ബാബു ചാഴിക്കാടന്റെ വേർപ്പാട് ഏതു തിരഞ്ഞെടുപ്പിലെയും ഞെട്ടിക്കുന്ന ഓർമ്മ: രമേശ് ചെന്നിത്തല 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏതു തിരഞ്ഞെടുപ്പ് കാലത്തെയും ഞെട്ടിക്കുന്ന ഓർമ്മയാണ് ബാബു ചാഴിക്കാടന്റെ ആകസ്മികമായ വേർപ്പാട് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു പേർ ഒരേ പോലെ തുറന്ന വാഹനത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്നു. പെട്ടന്ന് ഒരാൾ മിന്നലേറ്റ് മരിക്കുന്നു. ആ സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ആർപ്പൂക്കര വാര്യമുട്ടത്ത് ബാബു ചാഴിക്കാടന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിനിടെ ബാബുവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാബു ചാഴിക്കാടന്റെ വിയോഗമെന്നത് ഒരു കാലത്തും എനിക്ക് മറക്കാൻ സാധിക്കുന്നതല്ല. അക്കാലത്തെന്ന എല്ലാകാലത്തെയും യൂത്ത് കോൺഗ്രസ് വിദ്യാർത്ഥി വിഭാഗം പ്രവർത്തകർക്ക് മാതൃകയാക്കാൻ സാധിക്കൂന്ന ഒരു പൊതു പ്രവർത്തകനായിരുന്നു ബാബു. അന്ന് ആ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ മിന്നൽ അപ്രതീക്ഷിതമായി ബാബുവിന്റെ ജീവനെടുത്തു. ഒപ്പമുണ്ടായിരുന്ന എനിക്ക് ദൈവനിയോഗം ഒന്നു കൊണ്ട് മാത്രമാണ് ജീവൻ തിരിച്ച് കിട്ടിയത്. ബാബുവിന്റെ ആകസ്മിക വിയോഗം ഞാനും എന്റെ കുടുംബവും എന്നും ഓർമ്മിക്കുന്നതാണ്. ബാബുവിന്റെ സ്വപ്‌നങ്ങളും, ചിന്തകളും ആഗ്രഹവും പൂർത്തിയാക്കുന്നതിനായി ഒരു നിയോഗമെന്ന പോലെയാണ് തോമസ് ചാഴിക്കാൻ രാഷ്ട്രീയത്തിൽ എത്തിയത്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന തോമസ് ചാഴിക്കാടൻ രാഷ്ട്രീയം ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഒരു നിയോഗം പോലെ രാഷ്ട്രീയത്തിൽ എത്തിയ അദ്ദേഹം മികച്ച പാർലമെന്റേറിയനായി. എനിക്ക് നഷ്ടമായ സഹോദരനാണ് ബാബു ചാഴിക്കാടൻ. അതുകൊണ്ടു തന്നെ തോമസും എനിക്ക് സഹോദര തുല്യനാണെന്നും അദ്ദേഹം പറഞ്ഞു.
ഏറെ നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ ബാബു ചാഴിക്കാടന്റെ ഓർമ്മകൾ കരുത്ത് പകരുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റ് കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, മോൻസ് ജോസഫ് എംഎൽഎ , നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന , കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം , യുഡിഎഫ് ജില്ലാ കൺവീനർ ജോസി സെബാസ്‌റ്യൻ , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , നാട്ടകം സുരേഷ്‌,

ഫിലിപ്പ് ജോസഫ് ,ജോസഫ് ചാമക്കാല,ജോസ് പുത്തൻകാല,  ജോമി മാത്യു , ജോസ് ഇടവഴിക്കൻ , കെ.ജി ഹരിദാസ് , നീണ്ടൂർ മുരളി , സാജൻ തൊടുക , കുഞ്ഞ് ഇല്ലമ്പള്ളി , ആനന്ദ് പഞ്ഞിക്കാരൻ എന്നിവർ പ്രസംഗിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group