
സ്വന്തം ലേഖകൻ
കൊച്ചി: മൂന്നു മലയാളികളെ അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 27 മുതല്‍ ആര്യയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയിരുന്നു.
ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണുവെന്നാണ് സൂചന. ഇറ്റാ നഗറിലെ ഹോട്ടല്‍ മുറിയിലാണ് നവീന്റെയും ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദേഹമാസകലം മുറിവുകളുണ്ട്. രക്തംവാര്‍ന്ന് മരിച്ചനിലയിലായിരുന്നു. നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവീൻ പുനർജനി എന്നോ മറ്റോ പേരുള്ള സംഘടനയില്‍ അംഗമായിരുന്നുവെന്നും അതില്‍ സാത്താൻ സേവ പോലെ എന്തോ ആണുള്ളതെന്നും ബന്ധുകൂടിയായ മാത്യു പറയുന്നു. ദേവിയും അതില്‍ അംഗമാണെന്നും 13 വർഷമായി വിവാഹം കഴിഞ്ഞെങ്കിലും കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലേയ്ക്ക് ഇരുവരുടെയും മനസ് മാറിയിരുന്നെന്നും ഈ സംഘടനയിലൂടെയാണ് അവർ അരുണാചലിലേക്ക് പോയതെന്നും നാട്ടുകാർ പറയുന്നു.
തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ആയുർവേദ പഠന കാലത്ത് പ്രണയിച്ചാണ് ദേവിയും നവീനും വിവാഹം കഴിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓണ്‍ലൈൻ ട്രേഡിംഗിലേക്ക് തിരിഞ്ഞു. ദേവി തിരുവനന്തപുരത്ത് സ്വാകാര്യ സ്‌കൂളില്‍ ജർമ്മൻ അധ്യാപികയായിരുന്നു. അവിടെവച്ചാണ് ആര്യയുടെ പരിചയത്തിലാകുന്നത്. ഇരുവരും സുഹൃത്തുക്കളാണ്.