വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ എസ്.ഐയെ രക്ഷിക്കാൻ ഉന്നത ഇടപെടൽ: പോക്കറ്റടിക്കാരെ പോലും നിരത്തി നിർത്തി പടമെടുക്കുന്ന പൊലീസുകാർ എസ്‌ഐയുടെ ചിത്രം മുക്കി; കൊച്ചു കുട്ടിയെ പീഡിപ്പിച്ച എസ്.ഐയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്; പ്രതിയെ ബുധനാഴ്ച സസ്‌പെന്റ് ചെയ്‌തേക്കും
തേർഡ് ഐ ബ്യൂറോ
കോട്ടയം: അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തിയെത്തി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ എസ്.ഐയെ രക്ഷിക്കാൻ ഉന്നത ശ്രമം. പെറ്റിക്കേസിൽ കുടുങ്ങുന്ന പാവങ്ങളുടെ ചിത്രവും വാർത്തയും ഉടൻ പ്രചരിപ്പിക്കുന്ന പൊലീസുകാർ സഹ പ്രവർത്തകന്റെ ചിത്രം മുക്കി. എ.ആർ ക്യാമ്പിലെ എസ്.ഐ ഷാജുദീനെയാണ് കഴിഞ്ഞ ദിവസം പ്രകൃതി വിരുദ്ധ പീഡനത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നാണ് വിദ്യാർത്ഥിയെ ഷാജുദീൻ കൂട്ടിക്കൊണ്ടു പോയത്. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കുട്ടിയുടെ പിതാവ് തന്നെയാണ് ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, കുട്ടിയുടെ മൊഴിയിലെ പല ഭാഗങ്ങളും ഒഴിവാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ആരോപണമുണ്ട്. എസ്.ഐയ്‌ക്കെതിരെ ചെറിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്നും തേർഡ് ഐ ന്യൂസ് ലൈവിനു വിവരം ലഭിച്ചിട്ടുണ്ട്.
കുട്ടിയുടെ പിതാവിനെ സ്വാധീനിച്ച് പരാതി പിൻവലിപ്പിക്കാനുള്ള ശ്രമവും വിവിധ മേഖലകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, ഇന്ന് രാവിലെ മാത്രമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐയ്‌ക്കെതിരെ മുൻപും സമാന രീതിയിലുള്ള ആരോപണം ഉയർന്നിട്ടുണ്ട്. പ്രകൃതി വിരുദ്ധ പീഡനശ്രമം ഉണ്ടായതായി ആരോപണം ഉയർന്നെങ്കിലും പല പരാതികളും പൊലീസിനെ സ്വാധീനം ഉപയോഗിച്ച് ഷാജുദീൻ മുക്കുകയായിരുന്നുവെന്നാണ് സൂചന. ഇതിനിടെ ഷാജുദീനെ ബുധനാഴ്ച ഉച്ചയോടെ സസ്‌പെന്റ് ചെയ്‌തേക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഷാജുദീനെതിരായ പരാതി സംബന്ധിച്ചു അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം നൽകിയിട്ടുമുണ്ട്.