ഇരച്ചുവന്ന ഉരുളിൽ കുഞ്ഞുമകനെ നെഞ്ചോടു ചേർത്തുപിടിച്ചു, ഭീതിയോടെ ജീവൻ കയ്യിൽ പിടിച്ചുനിന്നത് മണിക്കൂറുകൾ, പുറത്തിറങ്ങാനാകാത്തവിധം വീടിനുചുറ്റും കല്ലും മണ്ണും ചെളിയും, മെഴുകുതിരി വെളിച്ചത്തിൽ പ്രതീക്ഷയറ്റ് നിന്ന നിമിഷങ്ങൾ

Spread the love

തൊടുപുഴ: ആ​ഗ്രഹിച്ച് പണിഞ്ഞ പുതിയ വീട്ടിലേയ്ക്ക് സന്തോഷത്തോടെ മാറാൻ കാത്തിരിക്കുമ്പോഴാണ് പ്രതീക്ഷകൾ തകർത്ത് പഴയ വീടിൻറെ മുറ്റത്തേക്ക് ഉരുള്‍ ഇരച്ചെത്തിയത്. തലനാരിഴയ്ക്കാണ് തൊടുപുഴയ്ക്ക് സമീപം വെള്ളിയാമറ്റം പഞ്ചായത്തിലെ കുളപ്രം കോഴിക്കാട്ട് സുനില്‍, ഭാര്യ ജ്യോതി, മകൻ പത്ത് വയസ്സുകാരൻ സിദ്ധാർഥ്, അമ്മ ജഗദമ്മ എന്നിവർ ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷപ്പെട്ടത്.

video
play-sharp-fill

കുഞ്ഞുമകനെ നെഞ്ചോട് ചേർത്ത് ജീവനൻ പണയംവെച്ച് നിന്ന നിമിഷങ്ങൾ ഇപ്പോഴും ഭീതിയുണർത്തുകയാണ് എന്ന് കുടുംബം പറയുന്നു. സുനിലിന്റെ അച്ഛൻ നാരായണൻ പുറത്ത് പോയ സമയത്താണ് സംഭവം. ഉരുള്‍ വീടിനെ തൊടാതെപോയതാണ് ഇവർക്ക് ആശ്വാസമായത്.

ഈ മേഖലയിൽ വൈകീട്ടോടെ മഴ കനത്തു. രാത്രി ഏഴിന് വീടിന്റെ മറ്റൊരു വശത്തുള്ള തോട്ടിലൂടെ വലിയ ഉരുള്‍ പൊട്ടിവന്നു. വീടിന്റെ ചുറ്റും ഉരുള്‍ വന്ന് നിറഞ്ഞു. ചെളിയും കല്ലും കാരണം പുറത്തിറങ്ങാൻപോലും കഴിഞ്ഞില്ല. അടുത്തുള്ള വീട്ടുക്കാരെ അറിയിച്ചെങ്കിലും കല്ലും ചെളിയും കാരണം ഇവർക്കും വീടിനടുത്തേയ്ക്ക് അടുക്കാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറന്റില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലായിരുന്നു കുടുംബം. തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഭീതി ഉള്ളിലൊതുക്കി സുനിൽ കുടുംബത്തെ ആശ്വസിപ്പിച്ചു. ഇതിനിടെ നാട്ടുകാർ സമീപത്തുനിന്ന വലിയ പന വെട്ടിയിട്ടു. ഇതിലൂടെ ഓരോരുത്തരായി പുറത്തിറങ്ങി. രാത്രി എട്ടുമണിയോടെ ഇവർ പുറത്തെത്തി. തൊട്ടടുത്തുതന്നെ പണിഞ്ഞ പുതിയ വീട്ടിലേയ്ക്ക് ഇവർ താമസം മാറി.

കൂടാതെ, വെള്ളിയാഴ്ച രാത്രിയില്‍ കരിപ്പിലങ്ങാടുനിന്ന് ആർത്തലച്ചെത്തിയ ഉരുള്‍ പൂച്ചപ്ര കുളപ്രത്തെ അഞ്ച് വീടുകള്‍ തകർത്തു. തലനാരിഴയ്ക്കാണ് ഒരു വീട്ടിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേർ രക്ഷപ്പെട്ടത്. രണ്ട് വീടുകള്‍ പൂർണമായും തകർന്നു. ഇതില്‍ ഒരു വീട് പൂർണമായും മണ്ണില്‍ മൂടി. ഇവിടെ താമസക്കാർ ഇല്ലാതിരുന്നതിനാല്‍ വൻദുരന്തം ഒഴിവായി.

വെള്ളിയാമറ്റം പഞ്ചായത്തില്‍പ്പെട്ട സ്ഥലമാണ് കുളപ്രം. ഇതിന് സമീപത്ത് വെള്ളിയാഴ്ച രാത്രി തന്നെ മറ്റൊരു ഉരുള്‍പൊട്ടിയിരുന്നു. ഇവിടേയും നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പാടത്തില്‍ വീട്ടില്‍ രാജപ്പൻ, കക്കാട്ട് കല്യാണി എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. ഉരുള്‍പൊട്ടിവന്ന സമയത്ത് രാജപ്പന്റെ വീട്ടില്‍ ഭാര്യ തിലോത്തമ, മകൻ രാഹുല്‍രാജ്, ഭാര്യ അനുജ, ഇവരുടെ മക്കളായ അശ്വദേവ് (8), ആരുണ്യ (6), തിലോത്തമ്മയുടെ അനുജത്തി മൂലമറ്റം സ്വദേശിനി പ്രേമ, ഇവരുടെ മകളായ അർച്ചന എന്നിവരും ഉണ്ടായിരുന്നു. വീട് പൂർണമായി ഇടിഞ്ഞുവീഴാത്തതിനാല്‍ എല്ലാവരും രക്ഷപ്പെട്ടു.

അനുജ ഒരു മുറിയില്‍ കുടുങ്ങിപ്പോയി. ഇവരെ അഗ്നിരക്ഷാസേന എത്തി കതക് വെട്ടിപ്പൊളിച്ചാണ് രക്ഷിച്ചത്. കക്കാട്ട് കല്യാണിയുടെ വീട് മണ്ണില്‍ മൂടിപ്പോയി. ഇവർ പൂച്ചപ്രയുള്ള മകളുടെ വീട്ടിലേക്ക് വെള്ളിയാഴ്ച ഉച്ചയോടെ പോയതിനാല്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടു. കോഴിപ്പിള്ളി നാരായണൻ, കള്ളികാട്ട് കുഞ്ഞപ്പൻ, കലയന്താനി സ്വദേശി മാത്യു എന്നിവരുടെ വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.