
സ്വന്തം ലേഖകൻ
കോട്ടയം: വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ ബാബുചാഴിക്കാടന്റെ നിറംമങ്ങാത്ത ഓർമ്മകൾക്കു മുന്നിൽ തലകുമ്പിട്ട് നിൽക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാർച്ച് 23 രാവിലെ 10.30 ന് വാര്യമുട്ടത്തെത്തും. വാര്യമുട്ടത്തെ ബാബു ചാഴിക്കാടന്റെ സ്്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി, ബാബുവിന്റെ സഹോദരൻ തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആവേശം നിറയ്ക്കാനായാണ് രമേശ് ചെന്നിത്തല എത്തുന്നത് . 23 ന് രാവിലെ 10.30 ന് ബാബു ചാഴിക്കാടന്റെ വാര്യമുട്ടത്തെ സ്മൃതി മണ്ഡപത്തിൽ എത്തുന്ന രമേശ് ചെന്നിത്തല ഇവിടെ പുഷ്പാർച്ച്ന നടത്തും.
1991 ലെ ഒരു തിരഞ്ഞെടുപ്പ് കാലത്താണ് ബാബു ചാഴിക്കാടന്റെ ജീവൻ അപ്രതീക്ഷിതമായി എത്തിയ മിന്നൽ തകർത്തത്. രമേശ് ചെന്നിത്തലയ്ക്കൊപ്പം പ്രചാരണ പ്രവർത്തനങ്ങൾക്കായി തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ബാബു ചാഴിക്കാടൻ. അപ്രതീക്ഷിതമായി എത്തിയ മിന്നലിൽ രണ്ടു പേരും വാഹനത്തിനുള്ളിലേയ്ക്ക് തെറിച്ചു വീണു. അബോധാവസ്ഥയിലായ രണ്ടു പേരെയും വാഹനത്തിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, ബാബു ചാഴിക്കാടനെ മരണം തട്ടിയെടുത്തിരുന്നു.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന പാർലമെന്റ് മണ്ഡലം കൺവൻഷനിൽ രമേശ് ചെന്നിത്തല വികാര നിർഭരമായ പ്രസംഗത്തോടെ ഇത് തുറന്നു പറയുകയും ചെയ്തിരുന്നു. ബാബു ചാഴിക്കാടനൊപ്പം സഞ്ചരിച്ച ആ സമയം ഓർത്തെടുത്താണ് രമേശ് ചെന്നിത്തല പ്രസംഗം നടത്തിയത്.
ബാബു ചാഴിക്കാടന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയ തോമസ് ചാഴിക്കാടൻ 786 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ രമേശ് ചെന്നിത്തലയുടെ ഓർമ്മകളിൽ വീണ്ടും ബാബു ചാഴിക്കാടൻ എത്തുകയാണ്.