പ്രതിപക്ഷ നേതൃത്വം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് കോൺഗ്രസിൽ ആവശ്യം

Spread the love

 

ന്യൂഡൽഹി: ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽഗാന്ധി ഏറ്റെടുക്കണമെന്ന് കോൺഗ്രസിൽ ആവശ്യം. ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളായ മാണിക്കം ടാഗോർ, വിവേക് തൻക, കാർത്തി ചിദംബരം എന്നിവർക്ക് പുറമേ ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവുത്തും ആഗ്രഹം പ്രകടമാക്കി.

 

‘രാഹുലിന്റെ പേരിലാണ് ഞാൻ വോട്ടുതേടിയത്. ലോക്സഭയിൽ അദ്ദേഹം നേതാവാകണമെന്നാണ് ഞാൻ കരുതുന്നത്. തിരഞ്ഞെടുക്കപ്പെട്ട എം.പിമാരും അതേ തീരുമാനം എടുക്കുമെന്നാണ് ഞാൻ കരുതുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ തീരുമാനം എന്താണെന്ന് നോക്കാം.

 

രാഹുൽഗാന്ധി മുന്നിൽനിന്ന് നയിച്ചു. അദ്ദേഹമായിരുന്നു മുഖം. പാർലമെന്ററി പാർട്ടി സ്ഥാനം അദ്ദേഹം ഏറ്റെടുക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ, അക്കാര്യത്തിലുള്ള തീരുമാനം രാഹുലിന് ഒറ്റയ്ക്ക് എടുക്കാൻ സാധിക്കില്ല. ചില തീരുമാനങ്ങൾ പാർട്ടി നേതാക്കളും എം.പിമാരും എടുക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് രാഹുലിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നതെന്നും രാജ്യസഭാ എം.പി. വിവേക് തൻക പ്രതീക്ഷ പ്രകടിപ്പിച്ചു. കോൺഗ്രസിനുവേണ്ടി രാഹുൽ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കാർത്തി ചിദംബരവും ആവശ്യപ്പെട്ടു.

 

രാഹുൽഗാന്ധി ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ തങ്ങൾ എതിർക്കേണ്ട കാര്യമെന്താണെന്ന് സഞ്ജയ് റാവുത്ത് ചോദിച്ചു. ദേശീയ നേതാവാണെന്നും ജനപ്രിയ നേതാവാണെന്നും പലതവണ അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. സഖ്യത്തിൽ അഭിപ്രായവ്യത്യാസമോ എതിർപ്പോ ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആണ്.