സ്വന്തം ജീവനക്കാർ ജീവിച്ചിരിക്കുന്നുണ്ടോയെന്നുപോലും അറിയാത്ത കോർപ്പറേഷൻ…! പരേതനായ കോട്ടയം സ്വദേശിയായ ജീവനക്കാരനെ കട്ടപ്പന ഡിപ്പോയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കി കെ.എസ്.ആര്‍.ടി.സി; വിവാദമായതോടെ പുതിയ ഉത്തരവിറക്കി തലയൂരി

Spread the love

കോട്ടയം: മാസങ്ങള്‍ക്ക് മുൻപ് മരിച്ചു പോയ ജീവനക്കാരനെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കി കെ.എസ്.ആർ.ടി.സി.

കഴിഞ്ഞ ഡിസംബർ 31-ന് അന്തരിച്ച ജീവനക്കാരനെയാണ് കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റം’ അനുവദിച്ച്‌ കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കിയത്. കെ.എസ്.ആർ.ടി.സി.യില്‍ ഇൻസ്പെക്ടറായിരുന്ന മുട്ടപ്പള്ളി എഴിക്കാട്ടുവീട്ടില്‍ ഇ.ജി. മധു(54)നെയാണ് കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്.

ആദ്യ ഉത്തരവില്‍ 13-ാമത്തെ പേരുകാരനായിരുന്നു മധു. ലിസ്റ്റില്‍ മധുവിന്റെ പേരും ഇടംപിടിച്ചതോടെ സംഭവം വിവാദമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം ജീവനക്കാർ ജീവിച്ചിരിക്കുന്നുണ്ടോയെന്നുപോലും അറിയാത്ത കോർപ്പറേഷനെതിരേ സമൂഹമാധ്യമങ്ങളില്‍ വിമർശനമുയർന്നതോടെ പരേതനെ ഒഴിവാക്കി പുതിയ ഉത്തരവിറക്കി. മധുവിന്റെ സ്ഥലംമാറ്റം കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചർച്ചയായതോടെ പിഴവ് അദ്ദേഹം ജോലിചെയ്തിരുന്ന ഡിപ്പോ അധികാരികള്‍ കോർപ്പറേഷനെ അറിയിച്ചു.

അദ്ദേഹത്തിന്റെ പേര് ഒഴിവാക്കി ഭേദഗതി ഉത്തരവ് അതേ നമ്പറില്‍ തന്നെ ഇറക്കുകയും ചെയ്തു.
ദീർഘകാലം എരുമേലി സബ്സെന്ററില്‍ സേവനം ചെയ്ത ഇദ്ദേഹത്തിനെ സ്റ്റേഷൻ മാസ്റ്ററായിരിക്കെ മുൻപ് ‘പാലക്കാട് വിജിലൻസ് സ്‌ക്വാഡിലേക്ക് മാറ്റിയിരുന്നു. ശബരിമല തീർത്ഥാടനവേളയില്‍ പമ്പയില്‍ പ്രവർത്തിക്കുകയായിരുന്നു ഡിസംബറില്‍. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം എരുമേലി ഓപ്പറേറ്റിങ് സെന്ററില്‍ ജനുവരി ഒന്നിന് പൊതുദർശനത്തിന് വെച്ചിരുന്നു. കോർപ്പറേഷൻ സി.എം.ഡി. ഉള്‍പ്പെടെ ഉന്നതാധികാരികള്‍ക്കുവേണ്ടി റീത്ത് സമർപ്പിക്കുകയും ചെയ്തു.

മരണസർട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ ഹാജരാക്കി സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ സർവീസ് കാര്യങ്ങള്‍ക്കെല്ലാം അപേക്ഷകള്‍ ഉന്നതാധികൃതർക്കെല്ലാം പോയതാണ്. സർവീസ് റോളില്‍ നിന്ന് പരേതനെ നീക്കം ചെയ്യാഞ്ഞതാണ് പ്രശ്‌നമായതെന്നാണ് സൂചന.