
എ.ടി.എം. കാർഡ് തട്ടിപ്പ് തടയാൻ ”ഡിസേബിൾ ” സൗകര്യവുമായി ബാങ്കിങ് ആപ്പുകൾ ..
സ്വന്തംലേഖകൻ
കോട്ടയം : എ.ടി.എം കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾക്കു കടിഞ്ഞാണിടാൻ ” ഡിസേബിൾ ” സേവനവുമായി ബാങ്കിങ് ആപ്പുകൾ. എ.ടി.എം കാർഡുകൾ ഉപയോഗത്തിന് ശേഷം ഡിസേബിൾ ചെയ്യുന്നതാണ് പദ്ധതി.
ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ.ടി.എം കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നിയന്ത്രിക്കാനും താൽക്കാലികമായി നിറുത്തിവയ്ക്കാനും സംവിധാനമുണ്ട്.
ആപ്ലിക്കേഷനുകളിൽ സർവ്വീസ് റിക്വസ്റ്റ് എന്ന ഓപ്‌ഷനിൽ നിന്നും എ.ടി.എം ഓപ്‌ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മാനേജ് കാർഡ് എന്ന ഓപ്‌ഷനിൽ പോയാൽ നിലവിൽ ആവശ്യമില്ലാത്ത എല്ലാ ഓപ്‌ഷനും ഡിസേബിൾ ചെയ്യാൻ സാധിക്കും.
കാർഡ് സ്വിപ്പ് ചെയ്തുള്ള പോസ് ട്രാൻസാക്ഷൻ, ഇ കൊമേഴ്‌സ് ട്രാൻസാക്ഷൻ, ഡൊമസ്റ്റിക് യൂസേജ്, ഇന്റർനാഷണൽ യൂസേജ് തുടങ്ങിയവയിൽ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താൽക്കാലികമായി നിറുത്തിവയ്ക്കാം. പ്രസ്തുത സേവനങ്ങൾ പിന്നീട് ആവശ്യമെങ്കിൽ അപ്പോൾ വീണ്ടും ആപ്ലിക്കേഷൻ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാൻ കഴിയും. ഈ രീതിയിൽ ഉപയോഗത്തിന് ശേഷം താത്കാലികമായി കാർഡിലെ സേവനങ്ങൾ നിറുത്തിവച്ചാൽ കാർഡിലെ വിവരങ്ങൾ പോസെ തട്ടിപ്പ് തടയാനാകുമെന്ന് ബാങ്കുകൾ വ്യക്തമാക്കുന്നു. എ ടി എം വിവരങ്ങൾ ചോർത്തി പണം തട്ടുന്നത് വ്യാപകമായതോടെയാണ്, ഉപയോക്താക്കൾ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.