
പുഞ്ചിരിക്കുന്ന മുഖവുമായി ചാഴികാടൻ പ്രചാരണം തുടങ്ങി: കോട്ടയം നിലനിർത്താൻ കേരള കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്; മഞ്ഞുരുക്കാൻ ആദ്യമെത്തിയത് ഡി.സി.സി ഓഫിസിൽ; പൂർണ പിൻതുണയുമായി ജില്ലാ കോൺഗ്രസ് നേതൃത്വം
സ്വന്തം ലേഖകൻ
കോട്ടയം: പുഞ്ചിരിക്കുന്ന നിഷ്‌കളങ്കമായ ചിരിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ എത്തി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ സന്ദർശനങ്ങളിൽ ഒന്നിൽ കോൺഗ്രസ് ഓഫിസിലെത്തിയ ചാഴികാടനെ ഇരുകയ്യും നീട്ടി സ്വീകരിച്ചാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഒരു പറ്റം നേതാക്കൾ ചേർന്ന് ആലിംഗനം ചെയ്താണ് ചാഴികാടനെ സ്വീകരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തോമസ് ചാഴികാടൻ ടി.ബി ജംഗ്ഷനിലെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയത്. തിരഞ്ഞെടുപ്പിന്റെ സജീവ ചർച്ചകളിലായിരുന്നു ഈ സമയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പ്രവർത്തകർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഓരോ പ്രവർത്തകരെയും വ്യക്തിപരമായി അടുത്തറിയാവുന്ന തോമസ് ചാഴികാടൻ ഓരോരുത്തരോടും കുശലം പറയുകയും, സുഹൃദം പുതുക്കുകയും ചെയ്തു. തുടർന്ന് അരമണിക്കൂറോളം ജോഷി ഫിലിപ്പുമായി സംസാരിച്ച തോമസ് ചാഴികാടൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ച ചെയ്തു.
ജോസ് കെ.മാണിയുടെ പിൻഗാമിയായ വികസനതുടർച്ചയ്ക്കു വേണ്ടിയാണ് ഇക്കുറിയും കേരള കോൺഗ്രസും യുഡിഎഫും വോട്ട് തേടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജില്ലയിൽ എത്തിച്ച വൻ വികസന പദ്ധതികൾ തന്നെയാകും ഇക്കുറിയും മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം.

രാഷ്ട്രീയമല്ല വികസനം തന്നെയാവും ഇക്കുറിയും മണ്ഡലത്തിലെ വിധി നിർണ്ണയിക്കുക എന്ന് ഉറച്ച് വിശ്വസിച്ചാണ് കേരള കോൺഗ്രസും യുഡിഎഫും പ്രചാരണം നടത്തുന്നത്. കോട്ടയത്തെ ജനങ്ങൾക്ക് നേരിട്ട് അനുഭവമായ ട്രിപ്പിൾ ഐടിയും, ഒരു പിടി വിദ്യാഭ്യാസ ഹബുകളും, റെയിൽവേ സ്‌റ്റേഷൻ വികസനവും, സ്‌കൂളുകൾക്ക് ലഭിച്ച അംഗീകാരവും എല്ലാം ഇക്കുറി വോട്ടായി മാറുമെന്നാണ് കേരള കോൺഗ്രസിന്റെ പ്രതീക്ഷ.