തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിലുള്ള കേസില്‍, നഷ്ടപ്പെട്ട മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്. സംഭവത്തില്‍ ബസ് കണ്ടക്ടർ സുബിനെ തമ്ബാനൂർ പൊലീസ് ചോദ്യം ചെയ്യുന്നു.
സുബിൻ ഡി വൈ എഫ് ഐ പ്രവർത്തകനാണെന്ന് യദു നേരത്തെ ആരോപിച്ചിരുന്നു. ബസ് പാർക്ക് ചെയ്ത സ്ഥലത്തും പരിസരത്തും സംഭവ സമയത്തും പിറ്റേന്നും ജോലി ചെയ്തവരെയും ചോദ്യം ചെയ്യും. ഇവരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നടക്കം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. സംഭവം നടന്നതിന്റെ പിറ്റേന്ന് യദു ബസിന് സമീപത്ത് കൂടി പോകുന്ന ദൃശ്യം കെ എസ് ആർ ടി സി ഡിപ്പോയിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. പൊലീസ് കഴിഞ്ഞ ദിവസം യദുവിന്റെ മൊഴിയെടുത്തിരുന്നു.
അതേസമയം, യദുവിന്റെ പരാതിയില്‍ കോടതി നിർദേശ പ്രകാരം, മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഉള്‍പ്പടെയുള്ള അഞ്ച് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ നോട്ടീസ് വൈകും. സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് ലഭിച്ചാലേ നോട്ടീസ് അയയ്‌ക്കാവൂ എന്ന് കന്റോണ്‍മെന്റ് പൊലീസിന് നിർദേശമുണ്ട്.