
കോട്ടയം : ഹരിതകേരളത്തിലൂടെ ചുവടുവെച്ചു കോട്ടയം ജില്ലയുടെ നെല്ലറയായി മാറുകയാണ് കല്ലറ ഗ്രാമപഞ്ചായത്ത്. ഹരിതകേരളം മിഷനും കൃഷിവകുപ്പും കൈകോർത്തതോടെ
വർഷങ്ങളായി തരിശു കയറി കിടന്ന 426 ഏക്കർ പാടശേഖരങ്ങളാണ് ഇതിനോടകം കതിരണിഞ്ഞത്. പത്തു വർഷത്തോളം തരിശു കയറി കാടുപിടിച്ചു ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരുന്ന മാലിക്കരി , ചേനക്കാല പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കിയാരുന്നു കല്ലറ പഞ്ചായത് തരിശു കൃഷിക്ക് തുടക്കം കുറിച്ചത്. കൃഷിവകുപ്പിന്റെ ശക്തമായ ഇടപെടലിൽ 65 ശതമാനത്തോളം രാസവള പ്രയോഗം കുറച്ചായിരുന്നു നെൽകൃഷി. പാടശേഖരങ്ങളിലെ മണ്ണിന്റെ സ്വഭാവം അറിഞ്ഞു കൃഷി ചെയ്യുന്നതിനായി പഞ്ചായത്തിന് പരിധിയിലുള്ള എല്ലാ പാടശേഖരങ്ങളിലെയും മണ്ണ് പരിശോധിച്ച് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.
കർഷകർക്ക് ജൈവകീടനാശിനി, ജൈവവളം എന്നിവ 50 ശതമാനം സബ്സിഡിയിൽ കൃഷിവകുപ്പ് വിതരണം ചെയ്തിരുന്നു.
കല്ലറ പഞ്ചായത്തിൽ ആകെ 78 പാടശേഖരങ്ങളാണുള്ളത്. ഇതിൽ 58 പാടശേഖരങ്ങളിൽ നിലവിൽ നെൽകൃഷി ആരംഭിച്ചു കഴിഞ്ഞു. തൊഴിലുറപ്പിന്റെ സഹകരണത്തോടെ 42 കിലോമീറ്ററോളം ബണ്ടുകളും പൂർത്തീകരിച്ചു. മാലിന്യം അടിഞ്ഞു ഒഴുക്ക് മുറിഞ്ഞ പത്തുകിലോമീറ്ററോളം കൈതോടുകൾ വൃത്തിയാക്കിയാണ് നെൽക്കൃഷിയിലേക്കു കടന്നത്.പഞ്ചായത്തിലെ പ്രധാന ജലാശയങ്ങളിൽ ഒന്നായ പുത്തൻതോട് കൃഷിവകുപ്പും ഇറിഗേഷൻ വകുപ്പും ചേർന്ന് പത്തുലക്ഷം രൂപയോളം ചെലവഴിച്ചാണ് വൃത്തിയാക്കിയത്. നൂറു ഹെക്ടറിൽ കൂടി കൃഷി ആരംഭിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്കു തുടക്കമിട്ടു കഴിഞ്ഞു.
ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്തു ഏറ്റവും കൂടുതൽ തരിശുപാട കൃഷി നടത്തിയത് കല്ലറ പഞ്ചായത്തിലാണെന്നു കൃഷി ഓഫീസർ ജോസഫ് റെഫിൻ ജെഫ്‌റി പറഞ്ഞു.
രണ്ടുവർഷത്തിനുള്ളിൽ കേരളത്തിലെ തരിശു രഹിത പഞ്ചായത്താകാനുള്ള ഒരുക്കത്തിലാണ് കല്ലറ.