പൊട്ടിയ പൈപ്പിൻ ചോട്ടിൽ നിരാഹാര സമരം നടത്തിയപ്പോൾ ഒരു മണിക്കൂർ കൊണ്ട് തകരാർ പരിഹരിച്ചു: നാട്ടുകാർക്ക് കുടിവെള്ളം മുടങ്ങിയത് രണ്ടാഴ്ച
വെച്ചൂർ: പൊട്ടിയ പൈപ്പ് നന്നാക്കാൻ എം എൽ എയുടെ നേതൃത്വത്തിൽ സമരം നടത്തി. വാട്ടർ അതോറിറ്റി മൗനം പാലിച്ചപ്പോൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ പൈപ്പിൻ ചോട്ടിൽ നിരാഹാരം കിടന്നു. ഇതോടെയാണ് അധികൃതർക്ക് അനക്കം വച്ചത്. ഒരു മണിക്കൂർ കൊണ്ട് തീർക്കാവുന്ന തകരാർ പരിഹരിക്കാൻ രണ്ടാഴ്ച നാട്ടുകാർക്ക് വെഷം നിഷേധിച്ചു.
വെച്ചൂർ പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ശാന്തിനി രാജീവിൻ്റെ നേതൃത്വത്തിലാണ് വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനു പടിഞ്ഞാറുഭാഗത്തെ പാലത്തിനു സമീപം പൊട്ടിയ പൈപ്പിനരികിൽ പൊരിവെയിലിൽ നിരാഹാരസമരം നടത്തിയത്. കനത്ത ചൂടിനെ അവഗണിച്ച് രാവിലെ 9.30ന് വാർഡ് മെമ്പർ ശാന്തിനിരാജീവ് സമീപവാസികളായ മായ, അജിത, പുഷ്പ എന്നിവർക്കൊപ്പമാണ് നിരാഹാര സമരം ആരംഭിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ അവശനിലയിലായ ശാന്തിനിയെ നാട്ടുകാർ സമീപ പുരയിടത്തിലേക്ക് മാറ്റി. കഴിഞ്ഞ 25നാണ് പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പരന്നൊഴുകി തോടായി മാറിയത്. പലതവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ല.
27ന് കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ച് സി.കെ. ആശ എം എൽ എ യുടെ നേതൃത്വത്തിൽ എൽഡിഎഫ് ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയപ്പോഴും വാർഡ് മെമ്പർ ശാന്തിനി , ആറാം വാർഡ് മെമ്പർ എസ്. ബീന എന്നിവർ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നത് വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വെച്ചൂരിലെ നാല്, ഒൻപത്, 12 വാർഡുകളിലെ നിരവധി വീടുകളിൽ കുടിവെള്ളമെത്തിയിട്ട് ആഴ്ചകളായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാന പൈപ്പ് പൊട്ടി വൻ തോതിൽ വെള്ളം പാഴാകുന്നതിനാൽ വെള്ളത്തിൻ്റെ പ്രഷർ കുറയുന്നതാണ് വീടുകളിൽ വെള്ളമെത്താത്തതിനു കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ബണ്ട് റോഡ് ജംഗ്ഷനു സമീപത്തുള്ള കാളങ്കേരി മായ , കനകമ്മ, ഓമന,നിഷ , തങ്കമ്മ, മറിയക്കുട്ടി, രമണി, കൊച്ചുറാണി, രത്നമ്മ, കോണത്തു ചിറയിൽ അജിത,പുഷ്പ ,ഷീല , തുണ്ടിയിൽസിന്ധു, ആശ, ജനകീയ ഹോട്ടൽ നടത്തിപ്പുകാരി ദീപ്തി, മുരിപ്പത്ത് അംബിക, ചെല്ലമ്മ, രാജമ്മ,അംബി, ഗോമതി പുത്തൻപുര, ഷൈല പനയ്ക്കപ്പാടം, കൊച്ചുത്രേസ്യമങ്ങാരത്ത്, സുജാത വയറോടിത്തറ, ശോഭന പ്രതീഷ് ഭവൻ, കാരിക്കോട് സിന്ധു, ഓമന തുടങ്ങിയവരുടെ വീടുകളിലാണ് ആഴ്ചചകളായി കുടിവെള്ളമെത്താത്തത്.
ഇവരിൽ പലരും സമീപ പഞ്ചായത്തുകളിൽ വാഹനങ്ങളിൽ പോയി കുടിവെള്ളം ശേഖരിച്ചും വെള്ളം വില കൊടുത്തു വാങ്ങിയുമാണ് ഗാർഹികാവശ്യങ്ങൾ നിറവേറ്റുന്നത്. ജനപ്രതിനിധിയുടെ നിരാഹാര സമരത്തെക്കുറിച്ച് അറിഞ്ഞ വാട്ടർ അതോറിറ്റി അധികൃതർ ഉച്ചയോടെ അറ്റകുറ്റപണിയ്ക്കായി ആളെ നിയോഗിച്ചു. വൈകുന്നേരത്തോടെ പൈപ്പിലെ ചോർച്ച മാറ്റി കുടിവെള്ള വിതരണം പുനസ്ഥാപിച്ച ശേഷമാണ് ശാന്തിനിയും വീട്ടമ്മമാരും സമരം അവസാനിപ്പിച്ചത്.