play-sharp-fill
സന്തോഷ് ട്രോഫി മുൻ താരം ഒ.കെ. സത്യൻ അന്തരിച്ചു; വിടപറഞ്ഞത് ‘വാസ്കോ’യുടെ ബുദ്ധികേന്ദ്രം

സന്തോഷ് ട്രോഫി മുൻ താരം ഒ.കെ. സത്യൻ അന്തരിച്ചു; വിടപറഞ്ഞത് ‘വാസ്കോ’യുടെ ബുദ്ധികേന്ദ്രം

കണ്ണൂർ : സന്തോഷ് ട്രോഫി മുൻ താരം തളാപ്പ് കൃപാ നഴ്സിങ് ഹോമിന് സമീപം സലീഷ് വില്ലയില്‍ ഒ.കെ. സത്യൻ (89) അന്തരിച്ചു.

അഞ്ചുവർഷം കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫിയില്‍ ബൂട്ടണിഞ്ഞു. വാസ്കോ ഗോവ ഫുട്ബോള്‍ ക്ലബിന്റെ പ്രതാപകാലത്ത് ടീമിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. കേരള, ഗോവ ഫുട്ബോള്‍ ടീം ക്യാപ്റ്റൻ, കോച്ച്‌, മാനേജർ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു. കേരളത്തിനകത്തും പുറത്തും ഒട്ടേറെ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തു. കേരളം ആദ്യമായി സെമിഫൈനല്‍ കളിച്ച 1962-ല്‍ നടന്ന കോഴിക്കോട് നാഷണലില്‍ സത്യന്റെ ഗോളാണ് ടീമിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്. കണ്ണൂർ ലക്കിസ്റ്റാറിലൂടെയാണ് തുടക്കം. പിന്നീട് ഗോവ സാല്‍ഗോക്കർ, വാസ്കോ ഗോവ തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചു. 1972-ല്‍ കളിയില്‍നിന്ന് വിരമിച്ചു.

വാസ്കോ ഗോവ ഫുട്ബോള്‍ ക്ലബ്, ഇന്ത്യൻ ഫുട്ബോള്‍ ചരിത്രത്തിന്റെ ഭാഗമായപ്പോള്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു ഒ.കെ. സത്യൻ. എല്ലാ പൊസിഷനുകളിലും കളിച്ച്‌ 20 വർഷത്തോളം അദ്ദേഹം ഫുട്ബോള്‍ മൈതാനത്ത് നിറഞ്ഞുനിന്നു. സത്യന്റെ മരണത്തോടെ കായികലോകത്തോട് വിടപറഞ്ഞത് കണ്ണൂരിലെ പ്രധാന ഫുട്ബോള്‍ താരങ്ങളില്‍ ഒരാള്‍കൂടിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1966 മുതല്‍ 1972-വരെ വാസ്കോ ഗോവയുടെ ബുദ്ധികേന്ദ്രമായിരുന്നു. ചാക്കോള, നാഗ്ജി, മാമ്മൻ മാപ്പിള, കേരള ട്രോഫി, സ്റ്റഫോർഡ് കപ്പ് തുടങ്ങിയവയെല്ലാം വാസ്കോയ്ക്ക് സമ്മാനിക്കുന്നതില്‍ അദ്ദേഹവും പ്രധാന പങ്കുവഹിച്ചു. കണ്ണൂർ ഗവ. ഹൈസ്കൂള്‍ ഫുട്ബോള്‍ ടീമിലൂടെയാണ് അദ്ദേഹം കളിപഠിച്ചത്.

16-ാം വയസ്സ് മുതല്‍ കണ്ണൂർ ലക്കിസ്റ്റാറിലെ തിളങ്ങുന്ന താരമായി. കേരളത്തിലെയും കൊല്‍ക്കത്തയിലെയും ഫുട്ബോള്‍ ക്ലബുകള്‍ ലക്കിസ്റ്റാറിനെ ഭയന്നിരുന്ന കാലത്ത് ടീമിന്റെ മധ്യ, പ്രതിരോധ നിരകളില്‍ നിറഞ്ഞുകളിച്ച്‌ സത്യനുണ്ടായിരുന്നു. ബോംബേ റോവേഴ്സ് കപ്പില്‍ കളിക്കുമ്ബോഴും തൂത്തുക്കുടി, കോയമ്ബത്തൂർ, ചാക്കോള ടൂർണമെന്റുകളില്‍ റണ്ണേഴ്സ് അപ്പായ ടീമിലും സത്യനുണ്ടായിരുന്നു. മത്സരങ്ങളില്‍ ഹാഫ് ബാക്കും, ഇൻസൈഡും സമർഥമായി കളിച്ചു.

അഞ്ചുവർഷം കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. കൊളംബോ പെന്റാങ്കുലർ ടൂർണമെന്റില്‍ കേരളത്തിന്റെ നായകസ്ഥാനം അലങ്കരിച്ചു. 1965-ല്‍ കേരളം വിട്ട് ഒരു വർഷം ഗോവ സാല്‍ഗോക്കറില്‍ ചേർന്നു. അവിടെനിന്നാണ് വാസ്കോയുടെ ജഴ്സിയണിയുന്നത്. ഡ്യൂറണ്ട് കപ്പ്, ഐ.എഫ്.എ. ഷീല്‍ഡ്, ഡി.സി.എം. ട്രോഫി തുടങ്ങിയ ടൂർണമെന്റിലും പങ്കെടുത്തു. 1968-ല്‍ മെർദേക്ക കപ്പിനുള്ള ഇന്ത്യൻടീമിന്റെ ക്യാമ്ബിലേക്കും സത്യനെ വിളിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പോകാനായില്ല. 1980-വരെ ജോലിയുമായി ബന്ധപ്പെട്ട് ഗോവയില്‍ തുടർന്നു. ലക്കിസ്റ്റാറിന്റെ കോച്ച്‌ ആയാണ് കണ്ണൂരിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് സ്പിരിറ്റഡ് യൂത്ത്സിലേക്ക് മാറി. സ്പിരിറ്റഡ് യൂത്ത്സിന്റെ സെക്രട്ടറിയായിരുന്നു.