play-sharp-fill
‘മദ്യത്തേക്കാള്‍ പ്രശ്നമുണ്ടാക്കുന്ന കാര്യമാണ് അടുപ്പിച്ച്‌ പാല്‍ കുടിക്കുന്നത്; കിട്ടുന്നതില്‍ ഭൂരിഭാഗവും ഹോര്‍മോണ്‍ ഇൻജക്റ്റ് ചെയ്തത്; കാൻസര്‍ മുതല്‍ ഹൃദ്രോഗം വരെ ഉണ്ടാവും’; പാല്‍ കുടിക്കുന്നവര്‍ക്ക് ഡോക്ടറുടെ അവസാന മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം എന്ത്….?

‘മദ്യത്തേക്കാള്‍ പ്രശ്നമുണ്ടാക്കുന്ന കാര്യമാണ് അടുപ്പിച്ച്‌ പാല്‍ കുടിക്കുന്നത്; കിട്ടുന്നതില്‍ ഭൂരിഭാഗവും ഹോര്‍മോണ്‍ ഇൻജക്റ്റ് ചെയ്തത്; കാൻസര്‍ മുതല്‍ ഹൃദ്രോഗം വരെ ഉണ്ടാവും’; പാല്‍ കുടിക്കുന്നവര്‍ക്ക് ഡോക്ടറുടെ അവസാന മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം എന്ത്….?

കോഴിക്കോട്: കേരളത്തിലെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളില്‍, ‘പാല്‍ കുടിക്കുന്നവർക്ക് അവസാന മുന്നറിയിപ്പ്, പാല്‍ കുടിച്ചാലുണ്ടാവുന്നത് മാരക രോഗങ്ങള്‍’ എന്ന പേരില്‍ ഒരു വീഡിയോ വൈറല്‍ ആവുകയാണ്.

ഡോക്ടറാണെന്ന് പറയുന്ന ഒരു വ്യക്തി ഇതില്‍ അതി ഗുരുതമായ പ്രശ്നങ്ങളാണ് പറയുന്നത്. ‘പാല്‍ കാൻസർ ഉണ്ടാക്കുമെന്നതിന് ആവശ്യം പോലെ പഠനങ്ങള്‍ ഉണ്ട്. ആ പഠനങ്ങള്‍ ഞാൻ കാണിച്ചുതരാം.

മദ്യത്തേക്കാള്‍ പ്രശ്നമുണ്ടാക്കുന്ന കാര്യമാണ് അടുപ്പിച്ച്‌ പാല്‍ കുടിക്കുന്നത്. പാലുമായി ബന്ധപ്പെട്ട് അത് ചായയായിക്കോട്ടെ, ജ്യൂസ് ആയിക്കോട്ടെ, കഴിക്കുന്നത് പ്രശ്നമാണ്. നമുക്ക് കിട്ടുന്ന പാലില്‍ ഭൂരിഭാഗവും ഹോർമോണ്‍ ഇൻജക്റ്റ് ചെയ്തതാണ്. അതുവഴി പശുവിന്റെ ശരീരത്തിലെ ഇൻസുലിന്റെ ഗ്രോത്ത് ഫാക്ടർ കൂട്ടുകയും, അത് പാലിലുടെ നമ്മള്‍ എടുക്കുമ്പോള്‍ മാരക രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഹാർട്ട് ഡിസീസ് വരെ ഉണ്ടാവും. മരണം വരെ പാലുകുടിക്കുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. വേറെ ഒരു ജീവിയും, മരിക്കുന്നിടം വരെ പാലുകുടിക്കുന്നില്ല. പശുക്കുട്ടി പാലുകുടിച്ച്‌ ഒരു പ്രായം കഴിഞ്ഞ വീണ്ടും കുടിക്കാൻ വന്നാല്‍ പശു തൊഴിച്ച്‌ കളയും. ‘വേറെവല്ലതും പോയി തിന്നൂ’ എന്ന നിലയില്‍. അതുപോലെ പട്ടിക്കുട്ടിയായാലും വേറെ എന്ത് ജീവിയായാലും ഇങ്ങനെയാണ് കാര്യങ്ങള്‍. മനുഷ്യൻ ഇങ്ങനെ മരണം വരേക്കും കൂട്ടികളെപ്പോലെ പാല് കുടിച്ചോണ്ടിരിക്കും. നമ്മുടെ 80 വയസ്സായ അമ്മൂമ്മമാർ വരെ പാലുകുടിച്ച്‌ കൊണ്ടിരിക്കയാണ്”- വീഡിയോയില്‍ ഡോക്ടർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കയാണ് ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ശാസ്ത്രലോകം ബൈജുരാജ്. തന്റെ പുതിയ വീഡിയോയില്‍ ബൈജുരാജ്, പൊളിച്ചടുക്കുന്നത് ഈ ഭീതി വ്യാപാരത്തെയാണ്.

പാലുകുടിയുടെ ചരിത്രം

വീഡിയോയില്‍ ശാസ്ത്രലോകം ബൈജുരാജ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. -‘പല ആളുകളും കളിയാക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് മനുഷ്യരല്ലാതെ മറ്റൊരു ജീവിയും പാലു കുടിക്കുന്നില്ല എന്നത്. ഈ വീഡിയോയില്‍ ഡോക്ടർ ആണെന്നു പറയുന്ന ഇദ്ദേഹവും പറയുന്നത് അതുതന്നെയാണ്. ശരിയാണ് മറ്റൊരു ജീവിയും ഇതുപോലെ പാല് കുടിക്കാറില്ല. പക്ഷേ മനുഷ്യർക്ക് മറ്റൊരു ജീവിക്കും ഇല്ലാത്ത ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. മനുഷ്യരാണെങ്കില്‍ വീട് കെട്ടി ചൂടും തണുപ്പുമെല്ലാം നിയന്ത്രിച്ച്‌ കഴിയുന്നു. വസ്ത്രമിടുന്നു. വിമാനത്തില്‍ പറക്കുന്നു. അങ്ങനെ പല പല കാര്യങ്ങളും ചെയ്യുന്നു.

എന്തിന്, ഒരു മഴ വന്നാല്‍ മറ്റുജീവികള്‍ നനയും. അല്ലെങ്കില്‍ മരത്തിന്റെയോ മറ്റോ അടിയിലോ പോയിരിക്കും. എന്നാല്‍ മനുഷ്യരോ. കുടപിടിച്ച്‌ അവർ യാത്ര തുടരും. അതാണ് മനുഷ്യന്റെ പ്രത്യേകത. അവൻ മറ്റുജീവികളില്‍ നിന്ന് വ്യത്യസ്തനാണ്.

സാധാരണ കുഞ്ഞുങ്ങളാണ് പാലുകുടിക്കുന്നത്. മനുഷ്യരില്‍ അമ്മയില്‍ നിന്ന് ആദ്യം വരുന്നത് കട്ടിയേറിയ മഞ്ഞ നിറത്തിലുള്ള, പാലായിരിക്കും. അത് കുഞ്ഞിന്റെ വളർച്ചക്ക് അത്യാവശ്യമാണ്. എന്നാല്‍ പിന്നീട് അമ്മയില്‍ നിന്നുള്ള പാലിന്റെ കട്ടി കുറയുന്നു. കുട്ടി അത് കഴിച്ച്‌ വളരും, മാക്സിമം രണ്ടോ മൂന്നോ വർഷം ഇത് തുടരും. പിന്നീട് അത് കുടിക്കാതാവും.

ഈ വീഡിയോയില്‍ 80 വയസ്സുള്ള അമ്മൂമ്മ വരെ പാല് കുടിച്ചോണ്ടിരിക്കു എന്ന് പറയുന്നു. ഇതിനത്ഥം തന്നെ 80 വയസ്സും 90 മൊക്കെയുള്ള അമ്മൂമ്മാർക്ക് പാലുകുടിച്ചിട്ടും കാര്യമായ പ്രശ്നങ്ങള്‍ ഇല്ല എന്നാണെല്ലോ.

ഏകദേശം 6000 വർഷങ്ങള്‍ക്ക് മുന്നേ മനുഷ്യർ പാല് കുടിക്കില്ലായിരുന്നു. പാല് അഥവാ ലാക്ടോസ് ദഹിപ്പിക്കാനുള്ള ജീനുകള്‍ ഒന്നും മനുഷ്യർക്ക് ഇല്ലായിരുന്നു. ഏകദേശം 4000 വർഷങ്ങള്‍ക്ക് മുൻപാണ് ആഫ്രിക്കയിലെ മനുഷ്യർ പാല് കുടിച്ച്‌ തുടങ്ങിയത്. അന്ന് പശുവിനെയും ആടിനെയുമൊന്നും മനുഷ്യൻ വളർത്തിയിട്ടില്ലായിരുന്നു. എന്നാല്‍ ചെമ്മരിയാടിനെ വളർത്തുമായിരുന്നു. ശുദ്ധജലം ലഭിക്കാത്തതിനെ തുടർന്നാണ് അവർ പാലുകുടിച്ച്‌ തുടങ്ങിയത്. പക്ഷേ അന്ന് പാല് ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യന് ഇല്ലായിരുന്നു. വെള്ളത്തിന്റെ പോരായ്മ അവർ അന്ന് അങ്ങനെ അകറ്റി. പിന്നീടാണ് മനുഷ്യന് പാല് ദഹിപ്പിക്കാനുള്ള കഴിവ് ഉണ്ടാവുന്നത്. അങ്ങനെയുള്ള ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുകയും കൂടുതല്‍ മക്കളുണ്ടാവുകയും ചെയ്തപ്പോള്‍, അവരുടെ പരമ്പര ലോകം മുഴുവനും വ്യാപിക്കുകയും, അങ്ങനെ നമുക്ക് ലാക്ടോസ് ദഹിപ്പിക്കാനുള്ള കഴിവ് ഉണ്ടാവുകയും ചെയ്തു. ഇത് വലിയൊരു വഴിത്തിരിവായിട്ടാണ് ശാസ്ത്രലോകം പറയുന്നത്.

നമുക്ക് ആഹാരം ലഭിക്കുവാനായിട്ട് ആടിനെയും പശുവിനെയും കൊന്ന് തിന്നാം. പക്ഷേ അതോടെ ആ ജീവി ഇല്ലാതാവും. എന്നാല്‍ പാലു കുടിച്ചാലോ. പശൂവിന്റെയോ, ആടിന്റെയോ അൻ‌പതോ നുറോ ഇരിട്ട് ഭാരമുള്ള പാല് അവയുടെ ജീവിതകാലം വരെയും എടുക്കാം. അപ്പോള്‍ ഒരു ജീവിയെ കൊല്ലാതെ തന്നെ ആഹാരം ലഭിക്കുന്നതിനുള്ള നല്ലൊരു കാര്യമാണ് പാല് കുടിക്കയെന്നത്. ”- ബൈജുരാജ് ചൂണ്ടിക്കാട്ടുന്നു.

ഹോർമോണുകള്‍ മനുഷ്യനെ ബാധിക്കില്ല

അടുത്തതായി പശുക്കള്‍ക്കും ആടുകള്‍ക്കും പാല് കൂടുവാനായി ഹോർമോണ്‍ കുത്തിവെക്കുന്നുണ്ടോ എന്ന ചോദ്യത്തിലേക്കാണ് ബൈജുരാജ് കടക്കുന്നത്. അദ്ദേഹം വീഡിയോ ഇങ്ങനെ തുടരുന്നു.-‘ മാടുകള്‍ക്ക് ഹോർമോണ്‍ കുത്തിവെക്കുന്നുണ്ട്. 1950 മുതല്‍ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ ഇസ്റ്ററോണ്‍, ടെസ്റ്റോസ്റ്റിറോണ്‍ തുടങ്ങിയവ പാല് കൂടുന്നതിനായി കൊടുക്കാമെന്ന് അംഗീകരിച്ചിട്ടുണ്ട്. ഇവ പാലിലെ പ്രോട്ടീൻ നിക്ഷേപം, കന്നുകാലികളുടെ വളർച്ചാ നിരക്ക് എന്നിവ മെച്ചപ്പെടുത്തും. അപ്പോള്‍ പശുവിലേക്ക് ഹോർമോണ്‍ കുത്തിവെക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

പക്ഷേ ഇത് മനുഷ്യനെ ബാധിക്കുമോ. ഈ വളർച്ചാ ഹോർമോണുകള്‍ ഒന്നും മനുഷ്യനെ ബാധിക്കില്ല. നമ്മുടെ അകത്ത് പോയാല്‍ ഇവ ആക്റ്റീവ് ആയിരിക്കില്ല. കാരണം നമ്മെ ബാധിക്കുന്ന രീതിയിലല്ല ഇവയുടെ ഘടന. അതുകൊണ്ടുതന്നെ വളർച്ചാ ഹോമോണുകള്‍ മനുഷ്യർക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല എന്ന് എഫ്ഡിഎ പറയുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഈ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ ഒക്കെയും വാസ്തവ വിരുദ്ധമാണ്. നിങ്ങള്‍ക്ക് ധൈര്യമായിട്ട് പാലുവാങ്ങിയിട്ട് കുടിക്കാം. മുതിർന്ന ആളുകള്‍ ആണെങ്കില്‍, കൊഴുപ്പു കുറഞ്ഞ പാല്‍ ഉപയോഗിക്കാനായിട്ട് ശ്രദ്ധിക്കാം. പാലിനകത്ത് പ്രോട്ടീനും മിനറല്‍സും കാത്സ്യവുമെല്ലാം ധാരാളം ഉള്ളതിനാല്‍, മുതിർന്ന ആളുകള്‍ക്കും കുട്ടികള്‍ക്കും അത് ഒരുപോലെ ഗുണം ചെയ്യും. ”- ബൈജു രാജ് പറയുന്നു.