സാഹസികം തന്നെ, എന്നാൽ ഇത് ശരിയായ പ്രതികരണമല്ല; മാലയോ പേഴ്‌സോ പോകേണ്ടിടത്ത് ജീവൻ കളയണോ?

Spread the love

തിരുവനന്തപുരം: മാല പൊട്ടിക്കാൻ ശ്രമിച്ചയാളെ വണ്ടിയില്‍നിന്നു വലിച്ചുനിലത്തിട്ടു പിടികൂടിയ സംഭവം പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. വളരെ ധീരമായി കള്ളനെ നേരിട്ട അശ്വതി എന്ന യുവതിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

video
play-sharp-fill

അശ്വതി മോഷ്ടാവിന്റെ ഷർട്ടിലും സ്‌കൂട്ടറിലുമായി പിടിച്ചുവലിച്ചു. വണ്ടിയിൽ നിന്ന് താഴെ വീണ കള്ളനെ പിടികൂടുകയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രതികരണം അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഐക്യരാഷ്‌ട്രസഭയിലെ ദുരന്തനിവാരണം വിഭാഗം തലവൻ മുരളി തുമ്മാരുകുടി പറയുന്നത്.

ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കള്ളന്മാർ എന്തും ചെയ്യും. മാലയോ പേഴ്‌സോ പോകേണ്ടിടത്ത് ആരോഗ്യമോ ജീവനോ പോകും എന്നാണ് തുമ്മാരുകുടി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-

മാലയുടെ വില, ജീവന്റെ വില?
മാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ സ്‌കൂട്ടറിൽ നിന്നും വലിച്ചു താഴെയിട്ട യുവതിയുടെ വാർത്തയും ചിത്രവുമാണ്. മാല തിരിച്ചു കിട്ടി, വലിയ പരിക്കൊന്നും പറ്റിയതുമില്ല.

ശുഭം

മുൻപും പറഞ്ഞിട്ടുള്ളതാണ്, ഒരിക്കൽ കൂടി പറയാം
ഒരാൾ നമ്മുടെ മാലയോ പേഴ്‌സോ തട്ടിയെടുക്കാൻ വന്നാൽ അല്ലെങ്കിൽ ഒഴിഞ്ഞ സ്ഥലത്തോ എ ടി എം കൗണ്ടറിലോ ഒക്കെ വന്നു ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിച്ചാൽ അവരോട് മല്ലുപിടിക്കാനാണ് നമ്മുടെ സ്വാഭാവിക പ്രതികരണം.

പക്ഷെ ഇതല്ല ഏറ്റവും ശരിയായ പ്രതികരണം
കള്ളൻ നമ്മളെ നേരിടുന്നത് അവർ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തുമാണ്. സുഹൃത്തുക്കളോ ആയുധങ്ങളോ പരിചയമോ ഒക്കെ മോഷ്ടിക്കുന്നതിലും മോഷണത്തിനിടക്കുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഒക്കെ അവർക്ക് ഉണ്ടാകും.

പോരാത്തതിന് മോഷണത്തിന് ഇടക്ക് പിടിക്കപ്പെടുന്നത് കള്ളന്മാരെ സംബന്ധിച്ച് വലിയ റിസ്ക് ആണ്, പ്രത്യേകിച്ചും നാട്ടുകാരുടെ കയ്യിൽ കിട്ടിയാൽ.

നമ്മൾ ആകട്ടെ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഇത് സംഭവിക്കുന്നത്. ഇതിനെ നേരിടാൻ ഒരു സംവിധാനമോ തയ്യാറെടുപ്പോ നമുക്ക് ഇല്ല.

അതുകൊണ്ട് തന്നെ ഇത്തരം ഒരു സാഹചര്യത്തിൽ കള്ളൻ എന്തും ചെയ്യും. മാലയോ പേഴ്‌സോ പോകേണ്ടിടത്ത് ആരോഗ്യമോ ജീവനോ പോകും.

പെട്ടെന്ന് ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ പകച്ചു പോവുകയാണ് ചെയ്യുന്നത്. എങ്ങനെ പ്രതികരിക്കും എന്നത് യന്ത്രികം ആയിരിക്കും. പക്ഷെ അല്പമെങ്കിലും ചിന്തിക്കാൻ സാധിച്ചാൽ കള്ളനുമായി മല്പിടുത്തതിന് പോകാതിരിക്കുന്നതാണ് ബുദ്ധി.

പറ്റിയാൽ കള്ളന്റെ വണ്ടിയുടെ നമ്പറോ കളറോ ഒക്കെ ഓർത്തുവക്കുക. പോലീസിൽ പരാതി പെടുക. ഒരു പക്ഷെ മോഷ്ടിച്ച വസ്തു തിരിച്ചു കിട്ടിയേക്കാം. ഇല്ലെങ്കിലും ജീവൻ കുഴപ്പത്തിൽ ആകില്ല.

ജീവൻ ആണ് വലുത്, മാലയല്ല

മുരളി തുമ്മാരുകുടി