
വിവിധയിടങ്ങളിൽ തീപിടിത്തങ്ങൾ കൂടുന്നു, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 16 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ജനറൽ ഫയർ ഫോഴ്സ്. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ 16 സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
സുരക്ഷ, അഗ്നി പ്രതിരോധ ആവശ്യകതകൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ജീവനും സ്വത്തിനും സമൂഹ സുരക്ഷക്കും അപകടമുണ്ടാക്കുന്നതാണ് ലംഘനങ്ങൾ എന്ന് അധികൃതർ ചൂണ്ടികാട്ടി. ഇവ സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കനത്ത വേനലിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും അഗ്നി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജനറൽ ഫയർ ഫോഴ്സ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. സ്ഥാപനങ്ങളിൽ നിർബന്ധമായും സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചു. ഇത്തരത്തിൽ ദിവസവും ഒരു കേസെങ്കിലും റിപ്പോർട്ടു ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം അഹമ്മദി ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിലുണ്ടായ തീപിടിത്തം നഷ്ടങ്ങൾക്കിടയാക്കി.
ഉടൻ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ഇടപെടലാണ് തീപിടിത്തത്തിന്റെ വ്യാപ്തി കുറച്ചത്. തൊട്ടുമുമ്പുള്ള ദിവസം സാൽമിയ മേഖലയിലും തീപിടിത്തം ഉണ്ടായി. ഉയർന്ന താപനിലയുടെ പശ്ചാത്തലത്തിൽ തീപിടിത്ത സാധ്യതകൾ കൂടുതലാണെന്നും ജനങ്ങൾ സുരക്ഷാ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഫയർഫോഴ്സിനെ ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.