അടിസ്ഥാന വർഗ്ഗ തൊഴിലാളികൾ ദുരിതത്തിലേക്ക് ; വേണാട് എക്സ്പ്രസ് ഇന്ന് ജംഗ്ഷനിൽ നിന്ന് വിട പറയും
എറണാകുളം : അഞ്ചുപതിറ്റാണ്ടിലേറെ എറണാകുളം ജംഗ്ഷനിലേയ്ക്ക് സർവീസ് നടത്തിയ വേണാട് ജംഗ്ഷൻ ഇന്ന് ഒഴിവാക്കുമ്പോൾ ചില്ലറ ദുരിതമൊന്നുമല്ല സ്ഥിര യാത്രാക്കാരെ കാത്തിരിക്കുന്നത്.
എറണാകുളം സൗത്ത് സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്ന മെഡിക്കൽ ട്രസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, ലക്ഷ്മി തുടങ്ങിയ ആശുപത്രികൾ, മലയാള മനോരമ, പാസ്പോർട്ട് ഓഫീസ്, എം ജി റോഡിലെ സ്വർണ്ണ- വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാർ, പനമ്പള്ളി നഗറിലെ ഓഫീസുകളിലെ ജീവനക്കാർ അങ്ങനെ നിരവധിപ്പേരെ വലയ്ക്കുന്ന തീരുമാനമാണ് ഇന്നത്തോടെ കൂടി റെയിൽവേ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പകരമായി പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു മെമു വേണമെന്ന ന്യായമായ ആവശ്യം മാത്രമാണ് യാത്രക്കാർ മുന്നോട്ടു വെയ്ക്കുന്നത്.
▪️സമയനഷ്ടം : പുതിയ സമയക്രമം പ്രകാരം രാവിലെ 09.50 എന്ന ഷെഡ്യൂൾ സമയത്ത് എറണാകുളം ടൗണിൽ വേണാടിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാരൻ മെട്രോ സ്റ്റേഷനിലെത്തി ബാഗ് സ്കാനും ചെക്കിങ് ഉം കഴിഞ്ഞ് രണ്ടാമത്തെ നിലയിലെത്തുമ്പോൾ തന്നെ ഓഫീസ് സമയം അതിക്രമിക്കും. തൃപ്പൂണിത്തുറയിൽ നിന്ന് മെട്രോ പിടിച്ചാൽ പോലും ഇതുവരെ വേണാട് ജംഗ്ഷനിൽ എത്തിക്കൊണ്ടിരുന്ന സമയത്ത് ജംഗ്ഷനിൽ എത്താൻ സാധിക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
▪️സാമ്പത്തിക നഷ്ടം സാധാരണക്കാരന് താങ്ങാൻ കഴിയില്ല. മെട്രോ കാർഡ് ഉപയോഗിച്ചാൽ തന്നെ ഒരു ദിശയിലേയ്ക്ക് 24 രൂപ വേണം തൃപ്പൂണിത്തുറയിൽ നിന്ന് ജംഗ്ഷനിലെത്താൻ. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദിവസവും 48 രൂപയെന്ന വലിയ സാമ്പത്തിക ബാധ്യത തന്നെയാണ്. കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് 270 രൂപയ്ക്ക് ഒരുമാസം സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ഒരാൾ തൃപ്പൂണിത്തുറയിൽ നിന്ന് കേവലം ഒരു സ്റ്റേഷൻ പിന്നിടാൻ 1440 രൂപ അധികമായി കണ്ടെത്തണം.
▪️ഉച്ചയ്ക്ക് 01.35 നുള്ള 06769 എറണാകുളം കൊല്ലം മെമുവിന് ശേഷം 06.15 ന് മാത്രമാണ് ഇനി കോട്ടയത്തേയ്ക്ക് ജംഗ്ഷനിൽ നിന്ന് സർവീസ് ഉണ്ടായിരിക്കുകയുള്ളു. നിലവിലെ മെമുവിലെ തിരക്ക് വളരെ അസഹനീയമാണ്. വേണാട് ജംഗ്ഷൻ ഒഴിവാക്കുമ്പോൾ മെമുവിലെ യാത്ര അതിദുരിതമാകും. 12 കോച്ചുകൾ മാത്രമുള്ള തിങ്ങി നിറഞ്ഞ മെമുവിൽ വേണാടിലെ യാത്രക്കാരെ കൂടി ഉൾക്കൊള്ളാനാവില്ല.
▪️രാവിലെ 06.58 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന പാലരുവി കഴിഞ്ഞാൽ ഒന്നരമണിക്കൂറിന് ശേഷമാണ് വേണാട് സർവീസ് നടത്തുന്നത്. ട്രെയിനിലെ തിരക്കുകൾക്ക് മൂലകാരണം ഈ ഇടവേളയാണ്. പാലരുവിയ്ക്കും വേണാടിനും ഇടയിൽ മെമു വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുന്നതാണ്.
▪️രാവിലെ 06.25 ന് കോട്ടയത്തുനിന്നും പുറപ്പെടുന്ന 06444 കൊല്ലം എറണാകുളം മെമുവിന് ശേഷം കടുത്തുരുത്തി, കാഞ്ഞിരമറ്റം സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്കും കൂടി പുതിയ ഒരു മെമു വന്നാൽ വളരെ ആശ്വാസമാകുന്നതാണ്. പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് കാസറഗോഡിലേയ്ക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് കായംകുളം കടന്നുപോയ ശേഷം 06.50 ന് കായംകുളത്ത് നിന്ന് പുറപ്പെടുന്ന വിധം ഒരു മെമുവിന്റെ സമയക്രമം ചിട്ടപ്പെടുത്തിയാൽ യാതൊരു തടസ്സങ്ങളും കൂടാതെ സർവീസ് നടത്താവുന്നതാണ്.
▪️വേണാടിനെ ഉൾകൊള്ളാൻ പറ്റുന്ന നീളമുള്ള 1,3 4 പ്ലാറ്റ്ഫോമുകൾ മാത്രമാണ് ജംഗ്ഷനിലുള്ളത്. പ്ലാറ്റ് ഫോം പ്രതിസന്ധിയ്‌ക്ക് പ്രധാന കാരണവും ഇതാണ്.മെമുവിന് പ്ലാറ്റ് ഫോം ദൗർലഭ്യം ബാധിക്കുന്നില്ല. 6 പ്ലാറ്റ് ഫോമുകളും പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു പ്ലാറ്റ് ഫോമിൽ 2 മെമു വരെ എറണാകുളം ജംഗ്ഷനിൽ അനുവദിക്കാറുമുണ്ട്.
▪️എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം ദൗർലഭ്യം പരിഹരിക്കേണ്ടത് സർവീസ് നടത്തുന്ന ട്രെയിനുകൾ ഒഴിവാക്കി കൊണ്ടല്ല. ആകെ 6 പ്ലാറ്റ് ഫോമുകൾ മാത്രമുള്ളതാണ് നമ്മുടെ പരാജയം. മാർഷേലിങ് യാർഡ് സ്റ്റേഷൻ സാധ്യമാകുന്നത് വരെ ഓരോന്നായി ഇങ്ങനെ ഒഴിവാക്കൽ തുടരാം. മെട്രോ കാണിച്ച് അടുത്തത് കൊല്ലം എറണാകുളം മെമു തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിമോ എന്ന ഭീതിയിലാണ് ഇപ്പോൾ യാത്രക്കാർ. അന്യസംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമ്പോൾ നമ്മുടെ ജംഗ്ഷനിലെ ഒരു പ്ലാറ്റ് ഫോമിന്റെ നീളം കൂട്ടാൻ പോലുമുള്ള ശ്രമങ്ങൾ നടക്കുന്നില്ല. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ലോക്കൽ ട്രെയിനുകൾക്ക് അടക്കം 17 പ്ലാറ്റ് ഫോമുകൾ ഉള്ളപ്പോൾ കേരളത്തിലെ പ്രധാന സർവീസുകൾ ആരംഭിക്കുന്ന ടെർമിനൽ സ്റ്റേഷനുകളായ എറണാകുളം ജംഗ്ഷൻ, കൊച്ചുവേളി, തിരുവനന്തപുരം സെൻട്രൽ എന്നിവ മൊത്തത്തിൽ ചേർത്താലെ 17 പ്ലാറ്റ് ഫോമുകൾ തികയ്ക്കാൻ സാധിക്കു. മെമുവിന് വേണ്ടി പ്രത്യേകം പ്ലാറ്റ് ഫോമുകളൊ 16 കാർ മെമു കൈകാര്യം ചെയ്യാനുള്ള മൈന്റൈനനസ് യാർഡുകളോ കേരളത്തിനില്ല.
▪️അടിസ്ഥാന വർഗ്ഗ തൊഴിലാളികൾ കൂടുതൽ ആശ്രയിക്കുന്ന സിംഹഭാഗം സ്ഥിരയാത്രക്കരുള്ള വേണാട് വഴി തിരിച്ചു വിടാൻ തെരഞ്ഞെടുത്ത തിയതിയും മെയ് 1 ആയതിൽ ഖേദമുണ്ട്. കനത്ത പ്രഹരമാണ് ഈ മെയ് ദിനത്തിൽ റെയിൽവേ തൊഴിലാളികൾക്ക് സമ്മാനിക്കുന്നത്. തികച്ചും പ്രതിഷേധാർഘമായ തീരുമാനം റെയിൽവേ പിൻവലിക്കുകയോ മെമു അടിയന്തിരമായി അനുവദിക്കുകയോ ചെയ്യുക. മെമു വിന്റെ റേക്ക് ലഭ്യമാകുന്നത് വരെ കാലതാമസം ഒഴിവാക്കാൻ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെടുന്നത്.