
പ്രണയാഭ്യർത്ഥന നിരസിച്ചു: തിരുവല്ല നഗരമധ്യത്തിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ യുവാവിന്റെ ശ്രമം: കൊടുംക്രൂരത നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കേ; പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തി
സ്വന്തം ലേഖകൻ
തിരുവല്ല: നഗരമധ്യത്തിൽ നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കെ യുവാവ് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ റാന്നി അയിരൂർ സ്വദേശി കവിത വിജയകുമാറിനെ (18) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബിരുദ വിദ്യാർത്ഥിയായ അജിൻ റെജി മാത്യു (18)വിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ തിരുവല്ല ചിലങ്ക തീയറ്ററിനു സമീപത്തെ റോഡിലായിരുന്നു സംഭവം.
പ്ലസ്ടു മുതൽ ഒരുമിച്ച് പഠിച്ച യുവതിയും യുവാവും പ്രണയത്തിലായിരുന്നു. ഇതിനിടെ നിരവധി തവണ അജിൻ വിവാഹാഭ്യർഥന നടത്തി. എന്നാൽ, യുവതി ഒഴിഞ്ഞു മാറി. വീട്ടുകാരോടു കാര്യങ്ങൾ സംസാരിച്ചെങ്കിലും ഇവർ വിവാഹത്തിനു തയ്യാറായില്ല. ഇതേ തുടർന്ന് യുവാവ് നിരന്തരം യുവതിയെ ശല്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച രാവിലെ യുവതി പഠിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ അജിൻ ബൈക്കിലെത്തി. തുടർന്ന് കൈയിൽ കരുതിയ പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ച് ഇയാൾ തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് വെള്ളമൊഴിച്ച് തീ കെടുത്തി യുവതിയെ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് സാഹസികമായി പിടികൂടി. തുടർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.