ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം ; അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം സജനയ്ക്ക് 11 റണ്‍സ്‌

Spread the love

സ്വന്തം ലേഖകൻ

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 44 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാ വനിതകള്‍ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ നിഗര്‍ സൂല്‍ത്താന(48 പന്തില്‍ 51) ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി നാല് ഓവര്‍ എറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങി രേണുക ടാക്കൂര്‍ സിങ് മൂന്ന് വിക്കറ്റ് നേടി. പൂജ വസ്ത്രക്കര്‍ രണ്ടും ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ, രാധാ മാധവ് എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 145 റണ്‍സെടുത്തത്. ടോസ് നേടി ഇന്ത്യ ബാറ്റിങിനിറങ്ങുകയായിരുന്നു. യസ്തിക ഭാട്ടിയ (36), ഷെഫാലി വര്‍മ (31), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (30), റിച്ച ഘോഷ് (23) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മലയാളി താരം സജന സജീവന്‍ 11 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 11 റണ്‍സെടുത്തു. സ്മൃതി മന്ധാന (9)യ്ക്ക് തിളങ്ങാനായില്ല. ബംഗ്ലാദേശിനായി റബെയ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറൂഫ അക്തര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഫരിഹ ട്രിസ്ന, ഫഹിമ ഖാതൂന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.