video
play-sharp-fill

കോട്ടയം നഗരം സ്ത്രീ സുരക്ഷിതമോ…? സന്ധ്യമയങ്ങിയാൽ ഇരുട്ടിൽ മുങ്ങി ശാസ്ത്രി റോഡിലെ ബസ് സ്‌റ്റോപ്പ്; തോണ്ടലും അശ്ലീല കമന്റും ഭയന്ന് സ്ത്രീകൾ ശാസ്ത്രി റോഡ് ഉപേക്ഷിക്കുന്നു: നഗരത്തെ ഇരുട്ടിലാക്കി നഗരസഭയുടെ ഭരണം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരം സ്ത്രീ സുരക്ഷിതമാണോ..? രാത്രിയിൽ ഇരുട്ട് നിറഞ്ഞ നഗരത്തിലേയ്ക്കിറങ്ങിയാൽ ഒരാളും ഇത് സമ്മതിക്കില്ല. നഗരസഭ ഓഫിസിന്റെ മൂക്കിൻ തുമ്പത്ത് ശാസ്ത്രി റോഡിലെ ബസ് സ്‌റ്റോപ്പിൽ ഒരു തുള്ളി പോലും വെളിച്ചമില്ല. ചൊവ്വാഴ്ച വൈകിട്ട് ഏഴരയ്ക്ക് തേർഡ് ഐ ന്യൂസ് ലൈവ് സംഘം പകർത്തിയ ചിത്രങ്ങളാണ് വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്നത്. സ്ഥലം ഏതെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത രീതിയിലുള്ള ഇരുട്ടാണ് നഗരത്തെ വിഴുങ്ങാൻ നിൽക്കുന്നത്.

സ്ത്രീകൾ അടക്കം നിരവധി യാത്രക്കാരാണ് ദിവസവും ഈ സമയത്ത് ശാസ്ത്രി റോഡിലെ ബസ് സ്റ്റാൻഡിൽ എത്തുന്നത്. എന്നാൽ, തിരിഞ്ഞ് നോക്കാൻ പോലും തയ്യാറല്ലാത്ത നഗരസഭ അധികൃതർ ഈ നാടിനെ കുരുതിക്കളമാക്കാൻ തയ്യാറെടുക്കുകയാണ്. ഡോക്ടറേറ്റ് നേടിയ ഒരു വനിത നഗരം ഭരിക്കുമ്പോഴാണ് നഗരസഭയുടെ വിളിപ്പാടകലെ ഒരു ബസ് സ്റ്റോപ്പ് രാത്രിയിൽ ഇരുട്ടിൽ മുങ്ങിക്കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സ്ത്രീകളാണ് സന്ധ്യമയങ്ങിയാൽ ഈ റോഡിലൂടെ എത്തുന്നത്. ബസ് സ്‌റ്റോപ്പിലേയ്ക്ക് പോകാനുള്ള ഭയം മൂലം പലരും ശീമാട്ടി റൗണ്ടാനയുടെ സമീപത്തെ വളവിൽ നിന്നാണ് ബസ് കയറുന്നത്. കഞ്ഞിക്കുഴി, കളത്തിപ്പടി, വടവാതൂർ, മണർകാട് പ്രദേശത്തേയ്ക്കുള്ള സ്്ത്രീകളാണ് രാത്രിയിൽ ഇവിടെ എത്തുന്നവരിൽ കൂടുതലും. രാത്രി കാലങ്ങളിൽ മദ്യപാനി സംഘങ്ങളാണ് ഈ ബസ് സ്റ്റോപ്പിൽ കിടക്കുന്നത്. മദ്യപിച്ച് നഗ്നരായി പോലും പലരും ഇവിടെ കിടക്കാറുണ്ട്. പകൽ സമയത്ത് പോലും ഇതാണ് ഈ ബസ് സ്‌റ്റോപ്പിലെ അവസ്ഥ അപ്പോഴാണ് രാത്രിയിൽ..! 


പിങ്ക് പൊലീസും, കൺട്രോൾ റൂം വാഹനവും രാത്രിയിൽ ഈ പ്രദേശത്ത് പെട്രോളിംഗിനായി എത്താറുണ്ട്. ദൂരെ നിന്നു തന്നെ പൊലീസ് വാഹനത്തിന്റെ വെളിച്ചം വീഴുമ്പോൾ തന്നെ സാമൂഹ്യ വിരുദ്ധ സംഘം മറയും.

പിന്നീട് പൊലീസ് പോയതിനു ശേഷം മാത്രമാണ് ഇവർ മടങ്ങിയെത്തുന്നത്. അടിയന്തരമായി ബസ് സ്‌റ്റോപ്പിൽ വെളിച്ചം കൊണ്ടു വരിക മാത്രമാണ് സാമൂഹ്യ വിരുദ്ധ സംഘത്തെ അമർച്ച ചെയ്യാനുള്ള മാർഗമെന്നാണ് നാട്ടുകാർ പറയുന്നത്.