കേന്ദ്രമന്ത്രിയാകുന്ന വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത് ; അംഗീകാരത്തില്‍ സന്തോഷം ; ജോർജ് കുര്യന് കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതിൽ പ്രതികരണവുമായി ഭാര്യ അന്നമ്മ
കോട്ടയം : മോദി മന്ത്രിസഭയില്‍ ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയാകുന്ന വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് ഭാര്യ അന്നമ്മ. കോട്ടയം കാണക്കാരിയിലെ വസതിയില്‍ നിന്നായിരുന്നു അന്നമ്മയുടെ പ്രതികരണം.
“മന്ത്രിപദവി വളരെ സന്തോഷത്തോടെ കാണുന്നു. രാവിലെ ഡല്‍ഹിയില്‍ നിന്നും വിളിച്ചിരുന്നു. അവിടെ എത്തി എന്ന് മാത്രമാണ് പറഞ്ഞത്. മക്കള്‍ രണ്ടുപേരും കാനഡയിലാണ്. അവര്‍ അറിഞ്ഞിരുന്നില്ല. ഒരാള്‍ ഇപ്പോള്‍ വിളിച്ചിട്ടുണ്ട്. ദൈവത്തിന് നന്ദി പറയുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയില്ല. നല്ല കാര്യങ്ങളാണ് കേള്‍ക്കുന്നത്. വീട്ടില്‍ പിന്നെ രാഷ്ട്രീയം സംസാരിക്കാറില്ല. കേന്ദ്രമന്ത്രി പദവി എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാന്‍ അദ്ദേഹത്തെയാണ് കാണുന്നത്. ജീവിതകാലം മുഴുവന്‍ അദ്ദേഹം പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. അതേ പ്രസ്ഥാനം തന്നെ അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു.” – അന്നമ്മ പറഞ്ഞു.
സുരേഷ് ഗോപി മന്ത്രിയാവുമെന്നു മുന്‍കൂട്ടി സൂചനകള്‍ വന്നിരുന്നു. എന്നാല്‍ പൊടുന്നനെയാണ് സുരേഷ് ഗോപിക്ക് ഒപ്പം ജോര്‍ജ് കുര്യന്റെ പേര് കൂടി ഉയര്‍ന്നുവന്നത്. കേരളത്തിന് മികച്ച പ്രാതിനിധ്യം നല്‍കുമെന്ന് മോദി ഉറപ്പ് നല്‍കിയിരുന്നെങ്കിലും ജോര്‍ജ് കുര്യന്റെ മന്ത്രി സ്ഥാനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ക്രിസ്ത്യന്‍ സഭകളെ കൂടെ നിര്‍ത്താനുള്ള മികച്ച നീക്കമാവുകയാണ് സ്വീകാര്യതയുള്ള നേതാവായ കുര്യന് ലഭിച്ച മന്ത്രിപദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം കേരളത്തിലെ ബിജെപി ജനറല്‍ സെക്രട്ടറിയായി തുടരുകയായിരുന്നു. ചാനല്‍ ചര്‍ച്ചകളിലെ സജീവ മുഖമായിരുന്നു. ക്രിസ്ത്യന്‍ സഭകളും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ നിര്‍ണായക കണ്ണിയാണ് സിറോ മലബാര്‍ സഭാംഗമായ കുര്യന്‍. അതുകൊണ്ട് തന്നെയാണ് ജോര്‍ജ് കുര്യനെ പരിഗണിച്ചതെന്നാണ് സൂചന. കേന്ദ്ര നേതാക്കളുമായി ഉറ്റബന്ധം സൂക്ഷിക്കുന്ന നേതാവ് കൂടിയാണ് അദ്ദേഹം. ഹിന്ദിയും ഇംഗ്ലീഷും നല്ലപോലെ വഴങ്ങുന്ന നേതാവ് കൂടിയാണ് കുര്യന്‍. യുവമോര്‍ച്ചയില്‍ കൂടിയാണ് പാര്‍ട്ടിയില്‍ കുര്യന്‍ ഉയര്‍ന്നുവന്നത്. ഇപ്പോള്‍ കേന്ദ്രമന്ത്രി പദവിയും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു.