രാജ്യം മാറ്റത്തിന് ആഗ്രഹിക്കുന്നു: മോദിക്ക് ബദൽ കോൺഗ്രസ് മാത്രം : രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
കോട്ടയം: ദേശീയ രാഷ്ട്രീയം , രാജ്യം മാറ്റത്തിനും പരിവർത്തനത്തിനും ദാഹിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് പാർലമെന്റ് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മോദി ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. മോദിയുടെ വർഗീയ ഭരണത്തിന് കടിഞ്ഞാണിടാൻ ആർക്ക് കഴിയും എന്നാണ് ജനങ്ങൾ ചോദിക്കുന്ന ചോദ്യം. ഇതിനായി അൻപത് സീറ്റിൽ താഴെ മാത്രം മത്സരിക്കുന്ന സിപിഎമ്മിന് വോട്ട് ചെയ്യണോ , മോദിക്ക് ബദലാകുന്ന കോൺഗ്രസിന് വോട്ട് ചെയ്യണോ എന്ന് ജനങ്ങൾ തീരുമാനിക്കുന്ന സമയമാണ്. സി പി എമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം കോൺഗ്രസിന്റെ സീറ്റ് പരമാവധി കുറയ്ക്കലാണ്. രണ്ടു പേരും സഞ്ചരിക്കുന്നത് ഒരേ ദിശയിലാണ്. രണ്ടു ലക്ഷം പേർക്ക് തൊഴിൽ കൊടുക്കും എന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി അഞ്ച് വർഷം കൊണ്ട് ഒരാൾക്ക് പോലും തൊഴിൽ നൽകിയില്ല. ആര് എന്ത് കഴിക്കണം എന്ത് ധരിക്കണം എന്ന് ആർ എസ് എസ് തീരുമാനിക്കുന്ന അഞ്ച് വർഷമാണ് കടന്ന് പോയത്. ഇതിലും കഷ്ടമാണ് കേരളത്തിലെ സർക്കാരിന്റെ ഭരണം. ഇന്ന് പുറത്ത് വന്ന വാർത്ത കേരളം കോടികൾ മുടക്കി ഹെലിക്കോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ്. ക്ഷേമപെൻഷൻ കൊടുക്കാൻ പണമില്ലന്ന് പറയുന്നവരാണ് ഹെലിക്കോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. കർഷകരുടെ പ്രശ്നങ്ങളിൽ മന്ത്രി സഭ തീരുമാനം ഉത്തരവായി പുറത്തിറക്കാൻ പോലും സാധിച്ചിട്ടില്ല. പിണറായി വിജയൻ പറഞ്ഞാൽ ചീഫ് സെക്രട്ടറി പോയിട്ട് പ്യൂൺ പോലും കേൾക്കാത്ത അവസ്ഥയിലാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാർ ഭരിക്കുന്നു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സർക്കാർ. വിശ്വാസികളോട് യുദ്ധം പ്രഖ്യാപിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. ചർച്ച് ബിൽ മുന്നോട്ട് കൊണ്ടു പോകാനാണ് സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് ആയത് കൊണ്ടാണ് ഈ ബിൽ മാറ്റി വച്ചിരിക്കുന്നത്. ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു അങ്ങ് ബിൽ പിൻവലിക്കണം എന്ന്. എന്നാൽ അദേഹം ഇത് ഇത് വരെ ചെയ്യാൻ തയ്യാറായിട്ടില്ല. കേരളത്തിലെ മത വിശ്വാസത്തിന് നേരെ വെല്ലുവിളി നടത്തുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ , കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ എ , കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എംപി , സി.എഫ് തോമസ് എംഎൽഎ , കെ.സി ജോസഫ് എം എൽ എ , മഹിളാ കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് , കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനുപ് ജേക്കബ് എം.എൽ എ , മോൻസ് ജോസഫ് എംഎൽ എ , എൻ.ജയരാജ് എം എൽ എ , മുൻ എംപി ജോയി എബ്രഹാം , കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലുർ , യു ഡി എഫ് ചെയർമാൻ സണ്ണി തെക്കേടം , കൺവീനർ ജോസി സെബാസ്റ്റ്യൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി , നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോന , മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ , ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് , തോമസ് ഉണ്ണിയാടൻ , ഫോർവേഡ് ബ്ളോക്ക് നേതാവ് റാം മോഹൻ , മുൻ എം എൽ എ വി.ജെ പൗലോസ് , മുൻ ഡി സി സി പ്രസിഡന്റ് കുര്യൻ ജോയി , മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി , ടോമി കല്ലാനി , ഇ.എം ആഗസ്തി , കോൺഗ്രസ് എസ് നേതാവ് സനൽ മാവേലി , ജോയി ചെട്ടിശേരി , ആർ.ജെ.ഡി നേതാവ് ടി.കെ ഭാസി , ജനതാദൾ നേതാവ് സെബാസ്റ്റ്യൻ , തമ്പി ചന്ദ്രൻ , കെ.പി സി സി നേതാക്കളായ ഫിലിപ്പ് ജോസഫ് , നാട്ടകം സുരേഷ്, എസ് രാജീവ് , നന്തിയോട് ബഷീർ എന്നിവർ പ്രസംഗിച്ചു.