
ലണ്ടൻ: തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാല്‍ വെള്ളി വീഴും എന്ന അവസ്ഥയാണ്.
തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക് ബോംബില്‍ ഇടതു മുന്നണി കണ്‍വീനർ ഇ പി ജയരാജന്റെ വകയായി ചിതറിയ ചിന്തകള്‍ ഇപ്പോഴും മാധ്യമങ്ങളില്‍ തലക്കെട്ടായി നിറയുകയാണ്. ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തി എന്ന ഇപിയുടെ നിർദോഷം എന്ന മട്ടില്‍ വന്നു വീണ ആയുധത്തിന്റെ മുറിവേറ്റു പിടയുകയാണ് സിപിഎം.
ജയരാജൻ പറഞ്ഞതും അദ്ദേഹത്തിന്റെ എതിരാളികള്‍ ഏറ്റുപിടിച്ചതും ഇനിയും ദിവസങ്ങളോളം മലയാളികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടാനും മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനും അവസരം നല്‍കും എന്നിരിക്കെയാണ് നിർദോഷം എന്ന മട്ടില്‍ കാസർഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താന്റെ വായില്‍ നിന്നും വീണ അബദ്ധധോരണികള് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്മോഹന്റെ രണ്ടു മക്കളും യുകെയില്‍ ആണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അതില്‍ അല്പം അഭിമാനത്തോടെയല്ല മറിച്ചു ലേശം സങ്കടവും പരിഭവവും ഉള്‍പ്പെടുത്തിയാണ് നിലവില്‍ എംപിയായ രാജ്മോഹന്റെ വാക്കുകള്‍.
മക്കളായ അമലും അഖിലും ലണ്ടനില്‍ കൂലിപ്പണി എടുത്താണ് ജീവിക്കുന്നത് എന്നാണ് രാജ്മോഹന്റെ പരിഭവം. മാത്രമല്ല അച്ഛനായ തനിക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ ഒന്നും മക്കള്‍ക്ക് ലഭിച്ചില്ല എന്ന സങ്കടവും കൂടെ ചേർക്കുന്നുണ്ട്. ഇന്ത്യയില്‍ ഒരു രാഷ്ട്രീയക്കാരനായി ജീവിച്ചാല്‍ കൂലിപ്പണിക്കാരുടെ അവസ്ഥയില്‍ അല്ല ജീവിക്കേണ്ടി വരിക എന്ന സത്യം കൂടി രാജ്മോഹന്റെ വാക്കുകളില്‍ നിന്നും വ്യാഖ്യാനിക്കാം.
മാത്രമല്ല കൂലിപ്പണിക്ക് വരുമാനം കുറവാണ് എന്ന അർത്ഥത്തില്‍ ജോലിയുടെ അന്തസും എംപിയുടെ വാക്കുകളില്‍ മുഴച്ചു നില്‍പ്പുണ്ട്. യുകെയില്‍ ഏതു ജോലിക്കും മാന്യത ഉണ്ടെന്നും എംപി ഉദ്ദേശിച്ച കൂലിപ്പണികളായ പെയിന്റിങ്, ഗാർഡനിങ്, പ്ലംബിങ് തുടങ്ങി കാർ കഴുകി കൊടുക്കുന്നതിനു വരെ കൈനിറയെ ശമ്പളമാണ് കിട്ടുക.
ഓഫിസ് ജോലിയ്ക്ക് പലപ്പോഴും ഇത്രയും പണം കിട്ടിയെന്നു വരില്ല. ഇക്കാര്യം ഇന്ത്യയിലെ ഒരു എംപിക്ക് പോലും നിശ്ചയം ഇല്ലാതെയാണ് സ്വന്തം മക്കളെ ഓർത്തു പരിതപിക്കുന്നത് എന്നതും അദ്ദേഹത്തിന്റെ ധാരണകള്‍ എത്രത്തോളം ചെറുതാണ് എന്നും വ്യക്തമാക്കുന്നു.
എന്നാല്‍ രാജ്മോഹന്റെ വായില്‍ നിന്നും തെറിച്ചു വീണ അബദ്ധ പഞ്ചാംഗം എതിരാളികളും സോഷ്യല്‍ മീഡിയയും അതി മനോഹരമായി ആസ്വദിച്ചു എന്നതാണ് പിന്നീട് ഉണ്ടായ രസകരമായ കാഴ്ച. വാട്സാപ്പില്‍ രാജ്മോഹന്റെ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തു കൂലിപ്പണി രാജൻ എന്ന അഭിസംബോധനയോടെയാണ് പ്രചരിച്ചത്. ലണ്ടനില്‍ കൂലിപ്പണി ചെയ്യുന്ന മക്കളുടെ അച്ഛൻ എന്ന തലക്കെട്ടോടെ ഫേസ്ബുക് പോസ്റ്റുകളിലും രാജ്മോഹന്‍ വിഡ്ഢി വേഷം അണിയേണ്ടി വന്നു. ഇതോടൊപ്പം മുൻപ് അദ്ദേഹത്തിന്റേതായി പിറന്നു വീണ അബദ്ധങ്ങളും സോഷ്യല്‍ മീഡിയ ആഘോഷമാക്കി. എംപി എന്ന നിലയിലെ ശമ്പളവും അലവൻസും തികയുന്നില്ല, മാസം തോറും ഒരു ലക്ഷം രൂപ കടമാണ് എന്നൊക്കെയുള്ള പരിഭവങ്ങളുടെ തലക്കെട്ടും ഇന്നലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടി.
എന്നാല്‍ മക്കള്‍ രണ്ടും ലണ്ടനില്‍ ആണെന്ന കോണ്‍ഗ്രസ് എംപിയുടെ വെളിപ്പെടുത്തല്‍ കളിയാക്കാൻ പോലും ഉപയോഗിക്കാനാകാത്ത സങ്കടത്തിലായി പോയി പ്രധാന എതിരാളികളായ സിപിഎം അണികള്‍. കാരണം അവരുടെ സ്ഥാനാർിത്ഥിയായ എം വി ബാലകൃഷ്ണന്റെ മകളും യുകെ മലയാളിയാണ്. വെംബ്ലി നിവാസിയായ മകള്‍ പ്രവീണയും കുടുംബവും ഏറെനാളായി യുകെ മലയാളികളാണ്. ഐടി രംഗത്ത് ജോലി ലഭിച്ചാണ് പ്രവീണയും കുടുംബവും യുകെ മലയാളിയാകുന്നത്.



