play-sharp-fill
ഇതാണ് മണ്ണിന്റെ മണമറിയുന്ന കർഷകൻ, ധാർഷ്ട്യത്തിന്റെ ഇടതുകോട്ടയിലെ സൗമ്യൻ, പിണറായിക്കും വിഎസിനുമി‌ടയിൽ പോരുമുറുകിയപ്പോൾ മുഖ്യമന്ത്രി പദത്തിലേയ്ക്ക് എത്തിയ ആദ്യ പേര്, ഒരു തരി കനലുമായി ഇടതിന് ആശ്വാസമേകിയ കെ രാധാകൃഷ്ണൻ

ഇതാണ് മണ്ണിന്റെ മണമറിയുന്ന കർഷകൻ, ധാർഷ്ട്യത്തിന്റെ ഇടതുകോട്ടയിലെ സൗമ്യൻ, പിണറായിക്കും വിഎസിനുമി‌ടയിൽ പോരുമുറുകിയപ്പോൾ മുഖ്യമന്ത്രി പദത്തിലേയ്ക്ക് എത്തിയ ആദ്യ പേര്, ഒരു തരി കനലുമായി ഇടതിന് ആശ്വാസമേകിയ കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: യുഡിഎഫ് കൊടുംങ്കാറ്റിൽ കോട്ട തകർന്ന ഇടതുമുന്നണിക്ക് ‘ഒരു തരി കനലുമായി പിടിച്ചുനിന്നത് ആലത്തൂരില്‍ ജയിച്ച കെ രാധാകൃഷ്ണനായിരുന്നു. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷൻ എല്‍.ഡി.എഫിന്റെ മാനം കാത്തു.

ആലത്തൂരിന്റെ ജനകീയ മുഖമായ കെ രാധാകൃഷ്ണൻ നഷ്ടമായ ചെങ്കോട്ട തിരിച്ചു പിടിച്ചു. എല്‍ഡിഎഫ് വിജയം എന്നതിനേക്കാള്‍ രാധാകൃഷ്ണൻ എന്ന ജനകീയനേതാവിന്റെ വ്യക്തിപ്രഭാവത്തിന് ജനങ്ങള്‍ നല്‍കിയ സമ്മാനമെന്ന് വേണമെങ്കില്‍ ഈ വിജയത്തെ അടയാളപ്പെടുത്താം. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷണന്റെ വിജയം. 40,3447 വോട്ടുകളാണ് അദ്ദേഹം നേടിയത്.


മന്ത്രിയായ കെ രാധാകൃഷ്ണനെ ആലത്തൂരില്‍ മത്സരത്തിനിറക്കുമ്പോള്‍ ഇടതുപക്ഷം വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. താല്‍പര്യമില്ലാതെ മത്സരത്തിനിറങ്ങിയിട്ടും കേരളത്തിലെ കനല്‍ ഒരു തരിയായി ആലത്തൂരില്‍ തിളങ്ങുന്ന വിജയം സ്വന്തമാക്കി രാധാകൃഷ്ണൻ മുന്നണിയുടെ അഭിമാനം കാത്തപ്പോള്‍ ചേലക്കരയിലും മന്ത്രിസഭയിലും ഇനി കെ രാധാകൃഷ്ണന് പകരം ആരെത്തുമെന്നതാണ് ഉയരുന്ന ചോദ്യം. നിയമസഭയില്‍ ചേലക്കരയെ പ്രതിനിധീകരിക്കുന്ന കെ രാധാകൃഷ്ണൻ എം പിയായി ജയിച്ചതോടെ എം എല്‍ എ സ്ഥാനം രാജിവേക്കേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തില്‍ ചേലക്കരയില്‍ ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ഈ തെരഞ്ഞെടുപ്പില്‍ ആരാകും സ്ഥാനാർഥിയാകുക എന്ന ചോദ്യം പോലെ തന്നെ പ്രസക്തമാണ് പിണറായി വിജയൻ സർക്കാരില്‍ ദേവസ്വം മന്ത്രിയായ രാധാകൃഷ്ണന്റെ പകരക്കാരനായി ആരെത്തുമെന്നതും. ഇ കെ നായനാർ മന്ത്രിസഭയില്‍ മന്ത്രിയും വി എസ് അച്യുതാനന്ദൻ സർക്കാരില്‍ സ്പീക്കറുമായിരുന്ന രാധാകൃഷ്ണനെപ്പോലെ പരിണിതപ്രജ്ഞനായ നേതാവിന്റെ പകരക്കാരനെ കണ്ടെത്തുക എന്നതാകും സിപിഎമ്മിന് മുന്നിലെ വലിയ വെല്ലുവിളി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സംസ്ഥാന മന്ത്രിസഭ മുഖം മിനുക്കുമോ എന്നും ജനങ്ങള്‍ ഉറ്റുനോക്കുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇടതുകോട്ടയായ ചേലക്കരയില്‍ വിജയം നേടുക വലിയ ബുദ്ധിമുട്ടാവില്ലെങ്കിലും മന്ത്രിസഭയില്‍ രാധാകൃഷ്ണന് പകരക്കാരനെ കണ്ടെത്തുന്നത് അതുപോലെയാകില്ല. ലളിത ജീവിതവും വിനയവും കൊണ്ട് ഏവരുടെയും ആദരം നേടിയ നേതാവാണ് കെ.രാധാകൃഷ്ണൻ. നാട്ടുകാർക്ക് ഏതു പ്രശ്നത്തിനും പരിഹാരം തേടി എപ്പോഴും സമീപിക്കാവുന്ന ചേലക്കരക്കാരുടെ സ്വന്തം രാധേട്ടൻ. മികച്ച പൊതുപ്രവർത്തകൻ എന്നതിനൊപ്പം നൂറുമേനി വിളയിക്കുന്ന കർഷകൻ കൂടിയാണ് രാധാകൃഷ്ണൻ.

നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ പദവികള്‍ നേരത്തെ വഹിച്ചിരുന്നു. നിലവില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം. 1964 മാർച്ച്‌ 24ന് ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്ത് ജനനം. ഇപ്പോള്‍ ചേലക്കരയ്ക്കടുത്ത് തോന്നൂർക്കരയില്‍ താമസം. തോന്നുർക്കര വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടേയും, ചിന്നയുടെയും മകനായ രാധാകൃഷ്ണൻ കഷ്ടതകളുടെ കനല്‍ വഴികള്‍ ഏറെ താണ്ടിയാണ് ചേലക്കരക്കാരുടെ മുഴുവൻ പ്രിയപ്പെട്ട രാധേട്ടനായി വളർന്നത്.

പട്ടിണി നിറഞ്ഞ ബാല്യകാലം. നാട്യൻചിറയിലെയും തോന്നൂർക്കരയിലെയും പാടങ്ങളില്‍ കന്നു പൂട്ടിയും വിത്തെറിഞ്ഞും നിവർന്നു നില്‍ക്കാൻ പണിപെട്ട കൗമാരകാലം. തോന്നൂർക്കര എയുപി സ്‌കൂള്‍, ചേലക്കര എസ്‌എംടി ജിഎച്ച്‌എസ്, വടക്കാഞ്ചേരി ശ്രീവ്യാസ കോളജ്, ശ്രീ കേരളവർമ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളവർമ്മകോളേജിലെ ബിരുദക്ലാസിലെത്തിയ രാധാകൃഷ്ണൻ എന്ന എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് പൊതുകാര്യവും തൻകാര്യവും രണ്ടായിരുന്നില്ല.

സിപിഎം ജില്ലാ സെക്രട്ടറി, ദലിത് ശോഷണ്‍ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം എന്നിവയില്‍ പ്രവർത്തിച്ചു. സമ്പൂർണ സാക്ഷരതാ യജ്ഞത്തില്‍ പങ്കാളിയായി. ചേലക്കരയുടെ അടിയുറച്ച ജനകീയ മുഖമാണ് കെ രാധകൃഷ്ണൻ.

കോണ്‍ഗ്രസ് മണ്ഡലമായിരുന്ന ചേലക്കരയില്‍ നിന്നാണ് 1996 ല്‍ ആദ്യമായി രാധാകൃഷ്ണൻ ജനവിധി തേടുന്നത്. 1991 ല്‍ ജില്ലാ കൗണ്‍സിലേക്ക് മത്സരിച്ച്‌ വിജയിച്ച രാധാകൃഷ്ണൻ 1996ല്‍ യുഡിഎഫിന്റെ കുത്തകമണ്ഡലമായ ചേലക്കരയില്‍ നിന്ന് വൻ ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് വിജയിച്ചു. ഇ.കെ നയനാർ മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎ‍ല്‍എമാരില്‍ ഒരാളായിരുന്നു കെ. രാധാകൃഷ്ണൻ. 2001 ല്‍ വീണ്ടും ചേലക്കരക്കരയില്‍ നിന്നും വിജയിച്ച്‌ നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായി. 2006 ല്‍ മൂന്നാം തവണയും ചേലക്കരയില്‍ നിന്നും വിജയിച്ച്‌ കെ രാധാകൃഷൻ സഭയിലെത്തുകയും സ്പീക്കർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ പട്ടികജാതി വിഭാഗത്തിലെ വ്യക്തി സ്പീക്കർ സ്ഥാനം ഏറ്റെടുത്തെന്ന് പ്രത്യേകതയും ഈ സ്ഥാനാരോഹണത്തിനുണ്ടായിരുന്നു. 2011 മുതല്‍ 2021 വരെ ചേലക്കരക്കാർ രാധാകൃഷ്ണനെ നേഞ്ചോടു ചേർത്ത് പിടിച്ചു. നിലവില്‍ ദേവസ്വം മന്ത്രിയാണ് കെ രാധാകൃഷ്ണൻ. മറ്റു വകുപ്പുകളെ അപേക്ഷിച്ച്‌ നിത്യേന ജനങ്ങളുമായി അധിക സമ്പർക്കമില്ലാതിരുന്ന വകുപ്പായിരിന്നിട്ടും അദ്ദേഹം നേടിയ ഈ മിന്നും വിജയം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ വ്യക്തമാക്കുന്നു.

നിലവില്‍ മന്ത്രി സ്ഥാനം ഉള്ളൊരു വ്യക്തി വീണ്ടും ലോകസഭ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിമർശനങ്ങള്‍ ഉയർത്തിയെങ്കിലും കൈവിട്ടു പോയ ആലത്തൂർ മണ്ഡലത്തെ പിടിച്ചെടുക്കാൻ എല്‍ഡിഎഫിന് മറ്റൊരു മാർഗമുണ്ടായിരുന്നില്ല. ഇപ്പോള്‍ എല്‍ഡിഎഫിന്റെ കണക്ക് കൂട്ടലുകളൊന്നും തെറ്റിയില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് കെ രാധാകൃഷ്ണന്റെ വിജയം. 3,83,336 വോട്ടുകളാണ് രമ്യ ഈ വട്ടം നേടിയത്.

സിറ്റിങ്ങ് എംപി പരാജയപ്പെട്ടുവെങ്കില്‍ അതിനർത്ഥം കഴിഞ്ഞകാല പ്രവർത്തനം ദയനീയ പരാജയമായിരുന്നുവെന്ന് പറയാം. കഴിഞ്ഞ് തവണ ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ട തകർത്തെറിഞ്ഞയായിരുന്നു രമ്യയുടെ ചരിത്ര വിജയം.ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ (1,58,968) ഭൂരിപക്ഷത്തിലായിരുന്നു രമ്യയുടെ മിന്നുന്ന വിജയം. പി.കെ ബിജുവിന്റെ ഹാട്രിക്ക് സ്വപ്നത്തിന്റെ മേലായിരുന്നു രമ്യയുടെ വിജയ കോട്ട. 2014 ലില്‍ പി.കെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യ അഞ്ചിരട്ടിയോളമാക്കി തിരുത്തിയത്.

രാഷ്ട്രപതിപദം വരെയെത്തിയ കെ.ആർ നാരായണനില്‍ നിന്ന് എസ്. ശിവരാമൻ പിടിച്ചെടുത്ത ഒറ്റപ്പാലം 27 വർഷത്തിന് ശേഷം സിപിഎമ്മിനെ കൈവിട്ടു. വെറും തോല്‍വിയല്ല മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് നാണംകെട്ടത്. പാർട്ടി പ്രതീക്ഷിക്കാത്തൊരു പതനം. എന്നാല്‍ കേരള രാഷ്ട്രീയത്തെ മിന്നുന്ന വിജയം തുടരാൻ രമ്യയ്ക്കായില്ല.കഴിഞ്ഞ വർഷം പുതുമുഖം എന്ന് പേരില്‍ ലഭിച്ച ശക്തമായ മൈലേജ് രമ്യയ്ക്ക് പിടിച്ച്‌ നിർത്താനായില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ച്‌ ആത്മവിശ്വാസം നല്‍കിയ എൻഡിഎ സ്ഥാനാർത്ഥിയെന്ന പേരില്‍ ടി.എൻ സരസു ഇലക്ഷൻ സമയത്ത് വാർത്തകളിലിടം നേടിയിരുന്നു. ആലത്തൂർ ലോക്സഭാ മണ്ഡലത്തില്‍ വൈകി പ്രഖ്യാപിച്ച എൻഡിഎ സ്ഥാനാർത്ഥിയാണ് ഡോ. ടിഎൻ സരസു. ബിജെപിയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ ഉയർന്ന പേരാണിത്.

രാഷ്ട്രീയത്തില്‍ പുതുമുഖമായിട്ടു കൂടി സരസു നേടിയ 188230 വോട്ടുകള്‍ തള്ളികളയാനുവുന്നതല്ല. കഴിഞ്ഞ തവണ ടിവി ബാബു നേടിയ 89837 വോട്ടിനെ അനായാസമായിട്ടാണ് സരസു മറികടന്നത്. ചേലക്കരക്ക് പുറമെ പാലക്കാട് എം എല്‍ എ ആയിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച്‌ ജയിച്ചതിനാല്‍ പാലക്കാട് നിയമസഭാ മണ്ഡലത്തിലും ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും.

രണ്ട് ഉപതെരഞ്ഞെടുപ്പുകളും ഒരുമിച്ച്‌ നടക്കാനാണ് സാധ്യത. രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതിനാല്‍ വയനാട് മണ്ഡലം എം പി സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ വയനാട്ടില്‍ വീണ്ടുമൊരു പാർലമെന്റ് തെരഞ്ഞടുപ്പിനും സാഹചര്യമൊരുങ്ങും