മഴയും മഴവില്ലുമെല്ലാം നമ്മുടെ കഥാകൃത്തുക്കൾക്കും കവികൾക്കും ഗാനരചയിതാക്കൾക്കുമെല്ലാം എന്നും മോഹിപ്പിക്കുന്ന പ്രചോദനമായിരുന്നു: ഈ മഴ തന്നെയാണ് മരതകപ്പട്ടുടുത്ത മലയാള നാടിന്റെ സാംസ്ക്കാരിക ചൈതന്യത്തിന് മാറ്റുകൂട്ടുന്നതും : വെള്ളിത്തിരകളെ കുളിരണിയിച്ച ഏതാനും മഴപ്പാട്ടുകളെക്കുറിച്ച്…..

Spread the love

 

കോട്ടയം: ആഗോളതാപനത്തിന്റെ പ്രതിഫലനമായി കേരളത്തിൽ കൃത്യമായി പെയ്തിരുന്ന “ഇടവപ്പാതി ” പലപ്പോഴും
വൈകിയെത്തിയ ചരിത്രമുണ്ടെങ്കിലും
ഇത്തവണ വളരെ കൃത്യമായി തന്നെ മഴക്കാലം എത്തിയിരിക്കുന്നു .
കേരളമെന്ന നമ്മുടെ മലയാളനാടിനെ ഐശ്വര്യ പൂർണ്ണമാക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷത്തെയാണ് നമ്മൾ ഇടവപ്പാതി എന്ന് വിശേഷിപ്പിച്ച് മാറോടണയ്ക്കുന്നത്.

ഓർക്കുക, ലോകത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് നമ്മുടെ പ്രിയപ്പെട്ട കേരളം.
ഒരുപക്ഷേ അതുകൊണ്ടായിരിക്കണം കേരളത്തെ “ദൈവത്തിന്റെ സ്വന്തം നാട് “എന്ന് വിശേഷിപ്പിക്കുന്നതും .
പസഫിക് സമുദ്രത്തിൽ നിന്നും പുറപ്പെട്ട് ഇന്ത്യൻ മഹാസമുദ്രം വഴി അറബിക്കടലിൽ എത്തുന്ന വർഷമേഘങ്ങളെ തടുത്തു നിർത്തി മഴ പെയ്യിപ്പിച്ച് കേരളത്തെ സസ്യശ്യാമളമാക്കുന്നതിൽ പശ്ചിമഘട്ടത്തിന് ഒരു വലിയ പങ്കുണ്ട്.

ഈ മഴ തന്നെയാണ് മരതകപ്പട്ടുടുത്ത മലയാള നാടിന്റെ സാംസ്ക്കാരിക ചൈതന്യത്തിന് മാറ്റുകൂട്ടുന്നതും .
മഴയും മഴവില്ലുമെല്ലാം നമ്മുടെ കഥാകൃത്തുക്കൾക്കും കവികൾക്കും ഗാനരചയിതാക്കൾക്കുമെല്ലാം എന്നും മോഹിപ്പിക്കുന്ന പ്രചോദനമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി പത്മരാജന്റെ “തൂവാനത്തുമ്പികൾ ” എന്ന ചിത്രത്തിൽ മഴ ഒരു പ്രധാന കഥാപാത്രമായി കടന്നുവരുന്നുണ്ട് .
ക്ലാരയുടേയും ജയകൃഷ്ണന്റേയും കണ്ടുമുട്ടലുകൾക്കും
അവരുടെ കാമസുഗന്ധിയായ ആദ്യാനുഭവങ്ങൾക്കുമെല്ലാം മഴയുടെ കുളിരുണ്ടായിരുന്നുവല്ലോ..?
എന്തായാലും മഴയും മലയാളനാടുമായി അഭേദ്യമായ ഒരു ബന്ധമുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

ആയതിനാൽ വെള്ളിത്തിരകളെ കുളിരണിയിച്ച ഏതാനും
മഴപ്പാട്ടുകളെ ഓർത്തെടുക്കുകയാണ് ഇന്നത്തെ
“പാട്ടോർമ്മ” കളിലൂടെ …

“പനിനീർ മഴ പൂമഴ തേൻമഴ
മഴയിൽ കുതിരുന്നൊരഴകേ നനയുന്ന കഞ്ചുകമോ സഖി നിന്നെ പൊതിയും യൗവ്വനമോ …”
(ചിത്രം ഭൂമിദേവി പുഷ്പിണിയായി – രചന വയലാർ -സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്)

“പ്രണയ മണിത്തൂവൽ
കൊഴിയും പവിഴമഴ
മഴവിൽ കുളിരഴകു
വിരിഞ്ഞൊരു വർണമഴ …”

(ചിത്രം അഴകിയ രാവണൻ- രചന കൈതപ്രം -സംഗീതം വിദ്യാസാഗർ ആലാപനം സുജാത )

“മൗനം പോലും മധുരം
ഈ മധുനിലാവിൻ മഴയിൽ… ”
(ചിത്രം സാഗരസംഗമം -രചന ശ്രീകുമാരൻ തമ്പി – സംഗീതം ഇളയരാജ – ആലാപനം ജയചന്ദ്രൻ – ജാനകി )

“മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു മണിമുകിൽ തേരിലിറങ്ങി …. ”
( ചിത്രം കാറ്റു വിതച്ചവൻ -ഗാനരചന പൂവച്ചൽ ഖാദർ – സംഗീതം പീറ്റർ റൂബൻ -ആലാപനം യേശുദാസ് .)

“മാരിവില്ലു പന്തലിട്ട ദൂരചക്രവാളം …”
( ചിത്രം തീർത്ഥയാത്ര – രചന പി.ഭാസ്ക്കരൻ – സംഗീതം എ ടി ഉമ്മർ – ആലാപനം യേശുദാസ്)

“മാനത്തെ മഴമുകിൽ മാലകളേ …. ”
( ചിത്രം കണ്ണപ്പനുണ്ണി – ഗാനരചന പി ഭാസ്കരൻ – സംഗീതം കെ രാഘവൻ ആലാപനം പി സുശീല )

“മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസ സന്ധ്യകളേ …”
(ചിത്രം കറുത്ത പൗർണ്ണമി – ഗാനരചന പി ഭാസ്കരൻ – സംഗീതം എം കെ അർജ്ജുനൻ – ആലാപനം യേശുദാസ് )

“തുള്ളിക്കൊരുകുടം പേമാരി …”
( ചിത്രം ഈറ്റ – ഗാനരചന യൂസഫലി കേച്ചേരി – സംഗീതം ദേവരാജൻ ആലാപനം യേശുദാസ് മാധുരി )

“അമ്പിളി വിടരും പെന്മാനം പൈങ്കിളി പാടും മലയോരം പൂമഴയായിന്നു തേൻമഴയായ്…..”
(ചിത്രം കാട് – ഗാനരചന ശ്രീകുമാരൻ തമ്പി – സംഗീതം വേദ്പാൽ വർമ്മ , ആലാപനം യേശുദാസ് , ജാനകി )

“മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത് …. ”
( ചിത്രം പ്രേമാഭിഷേകം – രചന പൂവച്ചൽ ഖാദർ – സംഗീതം ഗംഗൈ അമരൻ , ആലാപനം യേശുദാസ് , വാണിജയറാം.)

“മഴ കൊണ്ടു മാത്രം
മുളയ്ക്കുന്ന വിത്തുകൾ
ചിലതുണ്ട് മണ്ണിൻ മനസ്സിൽ … ”
( ചിത്രം സ്പിരിറ്റ് – രചന റഫീഖ് അഹമ്മദ് – സംഗീതം ഷഹബാസ് അമൻ – ആലാപനം വിജയ് യേശുദാസ് )

“ദും ദും ദും ദുന്ദുഭിനാദം
നാദം നാദം …”
(ചിത്രം വൈശാലി, ഗാനരചന
ഓ എൻ വി കുറുപ്പ്, സംഗീതം ബോംബെ രവി – ആലാപനം ദിനേശ് ,ലതിക. )

” പുതുമഴയായ് പൊഴിയാം …”
( രചന കൈതപ്രം – സംഗീതം മോഹൻ സിത്താര – ആലാപനം എം.ജി. ശ്രീകുമാർ – ചിത്രം മുദ്ര )

“മഴവിൽക്കൊടികാവടിയഴക് വിടർത്തിയ മാനത്തെ പൂങ്കാവിൽ …. ”
(ചിത്രം സ്വപ്നം – രചന
ഓ എൻ വി കുറുപ്പ് – സംഗീതം സലീൽ ചൗധരി – ആലാപനം വാണി ജയറാം,)

“മഴമുകിൽച്ചിത്രവേള
മകയിരം ഞാറ്റുവേല …. ”
( ചിത്രം മുദ്രമോതിരം -രചന ശ്രീകുമാരൻ തമ്പി -സംഗീതം ദേവരാജൻ -ആലാപനം യേശുദാസ്.)

“മഴ മഴ മഴ മഴ
മാനത്തുണ്ടൊരു പവിഴമഴ …”
(ചിത്രം മനസ്സിൽ ഒരു മഞ്ഞുതുള്ളി – രചന എം ഡി രാജേന്ദ്രൻ – സംഗീതം ബോംബെ രവി – ആലാപനം ജയചന്ദ്രൻ)

എന്നിവയെല്ലാം മഴയുടെ കുളിരുള്ള മലയാളത്തിലെ നിത്യവസന്ത ഗാനങ്ങളാണ്.
ഋതുഭേദങ്ങളുടെ പാരിതോഷികങ്ങളായി പ്രകൃതി നമുക്ക് തന്ന മഴയുടെ മനോഹാരിത ഇനിയുള്ള നാളുകളിൽ ആസ്വദിക്കാം .
ഒപ്പം മഴ ഗാനങ്ങളും …