സാക്ഷിമൊഴിയുടെ പകര്‍പ്പ് അക്രമിക്കപ്പെട്ട നടിക്ക് നല്‍കരുത്; ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ; ഹര്‍ജി നാളെ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജഡ്ജി ഹണി എം. വര്‍ഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴിയുടെ പകര്‍പ്പ് അക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണു ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി നാളെ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കും. കേസിലെ എട്ടാം പ്രതിയാണു ദിലീപ്.

തീര്‍പ്പാക്കിയ ഹര്‍ജിയിലാണു മൊഴി പകര്‍പ്പ് കൊടുക്കാന്‍ കോടതി ഉത്തരവിട്ടത് എന്നു ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. അതുകൊണ്ടു തന്നെ മൊഴികളുടെ പകര്‍പ്പ് നല്‍കാന്‍ നിയമപരമായി കഴിയില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നേരത്തെ, മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട എന്‍ക്വയറിയിലെ സാക്ഷിമൊഴികളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് അതിജീവിതയ്ക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ എന്‍ക്വയറി റിപ്പോര്‍ട്ട് പീഡനത്തിന് ഇരയായ നടിക്ക് നല്‍കുന്നതിനെയും ദിലീപിന്റെ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് 3 പേര്‍ പരിശോധിച്ചിരുന്നതായി എന്‍ക്വയറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റായിരുന്ന ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവര്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.