
പണം നൽകാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു ; ഹോട്ടലില്‍ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: പണം നല്‍കാതെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുകയും ഇത് ചോദ്യം ചെയ്തതിന് അതിക്രമം കാട്ടുകയും ചെയ്ത ഗ്രേഡ് എസ്ഐക്കെതിരെ കേസും വകുപ്പുതല നടപടിയും. ബാലുശ്ശേരി ഗ്രേഡ് എസ്ഐ രാധാകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഹോട്ടലില്‍ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയത്.
രാധാകൃഷ്ണനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബാലുശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രാധാകൃഷ്ണൻ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എസ്.ഐ. മദ്യപിച്ചിരുന്നതായാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതാണ് എസ്.ഐ യെ പ്രകോപിതനാക്കിയതെന്നാണ് ജീവനക്കാരുടെ ആരോപണം. ഭക്ഷണം കഴിച്ച് സ്ഥിരമായി പണം നല്‍കാതെ പോകുന്നതായും ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേർത്ത് രാധാകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്.