ബൈക്കിന് സൈഡ് നൽകിയില്ല ദമ്പതികള്‍ക്ക് ക്രൂരമർദനം: മർദ്ദിച്ചവരിൽ ഒരാൾ ഭാര്യയെ കൊന്ന കേസിൽ പ്രതി
കൊല്ലം: ഇടമുളയ്ക്കലിൽ ബൈക്കിനു സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ദമ്പതികൾക്ക് ക്രൂരമർദനം. വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്ക് വാഹനത്തിൽ വെള്ളവുമായി എത്തിയ ദമ്പതികളെയാണ് രണ്ടംഗ സംഘം മർദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ആഷിഖ് ഹുസൈനും ഭാര്യയ്ക്കുമാണ് മർദനമേറ്റത്.
വെള്ളവുമായി എത്തിയ വാഹനം റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ബൈക്കിൽ എത്തിയ തുമ്പിക്കുന്ന് സ്വദേശി ഷാനവാസും റിയാസും ബൈക്കിന് പോകാൻ സ്ഥലമില്ലെന്ന് പറഞ്ഞ് ദമ്പതികളുമായി തർക്കിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് ഇരുവരെയും മർദിക്കുകയുമായിരുന്നു.
മർദനം തടയാനെത്തിയ പനച്ചിവിള സ്വദേശി അനി എന്നയാൾക്കും മർദനമേറ്റു. നിർമാണ സ്ഥലത്തേക്ക് ചോറുമായെത്തിയതായിരുന്നു അനി. ഷാനവാസും റിയാസും ചേർന്ന് നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോപണവിധേയനായ ഷാനവാസ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. രണ്ടുപേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ദമ്പതികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതോടെ പൊലീസ് ഇരുവർക്കും എതിരെ അന്വേഷണം തുടങ്ങി.