
തൊടുപുഴ : സി.പി.എം. നേതാവ് നിർദേശിച്ച കെട്ടിടം വാടകയ്ക്കെടുത്തില്ല. ഇതേത്തുടർന്ന്, 25 വർഷമായി തൊടുപുഴ റോട്ടറി ജങ്ഷനുസമീപം പ്രവർത്തിക്കുന്ന കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. ഇതോടെ അഞ്ച് താത്കാലിക ജീവനക്കാരുള്‍പ്പെടെ ആറുപേരുടെ ജോലിയും പ്രതിസന്ധിയിലായി.
ഏതാനും മാസം മുൻപ്, കട പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന് ഉടമ നോട്ടീസ് നല്‍കിയിരുന്നു. സ്ഥാപനം മാറ്റി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഏതാനും കെട്ടിടങ്ങളുടെ പട്ടിക സി.പി.എമ്മിന്റെ ഒരു പ്രാദേശികനേതാവ് നിർദേശിച്ചിരുന്നു. ഇവയൊന്നും അനുയോജ്യമല്ലാത്തതിനാല്‍ മൗണ്ട് സീനായ് റോഡില്‍ കണ്‍സ്യൂമർ ഫെഡ് കോട്ടയം റീജണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കെട്ടിടം കണ്ടെത്തി പ്രാഥമികപണികള്‍ ആരംഭിച്ചു.
പുതിയ കെട്ടിടമുടമയുമായി കരാറുണ്ടാക്കുന്നതിനുള്ള നടപടികളും അധികൃതർ തുടങ്ങി. എന്നാല്‍, പ്രാദേശികനേതാവ് നിർദേശിച്ച കെട്ടിടങ്ങള്‍ എടുക്കാതിരുന്നതോടെ അദ്ദേഹം തന്റെ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് നടപടികളെല്ലാം നിർത്തിവെപ്പിക്കുകയായിരുന്നെന്നാണ് വിവരം. ഇതോടെ, ഷോപ്പില്‍ അവശേഷിക്കുന്ന 10 ലക്ഷം രൂപയുടെ സ്റ്റോക്ക് പുറപ്പുഴ, കരിമണ്ണൂർ, ഇരുമ്ബുപാലം, ചെറുതോണി എന്നിവിടങ്ങളിലെ ത്രിവേണി ഷോപ്പുകളിലേക്ക് മാറ്റുന്ന ജോലികള്‍ നടന്നുവരികയാണ്. ഷോപ്പിലെ അഞ്ച് താത്കാലികജീവനക്കാരോട്, ഇനി ഷോപ്പ് തുറക്കുന്ന സമയം ജോലിക്കുവന്നാല്‍മതിയെന്ന് കണ്‍സ്യൂമർ ഫെഡ് നിർദേശം നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷോപ്പിലെ സ്ഥിരം ജീവനക്കാരൻ ഇനി എവിടെ ജോലിക്ക് ഹാജരാകണമെന്ന നിർദേശവും കോട്ടയം റീജണല്‍ ഓഫീസില്‍നിന്ന് നല്‍കിയിട്ടില്ല.
പി.ജെ.ജോസഫ് എം.എല്‍.എ.യുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റ് റോട്ടറി ജങ്ഷന് സമീപം പ്രവർത്തനം തുടങ്ങിയത്. തൊടുപുഴ മേഖലയിലെ ആദ്യകാല സൂപ്പർമാർക്കറ്റുകളിലൊന്നായിരുന്നു ഇത്. മാസം 30 ലക്ഷത്തോളം രൂപയുടെ കച്ചവടം നടന്നിരുന്നു. പ്രാദേശിക സി.പി.എം.നേതാവിന്റെ പിടിവാശിമൂലം ത്രിവേണി സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിയ നടപടിയില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്