
ആന്ധ്രാപ്രദേശില്‍ അടുത്ത ദിവസം വോട്ടെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം ലംഘിച്ചു ; നടൻ അല്ലു അർജുനെതിരെ കേസ്
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടൻ അല്ലു അർജുനെതിരെ കേസ്. വൈഎസ്‌ആർസിപി എം എല്‍ എ രവിചന്ദ്ര കിഷോർ റെഡ്‌ഡിക്കെതിരെയും കേസുണ്ട്. ആന്ധ്രാപ്രദേശില്‍ അടുത്ത ദിവസം വോട്ടെടുപ്പ് നടക്കാനിരിക്കെ, നിശബ്ദപ്രചാരണ ഉപാധി ലംഘിച്ച് എം എല്‍ എയുടെ നന്ദ്യാലയിലെ വസതിയില്‍ പൊതുയോഗം സംഘടിപ്പിച്ചുവെന്നാണ് ഇരുവർക്കുമെതിരെയുള്ള ആരോപണം.
കിഷോർ റെഡ്ഡിയാണ് അല്ലു അർജുനെ ശനിയാഴ്ച തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. മുൻകൂട്ടി അനുമതിയൊന്നും വാങ്ങാതെയായിരുന്നു നീക്കം. അല്ലു അർജുൻ എത്തുന്നുവെന്ന് പരന്നതോടെ ആള്‍ക്കൂട്ടമുണ്ടായി. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ആന്ധ്രാപ്രദേശില്‍ 144-ാം വകുപ്പ് നിലവിലുണ്ട്. ഇത് ലംഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നന്ദ്യാല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ട നന്ദ്യാല റൂറലില്‍ നിന്നുള്ള ഡെപ്യൂട്ടി തഹസില്‍ദാർ പി രാമചന്ദ്ര റാവുവാണ് നടപടിയെടുത്തത്.
അല്ലുവിനെ രംഗത്തിറക്കിയതിലൂടെ വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് വൈഎസ്‌ആർസിപി ക്യാമ്ബ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തന്റെ സുഹൃത്തിനെ സഹായിക്കാനാണ് എത്തിയതെന്നും ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു. “ഞാൻ തനിച്ചാണ് ഇവിടെ വന്നത്. എൻ്റെ സുഹൃത്തുക്കള്‍ അവർ ഏത് മേഖലയിലാണെങ്കിലും എൻ്റെ സഹായം ആവശ്യമെങ്കില്‍ ഞാൻ അവരെ സഹായിക്കുകയും ചെയ്യും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ഞാൻ പിന്തുണയ്ക്കുന്നുവെന്ന് ഇതിനർഥമില്ല” അല്ലു അർജുൻ പറഞ്ഞു.
അല്ലു അർജുന്റെ അടുത്ത ബന്ധുവാണ് ജന സേന പാർട്ടി നേതാവ് പവൻ കല്യാണ്‍. അദ്ദേഹം എൻഡിഎ മുന്നണിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് രംഗത്തുണ്ടെങ്കിലും അല്ലു അർജുൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. പകരം സുഹൃത്തായ വൈഎസ്‌ആർ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് പിന്തുണ അറിയിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.