനിമ ചിത്രീകരിക്കുന്നുവെന്നും ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിക്കുകയും മുസ്ലിം സ്ത്രീകളെയും അവരുടെ വിശ്വാസങ്ങളെയും ആക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ഹർജിയില്‍ പറയുന്നത്.

സിനിമ ജൂണ്‍ ഏഴിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹൈക്കോടതി വിലക്കിയിരുന്നു. മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു പ്രതിനിധി ഉള്‍പ്പെട്ട സമിതി സിനിമ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് കോടതി പിന്നീട് സിനിമയുടെ റിലീസ് അനുവദിക്കുകയായിരുന്നു.