ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം ; സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് വി കെ പാണ്ഡ്യന്‍
സ്വന്തം ലേഖകൻ
ഭുവനേശ്വര്‍: ഒഡിഷയില്‍ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ബിജു ജനതാദളിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് മുൻ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ അടുത്ത അനുയായി വി കെ പാണ്ഡ്യന്‍. ആറുമാസം മുന്‍പാണ് സിവില്‍ സര്‍വീസില്‍നിന്നും രാജിവച്ച് വി കെ പാണ്ഡ്യന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. വി കെ പാണ്ഡ്യനെ പിന്‍ഗാമിയാക്കാനുള്ള നവീന്‍ പട്നായിക്കിന്റെ തീരുമാനമാണ് ബിജെഡിക്ക് വലിയ തിരിച്ചടി നേരിട്ടതിനു പിന്നിലെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് പാണ്ഡ്യന്റെ പ്രഖ്യാപനം.
‘നവീന്‍ പട്‌നായിക്കിനെ സഹായിക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമായിരുന്നു ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത്. ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ ബോധപൂര്‍വ്വം തീരുമാനിക്കുന്നു. ഈ യാത്രയില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. ബിജെഡിയുടെ പരാജയത്തില്‍ എനിക്കെതിരെ നടന്ന പ്രചാരണം പങ്കു വഹിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.’- വി കെ പാണ്ഡ്യന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആറാം തവണയും നവീന്‍ പട്നായിക് മുഖ്യമന്ത്രിയായില്ലെങ്കില്‍ താന്‍ രാഷ്ട്രീയം വിടുമെന്ന് പ്രചാരണ വേളയില്‍ പാണ്ഡ്യന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വി കെ പാണ്ഡ്യനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ നിര്‍ഭാഗ്യകരമെന്നാണ് നവീന്‍ പട്‌നായിക് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയിലാണ് വി കെ പാണ്ഡ്യന്‍ പ്രവര്‍ത്തിച്ചതെന്നും നവീന്‍ പട്‌നായിക് പ്രകീര്‍ത്തിച്ചു.
പാണ്ഡ്യന്‍ തന്റെ പിന്‍ഗാമിയല്ലെന്നും പട്‌നായിക് വ്യക്തമാക്കി. ‘പാണ്ഡ്യനെതിരെ ചില വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് നിര്‍ഭാഗ്യകരമാണ്. അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നു. ഒരു പദവിയും വഹിച്ചിട്ടില്ല. അദ്ദേഹം ഒരു മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. എന്റെ പിന്‍ഗാമിയെക്കുറിച്ച് ചോദിക്കുമ്പോള്‍ അത് പാണ്ഡ്യനല്ലെന്ന് ഞാന്‍ എപ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒഡിഷയിലെ ജനങ്ങള്‍ എന്റെ പിന്‍ഗാമിയെ തീരുമാനിക്കുമെന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു.’- നവീന്‍ പട്‌നായിക് കൂട്ടിച്ചേര്‍ത്തു.
147 അംഗ ഒഡീഷ നിയമസഭയില്‍ ബിജെപിക്ക് 78 സീറ്റാണ് ലഭിച്ചത്. ബിജെഡി 51 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിനു പതിനാലും സിപിഎമ്മിനു ഒരു സീറ്റും ലഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെഡിക്ക് ഒരു സീറ്റും നേടാനായില്ല. 20 സീറ്റ് ബിജെപിയും ഒരു സീറ്റ് കോണ്‍ഗ്രസും നേടി.