
ഇനി കളം മാറും: വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു: കേരളം മുഴുവൻ ഇനി രാഹുൽ തരംഗം; കേരളം കോൺഗ്രസിന്റെ പോരാട്ട ഭൂമിയാകുന്നു; ഗ്രൂപ്പ് കളിയിൽ ഉമ്മൻചാണ്ടിയെ മറികടന്ന തന്ത്രവുമായി ചെന്നിത്തലയും മുല്ലപള്ളിയും
സ്വന്തം ലേഖകൻ
കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ വയനാട് സീറ്റിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ എല്ലാ സീറ്റിലും കോൺഗ്രസിന്റെ സാധ്യതകൾ ഇരട്ടിയാക്കുന്ന തീരുമാനമാണ് ഇപ്പോൾ കോൺഗ്രസ് അധ്യക്ഷനിൽ നിന്നും ഉണ്ടായിരിക്കുന്നത്. കേരളത്തിൽ മത്സരിക്കാൻ തയ്യാറാകണമെന്ന നിർദേശം കെപിസിസി നേതൃത്വം മുന്നോട്ടു വച്ചപ്പോൾ രാഹുൽ ഗാന്ധി രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും, കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഒരു പോലെ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് രാഹുൽ സമ്മതം മൂളിയതെന്നാണ് സൂചന.
രാഹുൽ ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കാൻ രംഗത്ത് എത്തുന്നതോടെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ പൂർണമായും ഇല്ലാതാകും. പാർട്ടി മിഷ്യനറി സജീവമായി രംഗത്ത് ഇറങ്ങും. സ്ഥാനാർത്ഥി നിർണ്ണയത്തെ തുടർന്നുണ്ടായ തർക്കങ്ങളും പ്രശ്‌നങ്ങളും രാഹുൽ ഗാന്ധിയുടെ രംഗ പ്രവേശത്തോടെ പൂർണമായും ഇല്ലാതാകുമെന്നും കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു.
കേരളത്തിലെ സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് രാഹുൽ ഗാന്ധി വയനാട് തിരഞ്ഞെടുത്തിരിക്കുന്നത്. രാഹുൽ കേരളത്തിൽ മത്സരിക്കാൻ എത്തുന്നതോടെ തമിഴ്‌നാട്, ആന്ധ്ര,കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ഈ പ്രദേശങ്ങളിലെ പാർട്ടി സംസ്ഥാന ഘടകങ്ങളും രാഹുലിന്റെ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ കടുത്ത പോരാട്ടം നടക്കുന്ന വയനാട്, കണ്ണൂർ, കാസർകോട് സീറ്റുകളിലും രാഹുൽ പ്രഭാവം ഇക്കുറി ഉണ്ടാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. കോൺഗ്രസിന്റെ ബാലികേറാ മലയായി പ്രതീക്ഷിക്കുന്ന ആലത്തൂരിലും ആറ്റിങ്ങലിലും പോലും രാഹുൽ പ്രഭാവത്തിൽ മാറ്റമുണ്ടാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ശബരിമല വിഷയത്തിൽ കേരളത്തിൽ ബിജെപി സൃഷ്ടിച്ച തരംഗവും, സിപിഎം സൃഷ്ടിച്ച വർഗീയ ധ്രൂവീകരണവും മറികടക്കാൻ രാഹുൽ ഗാന്ധി എന്ന തുറുപ്പ് ചീട്ടിനു കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, ഉമ്മൻചാണ്ടി വാശിപിടിച്ച് നേടിയെടുത്ത വയനാട് സീറ്റിൽ നിന്നു സിദ്ധിഖിനെ വെട്ടാൻ മുല്ലപ്പള്ളി – രമേശ് അച്യുതണ്ട് പുറത്ത് വിട്ട ആയുധമാണ് രാഹുൽ എന്ന വാദവും ഉയരുന്നുണ്ട്. കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം ഇത്രത്തോളം സങ്കീർണമാക്കിയത് ഉമ്മൻചാണ്ടിയുടെ പിടിവാശിയായിരുന്നു. മത്സരിക്കാനുള്ള നിർദേശം തള്ളിയ ഉമ്മൻചാണ്ടി സിദ്ധിഖിനെ വയനാട്ടിൽ മത്സരിപ്പിക്കണമെന്ന് വാശിപിടിച്ചതാണ് പ്രശ്‌നങ്ങൾ ഗുരുതരമാക്കിയത്. ഇത് മറികടക്കാനാണ് ഇപ്പോൾ രാഹുലിനെ തന്നെ രംഗത്ത് ഇറക്കിയിരിക്കുന്നതെന്നാണ് സൂചന. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സ്വാഗതം ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയാൽ താൻ സീറ്റിൽ നിന്ന് ഒഴിയുമെന്ന പ്രഖ്യാപനവുമായി ടി.സിദ്ധിഖും രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി.