
സ്വന്തം ലേഖകൻ
ആലപ്പുഴ: സിനിമാ നിര്‍മാതാവ് ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന യുവാവ് അറസ്റ്റില്‍. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറില്‍ ബദരിയ മന്‍സിലില്‍ മുഹമ്മദ് ഹാരിസ് (36) ആണ് പിടിയിലായത്. കായംകുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വിഡിയോ കോള്‍ ചെയ്ത് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതി. അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കി സിനിമാ നിര്‍മാതാവ് ആണെന്നു പറഞ്ഞ് ബ്രോഷര്‍ അയച്ചു നല്‍കിയ ശേഷം അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷന്‍ നടത്താനാണെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് പെണ്‍കുട്ടികളെ ബന്ധപ്പെട്ട് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിഡിയോ കോളില്‍ വിളിച്ച് ഒരു രംഗം അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെടും. ഇത് അഭിനയിച്ചു കാണിക്കുമ്പോള്‍ നന്നായിട്ടുണ്ട് എന്നും അടുത്തതായി വേഷം മാറുന്ന രംഗം അഭിനയിക്കാന്‍ ആവശ്യപ്പെടും. ഇത്തരം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും.
കൂട്ടുകാരികളില്‍ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരുടെ ഫോണ്‍ നമ്പര്‍ തന്ത്രപൂര്‍വ്വം വിദ്യാര്‍ത്ഥിനികളില്‍ നിന്ന് കൈക്കലാക്കിയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പിന്നീട് വിവരമൊന്നും ലഭിക്കാതാകുമ്പോള്‍ പ്രതികരിക്കുന്നവരോട് ‘പുറത്തു പറഞ്ഞാല്‍ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. വിദ്യാഭ്യാസം കുറവായ സാധാരണക്കാരെ സ്‌കൂളില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് അവരുടെ പേരില്‍ സിം കാര്‍ഡുകളെടുത്താണ് പ്രതി കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു.