റെക്കോർഡ് നേട്ടവുമായി ലോക്സഭാ തെരഞ്ഞെടുപ്പ്, വോട്ട് ചെയ്തത് 64 കോടി പേർ, ഏഴ് ഘട്ടങ്ങളായി നടന്ന തെരെഞ്ഞെടുപ്പ് സമാധാനപരം, 495 പരാതികളില്‍ 90 ശതമാനവും പരിഹരിച്ചു

Spread the love

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ടു. 64 കോടി പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. നാളെ നടക്കാനിരിക്കുന്ന വോട്ടെണ്ണല്ലിന് മുന്നോടിയായി വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഏഴ് ഘട്ടങ്ങളിലായി നടത്തിയ തിര‍ഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളില്‍ 90 ശതമാനവും പരിഹരിച്ചുവെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. പരാതികളില്‍ നോട്ടീസ് നല്‍കുകയും ഉന്നത നേതാക്കൾക്കെതിരെ പോലും കേസെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പദവി നോക്കാതെ നടപടിയെടുത്തു. വ്യാജ വാർത്തകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തുവെന്നും യാതൊരു പക്ഷപാതിത്വവും ആരോടും കാട്ടിയില്ല രാജീവ് കുമാര്‍ പറഞ്ഞു. കൂടാതെ, ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷം അനധികൃതമായി കടത്താൻ ശ്രമിച്ച 1054 കോടി രൂപ പിടിച്ചെടുത്തു. ആകെ പതിനായിരം കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. 4391 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടി. ഇതൊന്നും നിസാര കാര്യമല്ലെന്നും രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആകെ വോട്ട് ചെയ്ത 64.2 കോടി പേരില്‍ 31.2 കോടി സ്ത്രീകളായിരുന്നു. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തത്തെ പ്രശംസിച്ച അദ്ദേഹം പോളിംഗ് ചുമതലയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒന്നര കോടി പേരുടെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.

ജമ്മു കശ്മീരില്‍ നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയര്‍ന്ന പോളിങ് ഇത്തവണ രേഖപ്പെടുത്തി. അവിടെ വോട്ട് ചെയ്ത എല്ലാവരെയും സല്യൂട്ട് ചെയ്യുന്നു. മണിപ്പൂരില്‍ സമാധാനപരമായി നടപടികള്‍ പൂര്‍ത്തിയാക്കി. ജനങ്ങള്‍ വോട്ട് ചെയ്യാൻ വലിയ ഉത്സാഹം കാഴ്ചവച്ചു.

ഇന്നര്‍ മണിപ്പൂരില്‍ 71.96 ശതമാനവും ഔട്ടര്‍ മണിപ്പൂരില്‍ 51.86 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പേര്‍ പ്രതിഫലേച്ഛയില്ലാതെ തെരഞ്ഞെടുപ്പിനെ സഹായിച്ചുവെന്ന് സച്ചിൻ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവരുടെ പേര് പരാമര്‍ശിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 23 രാജ്യങ്ങളില്‍ നിന്നുള്ള 75 പ്രതിനിധികള്‍ ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തിയപ്പോൾ എല്ലാം സമാധാനപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.