
കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അലോട്ടി അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര സ്വദേശി അലോട്ടി എന്ന് വിളിക്കുന്ന ജെയിസ് മോൻ (30), മീനടം സ്വദേശി ടിജോ.കെ.തോമസ് (38) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ജെയിസ് മോനും, ടിജോയും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 10:30 മണിയോടുകൂടി പുതുപ്പള്ളി പേരച്ചുവട് ഭാഗത്തുള്ള ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ മർദ്ദിച്ചു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
യുവാവിന്റെ പിതാവ് ജെയിസിനെതിരെ പോലീസിൽ പരാതി നൽകിയതിന്റെ വിരോധം മൂലമാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമത്തിന് ശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അലോട്ടിക്ക് ഗാന്ധിനഗർ, കിടങ്ങൂർ, തിരുവല്ല, തൃക്കൊടിത്താനം, വള്ളികുന്നം, കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ്, ഏറ്റുമാനൂർ, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



